കണ്ണൂര്‍: മയക്കുമരുന്ന് നല്കി തന്റെ മകളെ പീഡിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച സംഭവത്തിനു മേല്‍ പടുത്തുയര്‍ത്തിയ വ്യാജ വാര്‍ത്തയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമിയുടെ കണ്ണൂരിലെ സീനിയര്‍ റിപ്പോര്‍ട്ടറുമായ രാധാകൃഷ്ണന് പട്ടാന്നൂര്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബാപ്പ ആണെന്നും ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും രാധാകൃഷ്ണന് എഴുതിയകുറിപ്പില്പറയുന്നു. അറസ്റ്റിലായ വാര്‍ത്ത കൊടുത്തതിന് രാധാകൃഷ്ണതിരെ കേസും ഉണ്ടായി.
‘കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാനസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് ബാപ്പയുടെ ശ്രമം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നും സ്കൂളിലെ മറ്റ് 11 വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചാനലുകളോടാണ് പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.. ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല’ രാധാകൃഷ്ണന് പറയുന്നു.
സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കെയാണ് പത്രപ്രവര്‍ത്തകനായ രാധാകൃഷ്ണന് പട്ടാന്നൂര്‍ 15 വര്‍ഷം ദേശാഭിമാനിയിലാണ് ജോലി ചെയ്തത്. 15 വര്‍ഷമായി മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു
ഈ സംഭവത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്ന ആള് എന്ന നിലക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന ആഭിമുഖ്യത്തോടെ രാധാകൃഷ്ണന് പട്ടാന്നൂര്‍ എഴുതിയ കുറിപ്പ്
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉടലെടുത്ത ഈ കേസ് പൂര്‍ണമായും വ്യാജമാണ് എന്നതാണ് വസ്തുത.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഇതേ സ്കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ )സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കു മരുന്ന് നല്കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ )പീഡിപ്പിച്ചു വെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. (ഈ കേസിന്റെ എഫ്. ഐ. ആര് എന്റെ കയ്യിലുണ്ട് )
കണ്ണൂര്‍ നഗരത്തിലെ താമസക്കാരനായ ഇയാള്‍ കുറേക്കാലം മുംബൈയില്‍ ആയിരുന്നു. അവിടുത്തു കാരിയാണ് ഭാര്യ എന്ന് കരുതുന്നു. അവര്‍ സംസാരിച്ചത് ഇംഗ്ളീഷും ഹിന്ദിയും കലര്‍ത്തിയാണ്.
പിന്നീട് ഇയാള്‍ മകളെയും കൂട്ടി നാട്ടില്‍ വന്ന് ഇവിടെ താമസമാക്കി.
കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാ നസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് കണ്ണൂരിലേക്ക് കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം.
2022ജൂലൈയിലാണ് ഈ കേസ് ഉത്ഭവിക്കുന്നത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നും സ്കൂളിലെ മറ്റ് 11വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചില ചാനലുകളോടാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.
ഞാന്‍ ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഞാന്‍ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.
അപ്പോള്‍ അയാള്‍ പറഞ്ഞത്, ‘സാറെ ഞാന്‍ ഒരു ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം തിരിച്ചു വിളിക്കാം എന്നുമായിരുന്നു.
ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥന രൂപത്തില്‍ പറഞ്ഞു, ‘ഒരിക്കലും മകളെ ചാനലിന് മുന്നില്‍ കൊണ്ട് പോകരുത്.അത് നിയമ പരമായും തെറ്റാണെന്ന് ‘.അപ്പോള്‍ അയാളുടെ മറുപടി ഇങ്ങിനെ :
‘എന്റെ മകള്‍ക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ ‘.
അപ്പോഴേ എനിക്ക് തോന്നി ഇതില്‍ ചില ദുരൂഹതയുണ്ടെന്ന്.
ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല.
ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നപ്പോള്‍ പോലീസും വിശദമായ അന്വേഷണം നടത്തി.സ്കൂള്‍ അധികാരികളും.തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളില്‍ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വെറും നുണയാണെന്ന് വ്യക്തമായി.കുട്ടി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച നിലയിലും.
തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഇയാളുടെ ജീവിതത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളില്‍ പറഞ്ഞ കാര്യം വെളിപ്പെട്ടത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022ആഗസ്ത് 12ന് ‘മാതൃഭൂമി’യില്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്ത നല്കി. (അതിനൊപ്പം നല്കിയ വാര്‍ത്ത) വാര്‍ത്ത വന്ന ദിവസം ഇയാള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാര്‍ത്ത എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നാ യിരുന്നു ഭീഷണി.വാര്‍ത്തയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാര്‍ത്തയില്‍ പറയുന്ന കാര്യം സത്യമാണെന്നും മറുപടി നല്കി.
തുടര്‍ന്ന് എനിക്കും കണ്ണൂര്‍ ടൗണ്‍ സി ഐ. ബിനു മോഹനും എതിരെ ഇയാള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഒരു ദിവസം എ. സി. പി. എന്നെ വിളിച്ച് മൊഴിഎടുത്തു.
വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു വരി പോലും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി.
തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി. ഐ. ക്കെതിരായ പരാതി.
ഈ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു.അവര്‍ക്കെല്ലാം കാര്യം ബോധ്യമായി.
പിന്നെ, മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിഷയത്തിന് ഇങ്ങിനെയൊരു പുനര്‍ ജന്മം ലഭിക്കുന്നത്.
ചില സംഭവങ്ങള്‍ തുടക്കത്തില്‍ അറിഞ്ഞതായിരിക്കില്ല അതിന്റെ സത്യം. ചിലപ്പോള്‍ അത്തരം വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ വ്യാജമാണ് എന്ന് വ്യക്തമായ സംഭവത്തെ മറ്റ് ഗൂഢമായ ഉദ്ദേശത്തിന് ദുരുപയോഗം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതക്കോ നീതി ബോധത്തിനോ നിര ക്കുന്നതല്ല.കേരളത്തില്‍ കുട്ടികളടക്കം മയക്കു മരുന്നിന് അടിപെട്ട് കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരിക്കാം ഈ വ്യാജ വാര്‍ത്ത നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, മറ്റ് പൗരന്മാര്ക്കില്ലാത്ത ഒരവകാശവും നമുക്കില്ല എന്നതാണ്. സമൂഹത്തില്‍ നിന്ന് പ്രത്യേക പരിഗണന കിട്ടുന്നുവെങ്കില്‍ അത് അവര്‍ക്ക് ഈ മേഖലയോടുള്ള താല്പര്യം കൊണ്ട് കല്പിച്ചു തരുന്നതാണ് എന്ന് കരുതിയാല്‍ മതി.അത് നമ്മളായിട്ട് കളഞ്ഞു കുളിക്കരുത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
അതായത്,സത്യം ലോകത്തെ അറിയിക്കാനുള്ള അവകാശമുണ്ട് എന്ന് അര്‍ത്ഥം.അതാണ് പത്ര സ്വാതന്ത്ര്യം.
രാധാകൃഷ്ണന് പട്ടാന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: