തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടില്‍ നിലനില്‍ക്കുന്ന ഒരു രീതി അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ. ആയതിനാല്‍ അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറല്‍ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂള്‍ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂള്‍ പ്രായത്തില്‍ ഉള്ള മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തുന്നു. പഠനത്തുടര്‍ച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് സ്കൂള്‍ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികള്‍ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ് 6.7 വര്‍ഷമാണ്. കേരളത്തിലാണെങ്കില്‍ ഇത് 11 വര്‍ഷത്തില്‍ കൂടുതലാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സ്കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും.മാര്‍ച്ച് 31ന് സ്കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലപ്രഖ്യാപനം നടത്തുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: