ഖാര്തും: സുഡാനില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനും കലാപങ്ങള്ക്കുമിടെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ വിവിധ രാജ്യങ്ങളുമായും ഐക്യരാഷ്ട്രസഭയുമായും സഹകരിക്കുന്നു.യുഎസ്, യുകെ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് നിര്‍ണായക ഇടപെടല്‍ നടത്താനാകുമെന്നതിനാല്‍ അവരുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യയിലെയും യുഎഇയിലെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും എല്ലാ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ന്യൂദല്‍ഹിയില്‍ പ്രത്യേക കണ്ട്രോള് റൂമും തുറന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ സമൂഹവുമായി ഖാര്‍തുമിലെ എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം വ്യക്തികളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സുഡാനിലെ തെരുവുകളിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്നും ഈ ഘട്ടത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അപകടകരമാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.സുഡാനില്‍, അര്‍ദ്ധസൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള പോരാട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി 185 പേര് കൊല്ലപ്പെടുകയും 1,800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച അവസാനം പൊട്ടിപ്പുറപ്പെട്ട കലാപം മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുന്നത്. അതേസമയം പല പ്രദേശങ്ങളിലും അവശ്യസാധനങ്ങളുടെ ലഭ്യത കുറയുകയാണ്.
സൈന്യവും എതിരാളികളായ അര്‍ദ്ധസൈനിക വിഭാഗം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തി. തലസ്ഥാനവും മറ്റ് ജില്ലകളും സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: