കാഞ്ഞിരപ്പള്ളി: ടാപ്പിങ് മെഷീനുകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. 80 ശതമാനം സ്ബസിഡി നിരക്കില്‍ ഉല്പാദക സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തമ്പലക്കാട് റബ്ബര്‍ ഉത്പാദക സംഘത്തില്‍ സംഘടിപ്പിച്ച ഓട്ടോമാറ്റഡ് ടാപ്പിങ് മെഷീന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭോലോനാഥ് പ്രിസിഷന്‍ എന്‍ജിനീയര്‍ പ്രൈ. ലിമിറ്റഡ് കമ്പനിയുടെ ടാപ്പിങ് മെഷീനാണ് നിലവില്‍ അംഗീകാരമുള്ളത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 700 മരം ടാപ്പ് ചെയ്യാനാകും. ബിഎച്ച്ആര്‍ടി 2000, ബിഎച്ചആര്ടി 3000 വിടി എന്നീ രണ്ടു മോഡലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
30,000 രൂപ വിപണി വിലയുള്ള മെഷീന് റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ വഴി ആറായിരം രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്എംഎഎം (സബ് മിഷന് ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍) വഴിയാണ് സബ്സിഡി ലഭ്യമാകുന്നത്. ടാപ്പിങ് അറിയാത്തവര്‍ക്കും മെഷീന് അനായാസം ഉപയോഗിക്കാനാവും. കാഞ്ഞിരപ്പള്ളി റബ്ബേഴ്സ് വഴി ഏപ്രില്‍ 15 മുതല്‍ വിതരണം ആരംഭിക്കും.
ട്രെയിനിങ് പരിപാടിയില്‍ റബ്ബര്‍ ബോര്‍ഡ് മെമ്പര്‍മാരായ പി. രവീന്ദ്രന്, ജോര്‍ജ്ജുകുട്ടി ടി.പി., കോര സി. ജോര്‍ജ്ജ്, തമ്പലക്കാട് റബ്ബര്‍ ഉല്പാദക സംഘം പ്രസിഡന്റ് ജോണ്‍ കപ്പിയാങ്കല്‍, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.ജി. സുനില്‍ എന്നിവര്‍ സംസാരിച്ചു. ഭോലാനാഥ് കമ്പനി മാനേജര്‍ അമല്‍ തോമസ് ക്ലാസുകള്‍ നയിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും 150 കര്‍ഷകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: