ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലും ജെഡിഎസിലും നേതാക്കള്‍ പരസ്പരം തമ്മിലടി കൂടുന്ന സാഹചര്യത്തില്‍ 52 പുതുമുഖങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി ബിജെപി. 224 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി 189 സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 165 സ്ഥാനാര്‍ത്ഥികളെയും ജെഡിഎസ് 93 സ്ഥാനാര്‍ത്ഥികളെയും ഇതിനകം പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിലും ജെഡിഎസിലും സീറ്റിന്റെ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പരസ്പരം പോരടിക്കുമ്പോള്‍ ബിജെപി 52 പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് വ്യത്യസ്തമാകുന്നത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത നേതാക്കള്‍ ജെഡിഎസില്‍ ചേര്‍ന്ന് സീറ്റ് കരസ്ഥമാക്കുകയും, ജെഡിഎസില്‍ സീറ്റ് ലഭിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സീറ്റ് നേടുകയുമാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസ്-ജെഡിഎസ് രഹസ്യ ബാന്ധവം ഇപ്പോള്‍ തന്നെ കര്‍ണാടകയില്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇതോടൊപ്പം മേലുകോട്ട് മണ്ഡലത്തില്‍ കര്‍ണാടക സര്‍വോദയ പാര്‍ട്ടിയുടെ ദര്‍ശന്‍ പുട്ടണ്ണയ്യയെ പിന്തുണയ്‌ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലെ ഷിഗ്ഗോണില്‍ നിന്നുതന്നെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ശിക്കാരിപുര സീറ്റില്‍ അദ്ദേഹത്തിന്റെ മകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര മത്സരിക്കും.
മന്ത്രി ആര്‍. അശോക് കനക്പുരയില്‍ പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെ നേരിടുമ്പോള്‍, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ മൈസൂരുവിലെ വരുണയില്‍ മന്ത്രി വി.സോമണ്ണ മത്സരിക്കും. ഇതോടൊപ്പം തന്നെ അശോക് പത്മനാഭ നഗറിലും സോമണ്ണ ചാമരാജ് നഗറിലും കൂടി മത്സരിക്കും.
ബിജെപി ജനറല്‍ സെക്രട്ടറി സി.ടി. രവി ചിക്കമഗളൂരുവിലും, മുന്‍ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ മല്ലേശ്വരത്തും രമേഷ് ജാര്‍ക്കിഹോളി ഗോഖക്കിലും നിന്ന് മത്സരിക്കും. തുമകൂരുവിലെ കൊരട്ടഗെരെയില്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.എച്ച്. അനില്‍കുമാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയെ നേരിടും. ഇതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെല്ലാം ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇതിനോടകം നിയോഗിച്ചിരിക്കുന്നത്. ഒന്‍പത് ഡോക്ടര്‍മാര്‍, അഞ്ച് അഭിഭാഷകര്‍, രണ്ട് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, എട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ബിജെപി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രി ശശികലാ ജോലെ ഉള്‍പ്പടെ എട്ട് വനിതകളാണ് ആദ്യപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: