ശ്രീകൃഷ്ണപുരം: വേനല്‍ കനത്തതോടെ കടുത്ത കുടിവെള്ള ക്ഷാമവും വരള്‍ച്ചയും മൂലം ദുരിതത്തിലാണ് കരിമ്പുഴ, കാരാകുറിശ്ശി മേഖലയിലുള്ളവര്‍. കരിമ്പുഴ രണ്ട് വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് വരള്‍ച്ച ഏറെ രൂക്ഷം. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കനാല്‍ വഴിയെത്തുന്ന വെള്ളമാണ് വേനലില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കും ജല സേചനത്തിനും കുടിവെള്ളത്തിനും ഏക ആശ്വാസം.
കഴിഞ്ഞ വര്‍ഷകാലത്ത് മഴ വെള്ളത്തോടൊപ്പം ചെളിയും മണ്ണും വന്നടിഞ്ഞു കനാലിന്റെ ഇരുകരകളില്‍ മിക്കഭാഗങ്ങളിലും ചെളി അടഞ്ഞു തൂര്‍ന്ന അവസ്ഥയിലാണ്. ചെളിയും മണ്ണും നീക്കം ചെയ്യാത്തതു മൂലം കനാല്‍വെള്ളം ലഭിച്ചാലും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലുറപ്പ് പ്രവൃത്തി ഉപയോഗപ്പെടുത്തി അധികൃതര്‍ ഇതിന് തയ്യാറാകാത്തതാണ് കാരണം. കുറവന്‍കുന്ന്, കിഴക്കേക്കര കോളനി, തണ്ണീര്‍പന്തല്‍, കരിയോട്, എളമ്പുലാശ്ശേരി, പൊമ്പ്ര, കാരക്കാട് പ്രദേശങ്ങളില്‍ വരള്‍ച്ച ഏറെ ബാധിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ കിണറുകള്‍ വറ്റിയ അവസ്ഥയിലാണ്. ജലസേചനത്തിനാവശ്യമായ വെള്ളവും ലഭിക്കാതെ വന്നതോടെ നെല്‍കൃഷി, വാഴ, കവുങ്ങ്, തെങ്ങ് എന്നിവ ഉണക്കുഭീഷണിയിലാണ്.
കാഞ്ഞിരപ്പുഴ കനാല്‍ വഴി വെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കടുത്ത കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ഉണ്ണികൃഷ്ണൻ കോങ്ങാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: