വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രമുഖ യുഎസ് മാധ്യമമായ ദ വാള് സ്ട്രീറ്റ് ജേണല്‍. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പൂര്‍ണ്ണമായും മനസിലാക്കാന്‍ സാധിക്കാത്തപാര്ട്ടിയാണ് ബിജെപിയെന്നും അത് വ്യത്യസ്ഥമായ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തില്‍ നിന്നും പിറവിയെടുത്ത ഒന്നാണെന്നും പ്രമുഖ അമേരിക്കന്‍ അക്കാദമീഷ്യന് വാള്‍ട്ടര്‍ റസ്സല്‍ മീഡ് എഴുതിയ ലേഖനത്തില്‍ പറയുന്നു.
ലേഖനത്തില്‍ നിന്ന്:
അമേരിക്കയെ സംബന്ധിച്ച്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പാര്‍ട്ടിയാണ് ബിജെപി. ലോകത്തെ മൂന്നു പാര്‍ട്ടികളുടെ ചില പ്രത്യേകതകള്‍ ബിജെപിയിലുണ്ട്. മുസ്ലിം ബ്രദര്‍ ഹുഡിനെപ്പോലെ, പാശ്ചാത്യ ലിബറലിസത്തിന്റെ പല ആശയങ്ങളെയും മുന്‍ഗണനകളെയും പാടെ തള്ളുന്ന ബിജെപി, പക്ഷെ ആധുനികതയുടെ പ്രത്യേകതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ പോലെ, ബിജെപിയും നൂറു കോടി ജനങ്ങളുടെ പിന്തുണയോടെ ആഗോളതലത്തില്‍ വന്‍ ശക്തിയാകാമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രായേലിലെ ലിക്വിഡ് പാര്‍ട്ടിയെപോലെ, പരമ്പരാഗത മൂല്യങ്ങള്‍ മുറുകെ പിടിച്ച്, ഒപ്പം വിപണി ആഭിമുഖ്യമുള്ള സാമ്പത്തിക നിലപാടുകള്‍ കൈക്കൊള്ളുന്നു. പാശ്ചാത്യ കേന്ദ്രീകൃതമായ, സാംസ്കാരിക, രാഷ്ട്രീയ വരേണ്യ വര്‍ഗം അവഗണിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്ത ജനങ്ങളുടെ രോഷമാണ് അവര്‍ (ബിജെപി) പ്രകടിപ്പിക്കുന്നത്.
ഇന്ത്യാക്കാര്‍ അല്ലാത്തവര്‍ക്ക് പരിചിതമല്ലാത്ത സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിലൂടെ വളരുന്ന ബിജെപിയെ പാശ്ചാത്യ ലോകം ശരിക്ക് മനസിലാക്കിയിട്ടില്ല. പല തലമുറകളില്‍ പെട്ട, സാമൂഹ്യ ചിന്തകരുടെയും പ്രവര്‍ത്തകരുടെയും പരിശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള, ദേശീയ നവീകരണം എന്ന(ഒരിക്കല്‍ മറവിയിലാണ്ട) സാമൂഹ്യ പ്രസ്ഥാനത്തെ, ആധുനികവല്‍ക്കരണത്തിലേക്കുള്ള ഹിന്ദുമാര്ഗമായി മാറ്റിയതിന്റെ വിജയമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ പ്രതിഫലിക്കുന്നത്.
ബിജെപി, ആര്‍എസ്എസ് നേതാക്കളുമായും അവരുടെ വിമര്‍ശകരുമായും ഞാന്‍ നിരവധി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിരുന്നു. സങ്കീര്‍ണ്ണവും ശക്തവുമായ ആ പ്രസ്ഥാനവുമായി പാശ്ചാത്യരും അമേരിക്കക്കാരും, കൂടുതല്‍ ഇടപഴകേണ്ടതുണ്ടെന്നാണ് അതില്‍ നിന്ന് എനിക്ക് വ്യക്തമായത്. വാള്‍ട്ടര്‍ റസ്സല്‍ മീഡ് കുറിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏതാനും ബുദ്ധിജീവികളുടെയും മതചിന്തകരുടെയും ചെറിയൊരു പ്രസ്ഥാനമായിരുന്ന ആര്‍എസ്എസ്, ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സാമൂഹ്യ സംഘടനയായി മാറിയിരിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം, എടുത്തു പറഞ്ഞു. 2014ല്‍ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ രണ്ടാമതും ജയിച്ച് അധികാരത്തില്‍ വന്നു. അവര്‍ 2024ല്വീണ്ടും വിജയം കൊയ്യാന്‍ പോകുകയാണ്. ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയാകുമ്പോള്‍, ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുകള്‍ത്തട്ടില്‍ സുരക്ഷിതമായി പരിലസിക്കുകയാണ്. മുന്പില് കാണാന്‍ കഴിയുന്ന ഭാവിയില്‍ ബിജെപിതന്നെയാകും കാര്യങ്ങള്‍ നയിക്കുക.അവരുടെ സഹായമില്ലാതെ ചൈനയെന്ന ശക്തിയുമായി സന്തുലനം ഉണ്ടാക്കാന്‍ യുഎസിന് കഴിയുകയുമില്ല.
ബിജെപിയുമായും ആര്‍എസ്എസുമായും ചര്‍ച്ച ചെയ്യാനുള്ള ക്ഷണം അമേരിക്കക്ക് തള്ളാനാവില്ല. ചൈനയുമായുള്ള സംഘര്‍ഷം കനക്കുമ്പോള്‍, സാമ്പത്തിക, രാഷ്ട്രീയ പങ്കാളിയായി അമേരിക്കയ്ക്ക് ഇന്ത്യയെ വേണം. ബിസിനസ് നേതാക്കള്‍ ഇന്ത്യയുമായി സാമ്പത്തിക ബന്ധം ഉണ്ടാക്കുന്നതുപോലെ സുപ്രധാനമാണ്, ഹിന്ദു ദേശീയ പ്രസ്ഥാനത്തിന്റെ ആദര്‍ശവും പാതയും മനസിലാക്കുക എന്നതും.
യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. യുപിയിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതും സംസ്ഥാനത്തെ വികസിപ്പിക്കുന്നതുമായിരുന്നു സംഭാഷണം മുഴുവന്‍. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായും സംസാരിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി പറഞ്ഞ അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി, അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: