തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനുള്ള ‘എച്ച്’, റോഡ് ടെസ്റ്റുകള്‍ക്ക് ഇനി ക്ളച്ചും,ഗിയറും ഇല്ലാത്ത ഓട്ടോമാറ്റിക്, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി. എച്ച് മാതൃകയില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലും, റോഡിലുമാണ് വാഹനം ഓടിച്ച് കാണിക്കേണ്ടത്.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ഡ്രൈവിംഗ് ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം. ക്ലച്ചിന്റെ സങ്കീര്‍ണ്ണതകള്‍ കാരണം നിരവധി പേര്‍ ടെസ്റ്റ് പരാജയപ്പെടുന്നു. ഓട്ടോമാറ്റിക്, ഇ വാഹനങ്ങള്‍ ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ ഇതില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.
ഗിയറുള്ള വാഹനങ്ങളില്‍ മാത്രമാണ് നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് . ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവരും ഗിയറുള്ള വാഹനങ്ങളില്‍ പരിശീലനം തേടണം. പുതിയ ഗതാഗത നയത്തിന്റെ ഭാഗമായി, മലിനീകരണം കുറവുള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഗിയര്‍ മാറ്റവും ക്ലച്ച് ഉപയോഗവും വേണ്ടാത്തതിനാല്‍ സ്റ്റിയറിംഗ് നിയന്ത്രണം കൈവരിച്ചാല്‍ വാഹനം ഓടിക്കാനാകും. ഓട്ടോ റിക്ഷ, കാര്‍ മുതല്‍ ചെറിയ ലോറികള്‍ വരെ എല്‍.എം.വി ലൈസന്‍സില്‍ ഓടിക്കാനാകും.
ഗിയര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സില്ല. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വേണമെങ്കില്‍ പരിശീലനം നേടി ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: