തിരുവനന്തപുരം: കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട് ഒരു വര്‍ഷമായി നടത്തിവരുന്ന ആശാന് നൂറ്റമ്പതാം ജന്മവാര്ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നാരംഭിക്കും. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, കഥാപ്രസംഗം, കഥകളി, നാടകം, കാവ്യാലാപന മത്സരം തുടങ്ങിയവ അരങ്ങേറും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആശാന്റെ ജന്മദിനമായ ഏപ്രില്‍ 12ന് ഉദയാസ്തമയ കാവ്യപൂജയോടെ ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടകള്‍ക്ക് സമാപനമാകും. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ആശാന് പള്ളിക്കൂടത്തിന്റെ ഉദ്ഘാടനവും പുഷ്പവാടിയുടെ പ്രകാശനവും നടത്തും. കുമാരനാശാന്റെ സമ്പൂര്‍ണ കൃതികളുടെ പുനഃപ്രകാശനം തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം.ബി. രാജേഷ് ഡോ. ജോര്‍ജ്ജ് ഓണക്കൂറിന് നല്കി നിര്‍വഹിക്കും. വി. ശശി എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആശാന് ജയന്തി പ്രഭാഷണം ശ്രീകുമാരന്‍ തമ്പി നടത്തും. എംല്‍എമാരായ കടകംപള്ളി സുരേന്ദ്രന്, അഡ്വ. വി. ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. സുരേഷ്കുമാര്‍, ഡോ. പി വേണുഗോപാലന്‍, രാമപുരം ചന്ദ്രബാബു, മധു മുല്ലശ്ശേരി, ടി.ആര്. ഹരിപ്രസാദ്, സുമ ഇടവിളാകം എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. കുമാരനാശന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് പ്രൊഫ. വി. മധുസൂദനന് നായര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. ജലീല്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ചടങ്ങില്‍ വീണപൂവ് ശതാബ്ദി പുരസ്കാരം, കുമാരകവി പുരസ്കാരം, ആശാന് കാവ്യാലാപന സമ്മാനങ്ങള്‍ എന്നിവയുടെ വിതരണവും, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ചെയര്മാന്മാര്ക്കും മുന്‍ സെക്രട്ടറിമാര്‍ക്കുമുള്ള സമാദരവും നടക്കും. തുടര്‍ന്ന് ഡോ. രാജാവാരിയര്‍ സംവിധാനം ചെയ്യുന്ന തിരുവനന്തപുരം കലയുടെ ചണ്ഡാലഭിക്ഷുകി നാടകം അരങ്ങേറും.
ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രഭാവര്‍മ്മയുടെ കാവ്യ പ്രഭാഷണവും ഡോ. ടി.എന്‍. സീമ, ജി.എസ്. പ്രദീപ്, തിലകരാജ് എന്നിവര്‍ നടത്തുന്ന പ്രഭാഷണവും നടക്കും. കുമാരനാശന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് പ്രൊഫ. വി. മധുസൂദനന് നായര്‍, വി. ശശി എം.എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി മുഖ്യാത്ഥിയാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെഹിന്, ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാനെജിങ് കമ്മറ്റി അംഗങ്ങളായ ബി. വിമല്‍ കുമാര്‍, ഡോ. അജില്‍ കെ, ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി വി. ജയപ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രഭാഷണ പരമ്പരകള്‍ അരങ്ങേറും. ആശാന്റെ കാവ്യപാരമ്പര്യം എന്ന വിഷയത്തില്‍ രാജാ ഹരിപ്രസാദും, വ്യക്തിയും സമൂഹവും ആശാന് കവിതയില്‍ എന്ന വിഷയത്തില്‍ ഡോ. നിത്യ പി. വിശ്വം, ആശാന് കവിതയുടെ സ്വത്വം: ചില നവകാലചിന്തകളോടുള്ള പ്രതികരണം എന്ന വിഷയത്തില്‍ ടി.കെ. സന്തോഷ്കുമാര്‍, കുമാരനാശാന്റെ കാവ്യസങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മനോജ് കുറൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. അവസാന സെക്ഷനില്‍ വീണപൂവും ആധുനിക കാലവും എന്ന വിഷയത്തില്‍ ഡോ. സജീര്‍ഖാന്‍, കവിവാക്യം എന്ന സങ്കേതം ചണ്ഡാലഭിക്ഷുകിയില്‍ ഡോ. ബാബുരാജ് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വസന്തകുമാര്‍ സാംബശിവന് അവതരിപ്പിക്കുന്ന കുമാരനാശന്‍ എന്ന കഥാപ്രസംഗവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: