ആത്മീയതയില്‍നിന്നും വിടുതി നേടാനാവാത്തവിധം അതിന്റെ സാത്വിക പാഠങ്ങളെ ഉള്‍ക്കൊണ്ട് രചന നടത്തിയ എഴുത്തുകാരനാണ് ഒ.വി. വിജയന്‍. ധന്യാത്മകമായ ഭാഷയും താപസമാനമാര്‍ന്ന ഭാവവും അതിനായി ബോധപൂര്‍വം സൃഷ്ടിച്ചു. പിന്നീടത് സ്വാഭാവികമായ രചനാരീതിയായി മാറുകയാണുണ്ടായത്. ഒ.വി. വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ആന്തരികയാത്രകളെ തിരിച്ചറിയുവാനോ ഉള്‍ക്കൊള്ളുവാനോ ആധുനിക നിരൂപകരില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തില്‍ വിജയന്റെ രചനകളെ തളച്ചിട്ടുകൊണ്ട് അവര്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഖസാക്ക് നിരൂപണമൊക്കെ അങ്ങനെയുണ്ടായതാണ്. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ ഉപരിപ്ലവമായ കാഴ്ചകളില്‍ അഭിരമിക്കുകയാണ് നിരൂപകര്‍. ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ തുനിഞ്ഞില്ല എന്നു സാരം.
ഖസാക്ക് നിരൂപണങ്ങള്‍ തീര്‍ത്തും തെറ്റായ കാഴ്ചപ്പാടായിരുന്നുവെന്ന് ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തില്‍ ഒ.വി. വിജയന്‍ പറഞ്ഞുവയ്‌ക്കുന്നുണ്ട്. ”രവിയെ അസ്തിത്വവാദിയായി നി
ര്‍വചനത്തിന്റെ കള്ളിയിലൊതുക്കുന്നത് അന്യായമായിരിക്കും. പാശ്ചാത്യമാതൃകകളില്ലാതെ പിടിച്ചുനില്‍ക്കാന്‍ വയ്യെന്നു വരുന്നത് മലയാളിയുടെ കൊളോണിയല്‍ വിധേയത്വമായിരിക്കും. രവി അസ്തിത്വവാദിയായിട്ടുണ്ടെങ്കില്‍, അത് എന്റെ അറിവോടുകൂടിയല്ല എന്നേ എനിക്ക് പറയാനാവൂ. അങ്ങനെ സംഭവിക്കുന്നത് അസംബന്ധമാണെന്നും പറയാതെ വയ്യല്ലോ.
”നാം പടിഞ്ഞാറിന് പിന്നിലാകുന്നത് പടിഞ്ഞാറിന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി സാഹിത്യരചന നടത്തുമ്പോഴാണ്. ഭാരതീയ ദര്‍ശനങ്ങളുടെ സമൃദ്ധിയില്‍ ഊന്നിനിന്നുകൊണ്ട്, ഉപനിഷല്‍ ഗര്‍വ്വത്തില്‍ നാം പറഞ്ഞേ തീരൂ, നാം പിന്നിലല്ല, മുന്നിലാണ്! നമ്മുടെ മിസ്റ്റിസിസത്തെ ഇന്തോ-ആംഗ്ലിയന്മാര്‍ക്കും പടിഞ്ഞാറിനും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, നാം അവര്‍ക്കുവേണ്ടി നമ്മുടെ രചനയെ വെട്ടിച്ചുരുക്കുകയല്ല, അവരുടെ ശുഷ്‌കമായ അവബോധത്തെയോര്‍ത്ത് സഹതപിക്കുകയാണ് വേണ്ടത്” എന്നുകൂടി വിജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രവിയുടെ പ്രയാണത്തിന്റെ പരിസമാപ്തിയാണല്ലോ ‘ഖസാക്കിന്റെ ഇതിഹാസം.’ മനുഷ്യനും
മറ്റു ജീവജാലങ്ങളും പ്രകൃതിയും പരസ്പരം ബന്ധിച്ചിരിക്കുന്ന പ്രപഞ്ചത്തിന്റെ പൊരുള്‍ മനസ്സിലാക്കിയിരുന്ന രവി ആ സത്യത്തിലേക്കാണ് സഞ്ചരിച്ചത്. ഖസാക്കിലെ കുട്ടികള്‍ക്ക് രവി പറഞ്ഞുകൊടുത്തതും പ്രപഞ്ചത്തിന്റെ പൊരുളാണ്. ഓന്തുകളുടെ ചരിത്രം പറഞ്ഞിട്ട് മനുഷ്യന്റെ കര്‍മ്മപരമ്പരയുടെ സ്നേഹരാഹിത്യം അവരെ ഓര്‍മ്മിപ്പിക്കുന്നു. ഒരു സായാഹ്നത്തില്‍ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥ പറഞ്ഞുകൊടുത്തിട്ട് അതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേ ഉള്ളൂവെന്ന് രവി പരിതപിക്കുന്നുണ്ട്. ഒരാള്‍ ചെമ്പകമരമായി പ്രകൃതിയിലിരിക്കുമ്പോള്‍ മറ്റെയാള്‍ പെണ്‍കുട്ടിയായി പു
നര്‍ജനിക്കുന്നു. പരസ്പരം മറക്കില്ല എന്ന കരാര്‍ അപ്പോഴേക്കും മാഞ്ഞുപോയിരുന്നു. ”കണ്ണില്‍ സുറുമയും കാലില്‍ തളയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചുനിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ച് പൂനുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലേ.”
ഭൗതികജീവിതത്തില്‍ പാരസ്പര്യവും സാഹോദര്യവുമൊക്കെ എത്ര വേഗത്തിലാണ് അഴിഞ്ഞുപോകുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. പ്രകൃതിയുമായുള്ള സാഹോദര്യം പോലും മനുഷ്യന്‍ വിച്ഛേദിച്ചിരിക്കുന്നു. എല്ലാറ്റില്‍നിന്നും വിടുതി നേടിയ മനുഷ്യന്റെ ആത്മസങ്കടത്തിന്റെ വിധി ഇവിടെ രവി തിരിച്ചറിയുന്നുണ്ട്. അതിന്റെ അപാരമായ ദുഃഖത്തിലാണ് പ്രപഞ്ചഗുരുവായ ഈശ്വരനെ അനുഭവിക്കുന്നത്. ”ചുറ്റിലും ധൂപക്കൂട്ടിന്റെ മണമുയരുന്നു. ചേങ്ങലയും കുടമണിയും മുഴങ്ങുന്നു. ”വേദാനുദ്ധരതേ ജഗന്നിവഹതേ, ഭൂഗോളമുദ്ബിഭേതേ” എന്ന ഗീതഗോവിന്ദത്തിലെ പൊരുള്‍ തിരിച്ചറിയുന്നു. ഭഗവാന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ഈ ഗീതത്തില്‍നിന്ന് രവി എത്തിച്ചേര്‍ന്നിരിക്കുന്ന മാനസികനില എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
രവിയുടെ പ്രയാണമത്രയും ആ പൊരുല്‍ലെത്തിച്ചേരാനുള്ള തീവ്രധ്യാനങ്ങളായിരുന്നു. പി.ജി. അവസാനവര്‍ഷ പരീക്ഷയുടെ തലേന്നു രവി തന്റെ യാത്ര തുടങ്ങുന്നു. ”കാശിയിലെ കുഷ്ഠരോഗികള്‍ നിറഞ്ഞ മഠത്തില്‍, പ്രയാഗയിലെ സ്രതങ്ങളില്‍, മധ്യപ്രദേശിലെ ക്വേക്കര്‍ സെന്ററില്‍, ബോധാനന്ദന്റെ ആശ്രമത്തില്‍, ഒടുവില്‍ ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍. അവിടെ എത്തുമ്പോഴേക്കും രവിയുടെ മനസ്സില്‍ അവശേഷിക്കുന്നത് കരുണ മാത്രമാണ്. അപ്പുക്കില്‍യോടും ആബിദയോടും, തന്നെ ആദ്യമേതന്നെ ശത്രുവായിക്കണ്ട അള്ളാപിച്ചാമൊല്ലാക്കയോടുപോലും കാരുണ്യം മാത്രമാണ് രവി മനസ്സില്‍ പുലര്‍ത്തിയത്. തന്റെ കര്‍മ്മകാണ്ഡം അതിലേക്ക് സമന്വയിപ്പിക്കുന്നു. പാഠപുസ്തകമല്ല ഖസാക്കിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്. ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ഭാഗവതം തുടങ്ങിയ ശ്രേഷ്ഠഗ്രന്ഥങ്ങളുടെ പൊരുളാണ്.
ആസ്ട്രോഫിസിക്സും ഉപനിഷത്തും ബന്ധിപ്പിച്ചുകൊണ്ട് രവി അവതരിപ്പിച്ച പേപ്പര്‍ കണ്ടിട്ട് പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അയാള്‍ക്ക് അവിടെ ഗവേഷണം ചെയ്യാനുള്ള സ്‌കോളര്‍ഷിപ്പുവരെ വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും രവി പുറപ്പെട്ടുപോകുകയായിരുന്നു. ദൈവവില്‍ അയാളെ അത്രമേല്‍ ജാഗരൂകനാക്കുന്നു. മഹാമാരി നിറഞ്ഞാടി പാതിയുമൊഴിഞ്ഞ വിദ്യാലയത്തില്‍ കുട്ടികളെ നോക്കി നിശബ്ദനാകുമ്പോഴും, അര്‍ബുദം ബാധിച്ച് മൊല്ലാക്ക മരണത്തിലേക്ക് യാത്രയാകുമ്പോള്‍ ഉയര്‍ന്നുകേട്ട വാങ്കുവിളിയിലുമെല്ലാം രവി ഈശ്വരനെ അനുഭവിച്ചറിയുകയാണ്. ”തീവ്രധ്വനിയുടെ ഉള്‍ക്കാതുകൊണ്ട് രവി ആ വിളി കേട്ടു. സര്‍വ്വശക്തനായ ഈശ്വരനൊരുവന്‍ മാത്രമേയുള്ളൂ. അവനെ കുമ്പിടാന്‍ ഈ മന്ദിരത്തിലേക്ക് വരിക.” ആ പൊരുളിലേക്ക് നോക്കിയാണ് രവിയുടെ കണ്ണുകളടഞ്ഞതും കണ്‍തടം ചുവന്നതും മുഖം അഴിഞ്ഞു ലയനം പ്രാപിച്ചതും.
ഭൗതിക ജീവിതത്തിന്റെ എല്ലാ തീവ്രസന്ധികളിലും ജീവിച്ച് ഒടുവില്‍ ആ ഭാരം രവി അഴിച്ചുവയ്‌ക്കുകയാണ്. രവി ആരില്‍നിന്നാണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നതെന്ന പദ്മയുടെ ചോദ്യവും ആ പൊ
രുളിലേക്കാണല്ലോ അയാളെ ഉണര്‍ത്തിയത്. ബ്രഹ്‌മം സത്യം ജഗത്മിഥ്യ എന്ന പൊരുള്‍ പദ്മയ്‌ക്ക് അറിയില്ലെങ്കിലും രവി അറിഞ്ഞിരുന്നു. അതുകൊണ്ടാണ് തന്റെ യാത്ര മുഴുമുപ്പിച്ച് അടുത്ത പ്രയാണത്തിലേക്ക് രവി പ്രവേശിച്ചത്. ”സായന്തന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്.” കാലവര്‍ഷത്തില്‍ കടപുഴകിയ മണ്‍കട്ടകള്‍ക്കിടയില്‍നിന്നും രക്ഷകനെ വിളിച്ചുണര്‍ത്തി തന്റെ കാല്‍പ്പടം കാണിച്ച് വിഷമേറ്റു വാങ്ങി വെളുത്ത മഴയില്‍ തന്റെ ശരീരത്തെ അഴിച്ചുകളയുന്നു. അടുത്ത ജന്മത്തിലേക്കുള്ള പ്രയാണത്തിനായി രവി ചാഞ്ഞുകിടക്കുകയാണ്. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശത്തില്‍ ആത്മാവ് വിലയിക്കുന്നത് എത്ര കാവ്യാത്മകമായാണ് അനുഭവപ്പെടുത്തിയത്. വെള്ളില്‍പറവകളെപ്പോലെ വെളുത്ത മഴ രവിയുടെ ആത്മാവിനെ വഴി കാണിക്കുന്നു.
രവിയുടെ പ്രതീകാത്മകമായ യാത്ര ഒരുപക്ഷേ പൂര്‍ണ്ണതയിലെത്തുന്നത് ‘ഗുരുസാഗര’ത്തിലാണ്. കേണല്‍ ബാലകൃഷ്ണനും രവിയെപ്പോലെ ഭൗതികജീവിതത്തില്‍നിന്നു വിടുതി നേടി മറ്റൊരു ജീവിതത്തിലേക്ക് പ്രയാണം ചെയ്യുന്നുണ്ട്. കേദാര്‍നാഥിനടുത്തുള്ള ആശ്രമത്തിലെ തദ്രൂപാ
നന്ദന്‍ എന്ന സംന്യാസിയാണ് അയാളെ സഹായിച്ചത്. ചുഷുവിലെ സംഘട്ടനരേഖയ്‌ക്കടുത്തുവച്ച് ഒരു പുലര്‍ച്ചെ മൈന്‍ പൊട്ടിത്തെറിച്ച് തന്റെ അരികെ നടന്ന സിപായി ബേലിറാം ചിന്നിച്ചിതറുന്നത് കണ്ടുനിന്നപ്പോഴും ഭാര്യയായ പ്രഭയും നളന്ദയെന്ന ഒറ്റ മകളും വിമാനാപകടത്തില്‍ മരിച്ചപ്പോഴും ഭൗതികജീവിതത്തിന്റെ വ്യര്‍ത്ഥത കേണല്‍ തിരിച്ചറിയുന്നു. ഒടുവില്‍ ബ്രിഗേഡിയറാകാന്‍ ആറു മാസമുള്ളപ്പോള്‍ കേണല്‍ ബാലകൃഷ്ണന്‍ സൈനികസേവനമുപേക്ഷിച്ച് തദ്രൂപാനന്ദന്റെ ആശ്രമത്തില്‍ പോയി ഉപവാസവും ധ്യാനവുമായി കഴിഞ്ഞു. ഒടുവില്‍ അളകനന്ദയില്‍ തന്റെ പൂര്‍വ്വാശ്രമം ഇറക്കിവച്ചിട്ട് സംന്യാസിയായി.
”ബാലകൃഷ്ണന്‍ നീരൊഴുക്കില്‍നിന്ന് മേലോട്ടു കയറി നദീതടത്തില്‍ നിന്നു. അവിടെ മടക്കിവച്ചിരുന്ന കാവിത്തുണി നിവര്‍ത്തി തദ്രൂപാനന്ദന്‍ ബാലകൃഷ്ണനെ ഉടുപ്പിച്ചു. കാവിയുടെ നിറത്തില്‍ ബാലകൃഷ്ണന്റെ കണ്ണഞ്ചി. കാവിയുടെ നിറം തീയായി, പുഴയിലും ആകാശത്തിലും അത് ആളിക്കത്തി. ആ ആഗ്നേയത്തിന്റെ പാരവശ്യത്തില്‍ ബാലകൃഷ്ണന്‍ കൈകൂപ്പി, കണ്ണുചിമ്മി, തദ്രൂപാനന്ദന്റെ മുമ്പില്‍ കുനിഞ്ഞു. പിന്നെ മുട്ടുകുത്തി കാല്‍പ്പാദം തൊട്ടു; അപ്പോഴും തീയെരിയുകയായിരുന്നു. അതില്‍ ഒരു സ്ഥൂലപ്രപഞ്ചമത്രയും എരിഞ്ഞു ചാമ്പലാവുന്നത് ബാലകൃഷ്ണനറിഞ്ഞു. ആഗ്‌നേയം ശമിച്ചപ്പോള്‍ തദ്രൂപാനന്ദന്റെ വിളി ബാലകൃഷ്ണന്‍ കേട്ടു, ”നിര്‍മ്മലാനന്ദാ, എഴുന്നേല്‍ക്കൂ.”
സനാതന ധര്‍മ്മത്തിലെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് പുനര്‍ജന്മ സങ്കല്‍പ്പം. ആത്മാവ് ശാശ്വതമാണെന്നും, മോക്ഷം പ്രാപിക്കുന്നതുവരെ ജനനത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഒരു ചക്രത്തിലൂടെ കടന്നുപോകുന്നുവെന്നും അതു വാദിക്കുന്നു. ഒരു വ്യക്തി ജീര്‍ണ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നതുപോലെ മരണ സമയത്ത് തന്റെ ജീര്‍ണ ശരീരമുപേക്ഷിച്ച് പുതിയവ സ്വീകരിക്കുന്നുവെന്ന് ഭഗവദ്ഗീതയിലെ ”വാസാംസി ജീര്‍ണാനി…” എന്ന ശ്ലോകവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിശ്വാസത്തെ ഏറ്റവും ബലിഷ്ഠമായാണ് ഒ.വി. വിജയന്‍ തന്റെ കഥകളില്‍ ഉറപ്പിച്ചത്. കടല്‍ത്തീരത്ത്, സ്നേഹത്തിന്റെ ശ്രാദ്ധം, കാറ്റുപറഞ്ഞ കഥ, കോമ്പിപ്പൂശാരിയുടെ വാതില്‍ തുടങ്ങിയ കഥകള്‍ വായിച്ചാല്‍ അത് മനസ്സിലാക്കാവുന്നതാണ്.
തീര്‍ത്ഥവും അന്നവും കൊണ്ട് ആത്മാവിന് ശ്രാദ്ധമൂട്ടി മനുഷ്യര്‍ സ്വസ്ഥരാകുന്ന കഥയാണ് ‘സ്നേഹത്തിന്റെ ശ്രാദ്ധം.’ കര്‍മ്മദോഷവും ജന്മദോഷവും വേട്ടയാടുന്ന ഒരു തറവാട്ടിലാണ് അകാല വാര്‍ധക്യവുമായി രേവതി ജനിച്ചത്. പത്തു വയസായപ്പോള്‍ ജരാനര ബാധിച്ച് മുടികൊഴിഞ്ഞ് അവള്‍ വൃദ്ധയായി. മരുന്നോ മന്ത്രമോ ഏല്‍ക്കാതെ നരകിച്ച മകളുടെ സങ്കടം താങ്ങാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. രണ്ടാംകൊല്ലം മകളും മരണത്തിന് കീഴടങ്ങി. വീണ്ടും പത്തുകൊല്ലം കഴിഞ്ഞ് വെള്ളം കൊടുക്കാനാരുമില്ലാതെ അമ്മയും മരിച്ചു. അവരുടെ ആത്മാവ് തറവാട്ടില്‍ നിലനിന്നു. പ്രേതബാധയുണ്ടെന്ന തിരിച്ചറിവില്‍ തറവാട് അനാഥമായി. അവിടേക്കാണ് കുമാരമേനോന്‍ എത്തിയത്. കോലാലംപൂരില്‍നിന്നും മക്കളും ഭാര്യയുമായി എത്തി അവിടെ താമസിച്ചു. പുതിയ മനുഷ്യരുടെ സാന്നിധ്യം ആത്മാക്കള്‍ക്ക് അലോസരമുണ്ടാക്കിയെങ്കിലും അന്തിയായപ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍വച്ച് ഗതികിട്ടാത്ത ആത്മാക്കള്‍ക്ക് അന്നവും തീര്‍ത്ഥവും നല്‍കി അവരെ പ്രീതിപ്പെടുത്തി.
നമ്മുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും തിരിച്ചറിഞ്ഞ് അതിനെ ആദരിക്കുകയും അതു പിന്തുടരുകയും ചെയ്യുന്നതിലൂടെ കൈവരുന്ന ശാന്തിയാണ് ഈ കഥയുടെ അനുഭവതലം. കര്‍മ്മഫലം അനുഭവിച്ച് മുക്തി നേടുന്ന ആത്മാക്കള്‍ സംപ്രീതരാകുന്ന ഭാരതീയ വിശ്വാസത്തെ ഇവിടെ ദൃഢമാക്കുകയാണ്. ഒരിക്കലും താന്‍ ഇഷ്ടപ്പെടാത്ത മകള്‍ കുസുമംപോലും എന്നും സന്ധ്യയ്‌ക്ക് ഈ തുളസിത്തറയില്‍ ഞാന്‍ വിളക്കുവെയ്‌ക്കാം എന്ന് കണ്ണുനിറഞ്ഞുകൊണ്ട് പറയുന്നുണ്ട്. അതുകണ്ട് അദൃശ്യശക്തികളോട് അറിയിക്കുന്നു, ”ഞങ്ങള്‍ നിങ്ങള്‍ക്ക് സ്നേഹവും ആദരവും തരും. ഞങ്ങളുടെ പരമ്പര നിങ്ങളുടെ കൃപയില്‍ ഐശ്വര്യം പ്രാപിക്കട്ടെ.” ഇത് ഭാരതീയ വിശ്വാസമാണ്. പിതൃക്കള്‍ക്ക് ശ്രാദ്ധം ചെയ്യുക എന്നതും, അന്നാദികള്‍ കൊടുത്ത് പ്രീതരാക്കുന്നതും പുനര്‍ജന്മ വിശ്വാസത്തിന്റെ തുടര്‍ച്ചതന്നെയാണ്. ഇഹലോകവാസം മരണംകൊണ്ടവസാനിക്കുന്നില്ലെന്ന് പ്രതിഭാശാലിയായ എഴുത്തുകാര്‍ പറഞ്ഞതിനെ ഒ.വി. വിജയന്‍ പിന്തുടരുക മാത്രമല്ല, ആ സംസ്‌കാരത്തെ തന്റെ കൃതികളില്‍ ബലിഷ്ഠമാക്കുന്നുമുണ്ട്.
ആത്മാവിന് അന്നമൂട്ടുന്ന മറ്റൊരു കഥയാണ് കടല്‍ത്തീരത്ത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ പാഴുതറ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് വെള്ളായിയപ്പന്‍ യാത്രയാവുകയാണ്. മകനെയോര്‍ത്തുള്ള അമ്മയുടെ കണ്ണീരിന്റെ നനവ് തോര്‍ത്തില്‍ പൊതിഞ്ഞുകെട്ടിയ പൊതിച്ചോറിന്റെ സ്പര്‍ശത്തില്‍ വെള്ളായിയപ്പന്‍ അറിയുന്നുണ്ട്. അതയാളെ ഏറെ ദുഃഖിതനാക്കി. ”മകനേ, ഈ പൊതിച്ചോറ് നിന്റെ അമ്മ എനിക്കുവേണ്ടി പൊതിഞ്ഞതാണ്. യാത്രയില്‍ അതു ഞാന്‍ കഴിക്കാതെ ഇവിടെവരെയെത്തിച്ചു, ഇനി നിനക്കു തരാന്‍ എന്റെ കയ്യില്‍ ഇതുമാത്രമേയുള്ളൂ. ദേശസ്നേഹിയായ തന്റെ മകന് ഇനി ഒരുരുള ചോറുകൊടുക്കാന്‍ കഴിയില്ലല്ലോ എന്ന ആത്മസങ്കടം മാത്രമല്ല പുനര്‍ജ്ജനിയിലേക്ക് കടക്കുന്ന മകന്റെ ആത്മാവിന് അന്നമൂട്ടാനുള്ള തന്റെ വിധിയും ആ അച്ഛനെ തളര്‍ത്തുന്നുണ്ട്.
ജയിലിനുള്ളില്‍വച്ച് മകനെ കാണുമ്പോള്‍ ”മകനേ, അപ്പാ” എന്നുള്ള രണ്ടു വിളികള്‍ക്കിടയില്‍ ജനിസ്മൃതിയുടെ സങ്കടമത്രയും ഇരച്ചെത്തുന്നുണ്ട്. ജയിലിനകത്തും പുറത്തുമായി അവര്‍ ഉറങ്ങാതെയിരിക്കുന്നു. പുലര്‍കാലത്ത് കുഴല്‍വിളി കേള്‍ക്കുമ്പോള്‍ ഒരു പേറ്റിച്ചിയെപ്പോലെ ആ കൃഷീവലന്‍ തന്റെ മകന്റെ ശരീരം ഏറ്റുവാങ്ങി വെളിമ്പറമ്പില്‍ കുഴിച്ചിടാന്‍ തോട്ടികളുമായി പോ
കുകയും, അവസാനമായി അവന്റെ നെറ്റിയില്‍ കൈപ്പടംവച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു. ഒടുവില്‍ അലഞ്ഞുതിരിഞ്ഞ് കടല്‍ക്കരയിലെത്തി. കോടച്ചി കെട്ടിക്കൊടുത്ത പൊതിച്ചോറഴിച്ച് വെള്ളായിയപ്പന്‍ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകള്‍ത്തട്ടിലെവിടെനിന്നോ ബലികാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങിവന്നു എന്നിടത്ത് കഥയവസാനിക്കുന്നു.
സ്വന്തം മകനുവേണ്ടി അന്നം തര്‍പ്പണം ചെയ്യേണ്ടിവന്ന ഒരച്ഛന്റെ ആത്മവ്യഥ മുഴുവനും ഈ കഥയിലുണ്ട്. അത് നമ്മുടെ വിശ്വാസവും സംസ്‌കാരവുമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. ആത്മാവിന്റെ വിശപ്പ് തീര്‍ത്ത് യാത്രയാക്കുമ്പോള്‍ കര്‍മ്മചക്രം പൂര്‍ത്തിയാവുന്നു. പിന്നീട് ഏതെങ്കിലും കൂട്ടിലേക്ക് അതണഞ്ഞുകൊള്ളും. അത് ദുഃഖമുക്തിയുമാണെന്ന് നമുക്ക് മനസ്സിലാകും. കാലനിയോഗത്തെ അല്ലെങ്കില്‍ വിധിയെ മറികടക്കാന്‍ ഒരാള്‍ക്കുമാവില്ല എന്ന പാഠമുണ്ടതില്‍. അതിനെ തടയുവാനോ നീട്ടിവയ്‌ക്കാനോ മനുഷ്യരെക്കൊണ്ടാവുകയുമില്ല. പിന്നെയുള്ളത് സംതൃപ്തിയോടെ യാത്രയാക്കുക എന്നതു മാത്രമാണ്. വലിയ സങ്കടം നുരകുത്തിയൊഴുകുമ്പോഴും തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അന്നമൂട്ടി പ്രീതിയോടെ യാത്രയാക്കുന്നതിന്റെ പൊരുളാണ് ഒ.വി. വിജയന്‍ അനുഭവപ്പെടുത്തിയത്.
ആത്മീയതയെ വ്യക്തിയുടെ ആന്തരിക യാത്രയായിട്ടാണ് ഒ.വി. വിജയന്‍ മനസ്സിലാക്കിയത്. എല്ലാം നിയന്ത്രിക്കുന്ന പ്രപഞ്ചത്തിന്റെ ശാശ്വത നിയമങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടാണ് അത് സാധ്യമാക്കുന്നത്. പ്രപഞ്ചവുമായുള്ള വ്യക്തിയുടെ സനാതനമായ ബന്ധം അവിടെ തുടങ്ങുന്നു. മതബോധത്തിലുറച്ച സനാതന വിശ്വാസങ്ങളെയും ആചാരങ്ങളെയും പിന്തുടരുന്നത് ആത്മീയ യാത്രയാണ്. അതിന്റെ പരിപൂര്‍ണത സംന്യാസവുമാണ്. ഇത്തരത്തില്‍ വ്യക്തിയുടെ ആത്മീയയാത്രകളെ അര്‍ത്ഥപൂര്‍ണമാക്കുന്ന അസാധാരണ കഥാപാത്രങ്ങളെയാണ് ഒ.വി. വിജയന്‍ സൃഷ്ടിച്ചത്.
















