ന്യൂദല്‍ഹി:നാല് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് തപൻ ദേക്കയെ രഹസ്യാന്വേഷണവകുപ്പ് (ഇന്‍റലിജന്‍സ് ബ്യൂറോ) മേധാവിയായി മോദി സർക്കാർ നിയമിച്ചിരിക്കുകയാണ്. മതതീവ്രവാദം,വടക്കു കിഴക്കൻ കാര്യങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള തപൻ ദേക്ക ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്തതിന്റെ ക്രെഡിറ്റുള്ള ആക്ഷൻ മാൻ കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണത്തിന്റെ നട്ടെല്ലായ അജിത് ഡോവലിന്റെ പിന്‍ഗാമിയായി തപന്‍ ദേക്കയെ മാധ്യമങ്ങള്‍ ഇപ്പൊഴേ വിശേഷിപ്പിച്ചു തുടങ്ങി.
കശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻസ് മേധാവിയായിരുന്നു തപൻ ദേക്ക. മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്‍റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, ഇന്‍റലിജൻസ് ബ്യൂറോ (ഇന്ത്യ) സ്പെഷ്യൽ ഡയറക്ടർ എന്നീ നിലകളിൽ തപൻ ദേക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. അസമിലെ പൗരത്വ നിയമ പ്രതിഷേധത്തിനിടെ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപദേശപ്രകാരം തപൻ ദേകയാണ് പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത് സാധാരണനിലയിലാക്കിയത്.
2008 ലെ അസം ബോംബ് സ്‌ഫോടന കേസിന്റെ അന്വേഷണത്തിന് പിന്നിലെ സൂത്രധാരനായിരുന്നു തപൻ ദേക്ക. പത്താൻകോട്ട് വ്യോമത്താവള ആക്രമണം, പുൽവാമ ആക്രമണം എന്നിവയുടെ അന്വേഷണവും ദേക്ക കൈകാര്യം ചെയ്തു, നേപ്പാളിൽ നിന്ന് ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസിൻ ഭട്കലിന്റെ അറസ്റ്റിന് പിന്നിലെ തലച്ചോര്‍ ദേക്കയാണ്.ബാലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്കിലെ പ്രധാന ഉദ്യോഗസ്ഥനാണ് ദേക്ക എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: