”മുതാലളിത്ത കരാള ഭീകരന്റെ ക്രൂരനഖദംഷ്ട്രകളില്നിന്ന്, ചോര നീരാക്കി നാടിന് ഉണ്ണാനും ഉടുക്കാനും വേണ്ടി ഉത്പാദനം നടത്തുന്ന തൊഴിലാളിയെ വിമോചിപ്പിച്ച് ഭൂമിയില്‍ സമത്വ സുന്ദര സമ്മോഹന ജീവിതം സമസ്തകര്ക്കും നല്കി സ്ഥിതിസമത്വം നടപ്പാക്കി, അതിര്‍ത്തികളില്ലാത്ത ചുകപ്പന്‍ ലോകം സൃഷ്ടിക്കാ”നായിരുന്നു അവരുടെ പറച്ചിലും പ്രവൃത്തിയും ഇന്ത്യയിലും. ഇന്ത്യയില്‍ 1925 ഡിസംബര്‍ 26ന് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നത്. അത് പിളര്‍ന്നുപിളര്‍ന്ന് പലതായെങ്കിലും എല്ലാ ഘടകവും പറഞ്ഞുകൊണ്ടിരിക്കുന്നത് മുതലാളിത്തത്തിന്റെ സര്‍വനാശവും സോഷ്യലിസത്തിന്റെ സര്‍വാധിപത്യവും സംഭവിക്കുമെന്നുതന്നെതാണ്. ആ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിലെങ്കിലും എഴുന്നേറ്റു നില്ക്കാന് കഴിയുന്നത് സിപിഎമ്മിനാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് (മാര്‍ക്സിസ്റ്റ്) ഇന്ത്യയ്ക്ക്. പാര്‍ട്ടിക്ക് ഭരണം അവശേഷിക്കുന്നതും കേരളത്തില്‍ മാത്രം.
‘കനല് ഒരു തരിമതി’യെന്ന് പറഞ്ഞ് ആ പാര്‍ട്ടി സ്വയം സമാധാനിച്ചതും വീമ്പിളക്കിയതും ഇന്ത്യ ഭരിക്കാന്‍ കക്ഷിരാഷ്ട്രീയത്തില്‍ അംഗബലം അളക്കുന്ന ലോക്സഭയില്‍ പാര്‍ട്ടിക്ക് ഒരേയൊരു അംഗം എന്ന ദയനീയ സ്ഥിതിയെ ന്യായീകരിക്കാനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കാട്ടുതീപോലെ രാജ്യമാകെ പടര്‍ന്നുകയറുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍- ആ പാര്‍ട്ടിക്കുവേണ്ടി, അതിന്റെ നേതാക്കളുടെ സകല പോഴത്തങ്ങളും വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും മറന്ന് അവരെ പിന്തുണക്കുന്ന വോട്ടര്‍മാര്‍- പിന്നെയും പിന്തുണ തുടര്‍ന്നു, തുടരുന്നു. പക്ഷേ, കനലല്ല കരിക്കട്ടയാണ് എന്ന് സ്വയം നേതാക്കള്‍ തിരുത്തുമ്പോള്‍ അവര്‍ക്ക് സ്വയം ചോദിക്കാന്‍ അവസരമായി; ഇനിയും എന്തിനിങ്ങനെ?
മുതിലാളിത്തവും തൊഴിലാളിവര്‍ഗവും തമ്മിലുള്ള പോരാട്ടത്തില്‍, വര്‍ഗ സമരത്തില്‍ തൊഴിലാളിക്കുകിട്ടുന്ന മേല്‍ക്കൈയും സര്‍വാധിപത്യവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്. ”കിട്ടാനുണ്ടൊരു ലോകം, നമ്മെ നമ്മള് ഭരിക്കും ലോകം, ധീര നൂതന ലോകം” എന്ന ഒഎന്‍വിയുടെ കവിത കാള്‍ മാര്‍ക്സ് നേരിട്ടു പാടിക്കൊടുത്തതാണെന്ന മട്ടില്‍ വിളിച്ചലറിക്കൊണ്ട് തെരുവില്‍ നടന്നവരും നടക്കുന്നവരും ആ വാഗ്ദാനത്തില്‍ വിശ്വസിച്ചു, ചിലര്‍ ഇന്നും വിശ്വസിക്കുന്നു. ലോകത്താദ്യമായി ബാലറ്റുപ്രക്രിയയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ കേരളം, അധികാരത്തില്‍ കയറ്റിയ കേരള ജനത എന്നൊക്കെ ഊറ്റം കൊണ്ടിരുന്ന ‘കമ്യൂണിസ്റ്റ് മത വിശ്വാസി’കള്‍ക്ക്, തുടര്‍ച്ചയായി കേരളത്തില്‍ തുടര്‍ഭരണം കിട്ടിയപ്പോള്‍ സര്‍വം തികഞ്ഞ ആനന്ദാനുഭൂതി വളര്‍ന്നിരിക്കെയാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നത് ”പിണറായി വിജയന് മുഖ്യമന്ത്രിയായി നയിക്കുന്ന സര്‍ക്കാര്‍ കമ്യൂണിസവും സോഷ്യലിസവുമല്ല നടപ്പാക്കുന്നതും പോഷിപ്പിക്കുന്നതു”മെന്ന്. മാത്രമല്ല, മുതലാളിത്തത്തിന്റെ ഭാഗമായിനിന്ന്, അത് നടപ്പിലാക്കുകയാണ് ചെയ്യുന്നത്, അതുകൊണ്ട് തൊഴിലാളിക്ക് കൂലികൊടുക്കുന്നതിനൊഴികെ മറ്റെന്തിനും ഏതു തരത്തില്‍ മൂലധനം സ്വരൂപിക്കുന്നതും തെറ്റല്ല, നല്ലതാണ് എന്ന്!
പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇക്കാലത്തെ താത്ത്വിക വിശകലന വിശാരദനാണെന്ന് ആ പാര്‍ട്ടിതന്നെ പറയുന്നു. അതുകൊണ്ടുതന്നെ പറഞ്ഞത് തെറ്റിയതാവാനിടയില്ല, അറിയാതെ പറഞ്ഞതുമല്ല. ഇനി നാവു പിഴയാണെന്ന് സംശയം പറയുന്നവര്‍ക്ക്, അല്ലെങ്കില്‍ ഉദ്ദേശിച്ചത് ഇങ്ങനെയാണെന്ന് തിരുത്തി പറയുന്നവര്‍ക്ക് ഇതുകൂടി വിശദീകരിക്കേണ്ടിവരും. അത് സിപിഎം പോളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗം എം.എ. ബേബി പറഞ്ഞതാണ്. ബേബി പരമോന്നത നേതാവ് കാള്‍ മാര്ക്സിനെത്തന്നെ തിരുത്തുകയായിരുന്നു: ”മുതലാളിത്തത്തെ വിലയിരുത്തുന്നതില്‍ കാള്‍ മാര്ക്സിന് മറ്റുപലതിലുമെന്നതുപോലെ പിഴവുപറ്റി. അക്കാലത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് മാര്‍ക്സ് മുതലാളിത്തത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത്” എന്നാണ് ബേബി പറഞ്ഞത്. കാള്‍ മാര്‍ക്സ് പറഞ്ഞതും എഴുതിയതും, അതായത് ‘മൂലധനം’ എന്ന് മലയാളത്തില്‍ പറയുന്ന ‘ദാസ് കാപിറ്റല്‍’, മതഗ്രന്ഥം പോലെയല്ല, കാലികമായി മാറ്റിത്തിരുത്താവുന്നതാണ് എന്നാണ് ബേബിയുടെ അഭിപ്രായം. മുതലാളിത്തം അത്ര മാത്രം ചെറുക്കപ്പെടേണ്ടതല്ല, മോശമല്ല എന്ന ബേബിയുടെ ആ വിശകലനത്തിന്റെ തുടര്‍ച്ചയാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം. സംസ്ഥാന സെക്രട്ടറിയും പിബി അംഗവും പറയുമ്പോള്‍ അതിനപ്പുറം പറയാന്‍ അണികള്‍ക്ക് കഴിയില്ലല്ലോ.
നമ്മള് ചര്‍ച്ച ചെയ്യുന്നത് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക് പോസ്റ്റിലെ ഉള്ളടക്കമല്ല, കമ്യൂണിസത്തിന്റെ അടിസ്ഥാന തത്ത്വത്തെക്കുറിച്ചാണ്. അപ്പോള്‍ ഇവര്‍ പറയുന്നതു പ്രകാരം, ‘മൂലധനം’ അടിത്തറതന്നെ തകര്‍ന്ന ഒരു സിദ്ധാന്തമാണ്. ആ സിദ്ധാന്തത്തിനുമേല്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനം നടത്തുന്ന ഭരണം മുതലാളിത്തത്തിന്റെ ഭാഗമായിനിന്ന് അതിന്റെ പോഷണമാണ് നടത്തുന്നത്. അത് സ്വത്തും ലാഭവും ഉണ്ടാക്കുന്നു. അങ്ങനെ അത് ഭരണസംവിധാനത്തിനെ ശക്തിപ്പെടുത്തുന്നു, അത് നല്ലതാണ്. ആ സര്‍ക്കാര്‍ ചെയ്യുന്നതിനെ എതിര്‍ക്കുന്നത് വികസനം തടയലാണ് എന്നൊക്കെയാണ് ‘ഗോവിന്ദ ഭാഷ്യം’. എന്നുപറഞ്ഞാല്‍, തെറ്റായ ഒരു സിദ്ധന്തത്തിന്റെ തെറ്റായ തരത്തിലുള്ള നടപ്പാക്കലാണ് കമ്യൂണിസ്റ്റ് ഭരണം. ‘ആത്യന്തികമായി ഭരണകൂടം കൊഴിഞ്ഞുപോകും, ഇല്ലാതാകും’ (ദ് സ്്റ്റേറ്റ് വില്‍ വിതര് എവേ), ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും’ എന്നെല്ലാമുള്ളത് ‘സുന്ദരമായ നടക്കാത്ത സ്വപ്ന’മാണെന്നാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ സമ്മതിക്കുന്നത്.
എം.വി. ഗോവിന്ദന്, പാര്‍ട്ടി നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണ യാത്രയില്‍ കോഴിക്കോട്ട് മുക്കത്താണ് ‘മൂലധന’ത്തെ വിശദീകരിച്ചത്. എം.എ. ബേബി കണ്ണൂരിലാണ് ‘മൂലധനത്തെ’ തള്ളിപ്പറഞ്ഞത്. ഇനി തെറ്റുതിരുത്തേണ്ടത് അണികളും അനുഭാവികളുമാണ്.
ഇത് 2023. 1925 ഡിസംബര്‍ 26ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) രൂപപ്പെട്ടത്. അതായത്, രണ്ടുവര്‍ഷം കൂടിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയുടെ നൂറാം വര്‍ഷമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന് നടത്തുന്ന യാത്രയിലെ പ്രസംഗങ്ങളില്‍ നടത്തുന്ന പ്രചാരണം പക്ഷേ, ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികത്തെക്കുറിച്ചാണ്. 2025ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് 100 വര്‍ഷമാകുകയാണ്. 1925 ലെ വിജയദശമി ദിവസമാണ് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആര്‍എസ്എസ് സ്വരൂപം പൂണ്ടത്. അതായത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ആര്‍എസ്എസ്സിനും നൂറുതികയുന്നു. പക്ഷേ, ആര്‍എസ്എസ് ആ നൂറിനെക്കുറിച്ച്, ഇനിയും രണ്ടു വര്ഷമുണ്ടെന്നതിനാല് വമ്പിച്ച പ്രചാരണ പരിപാടികളൊന്നും തുടങ്ങിയിട്ടില്ല, അതിന്റെ ആസൂത്രണങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ഗ്രാമങ്ങളിലുള്‍പ്പെടെ വീടുകളിലും വ്യക്തികളിലും നടക്കുകയാണെങ്കിലും. എന്നാല്‍ നോക്കണേ, സിപിഎം സെക്രട്ടറി സ്വന്തം ഇസത്തിന്റെ നൂറാം വര്‍ഷം വരുന്ന കാര്യമല്ല പറയുന്നത്, ആര്എസ്എസ്സിനെക്കുറിച്ചാണ്!
ഇത് ആര്‍എസ്എസ്സിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള എതിര് പക്ഷക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങളുടെ തുടര്‍ച്ചയാണ്. ആര്‍എസ്എസ് 100 വര്‍ഷം തികയ്ക്കുമ്പോള്‍ രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത് വലിയ അപകടമാണ്, അതിനാല്‍ ആര്‍എസ്എസ്സിനെ സഹായിക്കുന്ന ബിജെപിയെ കേന്ദ്രഭരണത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ഗോവിന്ദന്റെ പ്രസംഗം. ലക്ഷ്യം 2024 ല്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളാണ്; അതിന് ആര്‍എസ്എസ്സിന്റെ പേരുപറഞ്ഞ് ഭീതി ജനിപ്പിച്ച് മതന്യൂനപക്ഷത്തിന്റെ വോട്ട് കമ്യൂണിസ്റ്റുപക്ഷത്താക്കുക! എത്ര ദുര്‍ബലമാണ് ആ പാര്‍ട്ടിയും പാര്‍ട്ടിയുടെ ആശയമെന്നും നോക്കുക.
‘എഴുന്നേറ്റുനടന്ന് മുടന്ത് കാണിക്കുക’ എന്നൊരു ശൈലിമലയാളത്തിലുണ്ട്. ഒരുപക്ഷേ മറ്റാരും കാണാതെ, ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഒരു വൈകല്യമായ മുടന്ത്, സ്വയം പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ കാണാനിടയാക്കുക എന്ന അര്‍ത്ഥത്തിലാണത്. പക്ഷേ, ‘വൈകല്യം’ എന്ന് പറയുന്നത് വിവേചനവും അതുള്ളവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതുമാണെന്ന കാരണത്താല്‍ പകരം ‘ഭിന്നശേഷി’ എന്ന വാക്കുപയോഗിക്കാന്‍ തുടങ്ങി. അതും കടന്ന്, ഇത്തരക്കാര്‍ക്കുള്ള പ്രത്യേക കഴിവുകളും മികവുകളും കണക്കിലെടുത്ത് അവരെ ‘ദിവ്യാംഗര്‍’ എന്ന് വിളിക്കണമെന്ന അഭിപ്രായം വന്നു. പക്ഷേ, ‘ദിവ്യാംഗര്‍’ എന്നത് നരേന്ദ്രമോദിയും സര്‍ക്കാരും നിര്ദേശിച്ചതായതിനാല്കൂടിയാവണം, മലയാളത്തില്‍, കേരളത്തില്‍ അതുപയോഗിക്കുന്നത് കുറവാണ്. വൈകല്യത്തിലേക്ക് വരാം, ഒരു ശൈലിയെന്ന നിലയില്‍. നമ്മുടെ ‘പൊളിറ്റിക്കല്‍-സോഷ്യല്‍ കറക്ട്നസിന്’വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഭാഷയുടെ നാശത്തിന്, ശൈലിയുടെ ശോഷണത്തിനു പറ്റുന്ന അപകടങ്ങളെക്കുറിച്ച് ആരും അത്ര ബോധമുള്ളവരായി തോന്നുന്നില്ല. ഗോവിന്ദന്മാഷ് ”എഴുന്നേറ്റുനടന്ന് (പാര്‍ട്ടിയുടെ) ‘ദിവ്യാംഗസ്ഥിതി’ കാട്ടുക”യാണ് എന്നു പറയാന്‍ പറ്റുകയില്ലല്ലോ; അങ്ങനെയാണെങ്കിലും.
പാര്‍ട്ടി അതിന്റെ ആദര്‍ശത്തിന്റെ കാമ്പായി കൊണ്ടാടുന്ന ‘കമ്യൂണിസ’ത്തില്‍ ഊറ്റം കൊള്ളാനാവുന്നില്ല. എന്നല്ല, അതിന്റെ അടിത്തറ തെറ്റാണെന്ന് പറയുക, ആശയം ആവിഷ്കരിച്ചയാള്ക്ക് തെറ്റുപറ്റി എന്ന് സമ്മതിക്കുക, ആവിഷ്കാരം നടപ്പില്ല എന്ന് കുറ്റസമ്മതം നടത്തുക, ഇതുവരെ പറഞ്ഞതും ചെയ്തതും തെറ്റായിപ്പോയെന്ന് പറയാതെ പറയുക… പതനത്തിന്റെ പരമാവധിയാണിതൊക്കെ. ഇതെല്ലാം കാണിക്കുന്നത് ഈ വാസ്തവമാണ്: സര്‍വരാജ്യ തൊഴിലാളികളേ, ശരിയാണ് റഷ്യയിലും ചൈനയിലും മാത്രമല്ല, ഇന്ത്യയില്‍ ബംഗാളിലും ത്രിപുരയിലും മാത്രമല്ല, കേരളത്തിലും കമ്യൂണിസത്തിന്റെ പ്രയോഗം സാധ്യമല്ല. എന്നു പറയുമ്പോള്‍ നാടിന്റെ ഭേദവും നടപ്പാക്കലിലെ പാകപ്പിഴയുമല്ല കുഴപ്പം, ആ ആശയത്തിന്റെ, ആദര്‍ശത്തിന്റെ പാകപ്പിഴയാണ് കാരണം എന്ന് വ്യക്തം. ഭരണകൂടം കൊഴിഞ്ഞുപോകുകയല്ല, ഭരണത്തിലെത്തുന്നതോടെ ആദര്‍ശം അബദ്ധജടിലമാണെന്ന് നിസ്തര്‍ക്കം ബോധ്യമാകുകയാണ് ചെയ്യുന്നത്.
ജനാധിപത്യമല്ല, കമ്യൂണിസത്തിന്റെ വഴിയെന്ന് പരസ്യമായി പ്രഖ്യാപിക്കല്കൂടിയാണ് ഗോവിന്ദന്റെ കുറ്റമേറ്റുപറയല്. അതാകട്ടെ കൂടുതല്‍ അപകടകരമായ വിശദമാക്കല്കൂടിയായി എന്നുവേണം വിലയിരുത്താന്‍. അതിന് പിണറായി വിജയന്റെ പേരു പറഞ്ഞതും പിണറായി സര്‍ക്കാരിനെ ഉദാഹരിച്ചതും ഗോവിന്ദനിലെ രാഷ്ട്രീയക്കാരന്റെ, ഗ്രൂപ്പുരാഷ്ട്രീയക്കാരന്റെ തന്ത്രം. കമ്യൂണിസ്റ്റ് നയം പറയാന്‍ ആ ഉദാഹരണത്തിന്റെ ആവശ്യമില്ലായിരുന്നല്ലോ. ഒരു സംവിധാനത്തില്‍ ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ ഭാഗമായ കമ്യൂണിസറ്റ് സര്‍ക്കാരിന് സോഷ്യലിസമൊന്നും നടപ്പാക്കാനാവില്ല എന്നാണ് കമ്യൂണിസ്റ്റ് കുറ്റ സമ്മതം നടത്തിയത്. ഭരണകൂടത്തിന്റെ ഭാഗമാകുമ്പോള്‍ മുതലാളിത്തമാണ് നടപ്പാക്കുന്നതെന്ന് പറയുന്നത് പറഞ്ഞാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കലാണ്. മറ്റൊരര്‍ത്ഥത്തില്‍, ഭരണഘടനയെ തള്ളിപ്പറയലാണ്. മുതലാളിത്തം മൂലധനത്തിലധിഷ്ഠിതമാണ്. അത് നടത്തിക്കൊണ്ടുപോകാന്‍ കടം വാങ്ങാവുന്നതാണ്. കടം വാങ്ങി ഉല്‍പ്പാദിപ്പിക്കുന്നത് വികസനത്തിനാണ്, ആ വികസനം കമ്യൂണിസ്റ്റ് പാര്‍ട്ടിയും അംഗീകരിക്കുന്നുവെന്ന് പറയുമ്പോള്‍ ആകെക്കൂടി ആശയക്കുഴപ്പത്തിലാണ് ആ ഇസം എന്ന് സ്വയം പ്രഖ്യാപിക്കല്‍ തന്നെയാണ്.
ഒരു രാജ്യത്തെ പൊതു സംവിധാനമായ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാതെ, അതിനെ വഴിനീളെ ചോദ്യം ചെയ്ത്, രാജ്യത്തിന്റെ പൊതു ഘടനയില്‍നിന്ന് വേറിട്ടു പോകുന്നതാണ് മെച്ചമെന്ന ചിന്ത ആളുകളില്‍ ജനിപ്പിച്ച് പ്രത്യയ ശാസ്ത്ര അടിത്തറയില്ലാത്ത, ജനാധിപത്യ സംവിധാനത്തോട് അവിശ്വാസം കാണിച്ച് നടത്തുന്ന ഈ പ്രചാരണം ഏറെ അപകടകരമാണ്, പ്രത്യേകിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം നിരോധിച്ച സംഘടനകളുടെ പ്രവര്‍ത്തകരെ തോളിലേറ്റി, അവരുടെ തണലില്‍ നടത്തുന്ന പ്രചാരണയാത്ര. പക്ഷേ, അണികളെ ഇക്കാര്യമൊന്നും ചിന്തിപ്പിക്കാതെ ഇങ്ങനെയൊന്നും ചോദിക്കാന്‍ അവസരംകൊടുക്കാതെ കൊണ്ടുനടക്കാന്‍ ഈ മുതലാളിത്ത പാര്‍ട്ടിക്കറിയാം. അതാണ് അണികള്‍ അനുഭവിക്കുന്ന അടിമത്തവും.
പിന്കുറിപ്പ്:
സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടുന്നു. സ്വന്തം ഭരണകാര്യങ്ങളില്‍, ഭരണത്തലവനായ മുഖ്യമന്ത്രിക്ക് അദ്ദേഹം അറിയാത്ത ഭരണനടപടികളുടെ എണ്ണം കൂടുന്നു!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: