തിരുവനന്തപുരം:അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി മാതൃകാപരമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അമേരിക്കയിലെ രാഷ്ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. അവിടുത്തെ രാഷ്ട്രീയത്തില്‍ മലയാളികള്‍ കൂടുതലായി ഇടപെടുന്നത് നമുക്കെല്ലാവര്‍ക്കും നല്ലതാണ്. അമേരിക്കല്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. രാഷ്ട്രീയം നോക്കാതെയാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വികസനത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകന്‍ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോള്‍ പ്രവാസികള്‍ക്ക് അനുകൂലമാണ്. സ്പീക്കര്‍ പറഞ്ഞു.
അമേരിക്കയിലെ മലയാളികള്‍ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്രവാസി മലയാളികളില്‍ മലയാളിത്തം നിലനിര്‍ത്താന്‍ ഫൊക്കാന കൈക്കൊള്ളുന്ന നടപടികള്‍ അഭിനന്ദനീയമാണ്.
ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന നിരവധി പേര്‍ക്ക് കൈത്താങ്ങ് ആകാനുള്ള പദ്ധതികള്‍ ഫൊക്കാന ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ശ്രദ്ധിക്കാനും അവര്‍ക്ക് സേവനം എത്തിക്കാനും ഫൊക്കാനയ്ക്ക് ഇനിയും കഴിയണം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെ ഇടപെടലുകള്‍ പ്രവാസികള്‍ക്ക് നടത്താനാകും എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. വികസിത രാജ്യങ്ങളില്‍ എന്നതുപോലെ സംസ്ഥാനത്തെ മൊത്തം സ്കൂളുകളിലെ കുട്ടികളെ അടിയന്തിര സാമ്പത്തിക പരിരക്ഷയുടെ പരിധിയില്‍ കൊണ്ടു വരാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് യോജിച്ച് ആലോചിക്കാം. അത്തരം ഒരു പരിരക്ഷ ഓരോ കുട്ടിക്കും വേണ്ടി സാദ്ധ്യമാകും എങ്കില്‍ അത് ഒരു ചരിത്ര നേട്ടമാണ്. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി മേഖലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തിന് കഷ്ടകാലം വന്നപ്പോഴൊക്കെ സഹായവുമായി ഫൊക്കാന എത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും സഹായിക്കാന്‍ ഫൊക്കാന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാല് നൂറ്റാണ്ടു മു്ന്‍പ് ഉമ്മന്‍ ചാണ്ടി, ടി കെ രാമകൃഷ്ണന്, സുരേഷ് ഗോപി, മോന്‍സ് ജോസഫ് എന്നിവര്‍ക്കൊപ്പം ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് അനുസ്മരിച്ച മന്ത്രി പിന്നീട് ഫൊക്കാന പിളര്‍ന്ന കാര്യം സൂചിപ്പിച്ചു. ഫൊക്കാന വളര്‍ന്നതിന്റെ തെളിവാണ് പിളര്‍പ്പെന്നും വളരും തോറും പിളരും പിളരും തോറും വളരും എന്ന നയമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും ആന്റണി രാജു പറഞ്ഞു
ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായിരുന്നു. കേരളീയം ചെയര്മാന് പി.വി.അബ്ദുള്‍ വഹാബ് എം.പി, ഡബ്ലിയു.എച്ച്.ഒയുടെ മുന്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.എസ്. ലാല്‍, മോന്‍സ് ജോസഫ്, എം.എല്‍.എ, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി, ട്രസ്റ്റി ബോര്‍ഡ് അംഗം പോള്‍ കറുകപ്പള്ളില്‍, കേരള കണ്വെന്ഷന് ചെയര്മാന് മാമന് സി.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: