കുമളി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി ഉത്സവം മേയ് അഞ്ചിന് നടക്കും. കേരള- തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായാണ് ചടങ്ങുകള്‍ നടത്തുന്നത്. ചൈത്ര പൗര്‍ണമി ദിവസം മാത്രമാണ് ഇവിടെ പൂജ. കേരളത്തിന്റെയും തമിഴ്നാടിന്റേയും ആചാര രീതികള്‍ അനുസരിച്ചാണിത്.
രാവിലെ ആറുമണി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ഇടുക്കി, തേനി ജില്ലാ ഭരണാധികാരികളും പോലീസ് മേധാവിമാരും യോഗം ചേര്‍ന്നാണ് ആഘോഷങ്ങള്‍ക്ക് രൂപം നല്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേര്‍ന്നു.
പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ 13 കിലോമീറ്റര്‍ മലമുകളിലേക്ക് യാത്ര ചെയ്താല്‍ പുരാതന ക്ഷേത്രമായ മംഗളാദേവിയില്‍ എത്തിച്ചേരാം. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പാസ് നല്കിയിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഉച്ചയ്‌ക്ക് 2.30ന് ശേഷം പ്രവേശനമില്ല.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 13,377 മീറ്റര്‍ ഉയരത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണകി ക്ഷേത്രം. ആയിരകണക്കിന് ഭക്തരാണ് ചിത്രാപൗര്‍ണമി ദിനത്തില്‍ ഇവിടെയെത്തുന്നത്. ചിലപ്പതികാരം കാലഘട്ടത്തെ കണ്ണകി-കോവിലന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് മംഗളാദേവി ക്ഷേത്രത്തിന്റെ ഉത്പത്തിക്ക് ആധാരം. പുരാതന ക്ഷേത്രത്തിന്റെ ബാക്കി ഭാഗങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
















