ചവറ (കൊല്ലം): വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണോദ്ഘാടനവും പന്മന ആശ്രമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. മഹാഗുരുവര്‍ഷം 2024 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കും സമാധി ശതാബ്ദി ആചരണം.
ചട്ടമ്പിസ്വാമിയെ സ്മരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ജാതിമത ഭേദമില്ലാതെ ഒരു ലോകം, ഒരു ജനത എന്ന തത്വത്തില്‍ ജീവിച്ച സര്‍വജ്ഞനും കേരളീയ സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവുമായിരുന്നു ചട്ടമ്പി സ്വാമികള്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു.
ആത്മീയ ചിന്തയുടെ മഹത്വം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ച ഗുരുപരമ്പരയില്‍ പ്രധാനിയാണ്. സകല സൃഷ്ടിയിലുമുള്ള ദേവ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഭാരതീയ ആത്മീയ ചിന്ത ഉപദേശിക്കുകയും, ഈ ചിന്ത എല്ലാവരിലും ബാല്യം മുതല്‍ ഉണ്ടാകണമെന്നും സ്വാമി ആഗ്രഹിച്ചിരുന്നു.
ലോകമംഗളത്തിന് കര്‍മം ചെയ്യൂ, ഫലം ആഗ്രഹിക്കരുത് എന്നതായിരുന്നു സ്വാമിയുടെ നയം. സ്വാമികളുടെ വേഷം സാധാരണമായിരുന്നെങ്കിലും പ്രവര്‍ത്തികള്‍ അസാധാരണമായിരുന്നു. കേരളത്തിന് വെളിച്ചം പകര്‍ന്ന ചട്ടമ്പിസ്വാമികളുടെ പുരോഗമനചിന്തകളും, ദര്‍ശനങ്ങളും ലോകമാകെ പ്രചരിപ്പിക്കാനും വരുംതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിളംബരപത്രിക ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാതിഥിയായിരുന്നു. സമൂഹത്തെ സമത്വത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ഉതകുന്ന ആശയമാണ് ചട്ടമ്പിസ്വാമികള്‍ ലോകത്തിനു മുന്നില്‍ വച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു.
കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റിവച്ച് കാലത്തിനനുസൃതമായി മാറണമെന്ന ചിന്ത മുന്നോട്ടുവച്ച മഹാഗുരുവാണ് ചട്ടമ്പിസ്വാമി. ഭരതീയ ദര്‍ശനങ്ങളുടെ അന്തസത്ത പലരുടെയും ശ്രമ ഫലമായി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്. അതിനെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്.
സനാതന ധര്‍മ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു കൊണ്ടല്ല, അതിനെ ഉള്‍ക്കൊള്ളുകയും അതിനെ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തി ശരിയായ രീതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാലാകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ജനിച്ചിട്ടുള്ള മഹാഗുരുക്കന്മാര്‍ ചെയ്തിട്ടുള്ളത്.
വൈദേശിക പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ സനാതന ധര്‍മ പാരമ്പര്യത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് സമാധി ശതാബ്ദി ആചരണം നടക്കുന്നത്. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കുന്നതിനായി കരിക്കുലം കമ്മിറ്റിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മഹാഗുരു വര്‍ഷം പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
മഹാഗുരുവര്‍ഷം സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിച്ചു. മഹാഗുരുവര്‍ഷം മുഖ്യരക്ഷാധികാരി വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണമിഷന്‍ സ്വാമി സ്വപ്രഭാനന്ദ, കാസര്‍കോട് ചിന്മയമിഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, മഹാഗുരുവര്‍ഷം സംസ്ഥാന കോര്‍ഡിനേഷന്‍ ജയകുമാര്‍ രാജാറാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: