കന്യാകുമാരി : ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ . സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ സ്വത്വം ആവിഷ്ക്കരിക്കുന്നതില്‍ വിജയിച്ചിരുന്നു. മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം സ്വഭിമാനം സജീവമാകുന്നത് കണ്ടപ്പോഴാണ് ബ്രിട്ടീഷുകാര്‍ മാധ്യമനിയന്ത്രണ നിയമം കൊണ്ട് വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേര്‍ന്ന് വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച യൂത്ത് ജേര്‍ണലിസം വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
പത്രങ്ങള്‍ മാത്രമല്ല നൃത്തവും നാടകവും സിനിമയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെല്ലാം രാഷ്ട്രത്തിന്റെ സ്വാഭിമാനത്തെ ഉണര്‍ത്തി. ആ ഉണര്‍വിനെ തകര്‍ക്കാന്‍ ആവിഷ്ക്കാരം നിരോധിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചന്ന്. മോഹിനിയാട്ടവും മണിപ്പൂരി നൃത്തവുമൊക്കെ അക്കാലത്ത് നിരോധിച്ചു. നിരവധി നാടകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നാടകപ്രവര്‍ത്തകരെ സ്റ്റേജില്‍ കയറി അറസ്റ്റ് ചെയ്തു. മാധ്യമങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് പ്രേരണ നല്‍കുന്നത് രാജ്യദ്രോഹമായി ബ്രിട്ടീഷുകാര്‍ കരുതി.
ഭാരതത്തിന്റെ സ്വാതന്ത്ര്യം അഹിംസ എന്ന ഏകമുഖമായിരുന്നില്ല . സമഗ്രമായ പോരാട്ടത്തിന്റെ ചരിത്രമാണത്. അത് പുരുഷന്മാര് മാത്രം നടത്തിയതല്ല, സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ മാത്രം നടത്തിയതല്ല. പഴശ്ശി രാജാവ് വീണിട്ടും കുറിച്യപോരാളികള് പോരാടി. പക്ഷേ ഇത്തരം ചരിത്രങ്ങള്‍ നമ്മള് പഠിക്കുന്നില്ല.
വിദേശികള്‍ വന്നതിനു ശേഷമാണ് ഭാരതത്തിന് ചരിത്രം ഉണ്ടായത് എന്ന തെറ്റായ ധാരണ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. അത്തരം വാദങ്ങളെ ഹിന്ദ് സ്വരാജില്‍ ശങ്കരാചാര്യരെ ഉദ്ധരിച്ച് മഹാത്മാ ഗാന്ധി തിരുത്തിയിട്ടുണ്ട്. തിരുത്തലുകളുടെ എഴുത്തുകള്‍ ഉണ്ടാകണം.’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചരിത്രത്തിന്റെ ഈ വീണ്ടെടുപ്പില്‍ മഹത്തായ ഉത്തരവാദിത്തം ഉണ്ട് , നന്ദകുമാര്‍ പറഞ്ഞു.
ചരിത്രത്തിലെ വ്യാജ നിര്‍മിതികള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി ജി ഹരിദാസ് ക്ലാസെടുത്തു. സമാപന പരിപാടിയില്‍ വിവേകാനന്ദ കേന്ദ്രം ഐ ടി വിഭാഗം ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഹാര്‍ദിക് മെഹ്ത സംസാരിച്ചു. വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം.രാജശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. പി ഐ ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി, മാഗ് കോം ഡയറക്ടര്‍ ഡോ. എ.കെ. അനുരാജ്, വി എസ് കെ. സെക്രട്ടറി എം.സതീശന് എന്നിവര്‍ സംസാരിച്ചു.
രണ്ടു ദിവസത്തെ ശില്പശാല ഭോപാല്‍ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.സുരേഷാണ് ഉദ്ഘാടനം ചെയ്തത് .ജനങ്ങളോടാണ് ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും അത് ആക്ടിവിസമല്ലെന്നും സുരേഷ് പറഞ്ഞു . വാര്‍ത്തയുടെ എല്ലാ വശവും ജനങ്ങളോട് പറയുകയാണ് ജേണലിസ്റ്റിന്റെ ദൗത്യം. തെരുവ് നായയുടെ സംരക്ഷണം മാത്രമല്ല അതിന്റെ കടിയേല്‍ക്കുന്ന മനുഷ്യന്റെ സംരക്ഷണവും അതില്‍പ്പെടും. ആക്ടിവിസ്റ്റിന് ഒരു പക്ഷം ഒരു പക്ഷത്തിന് വേണ്ടി മാത്രമാവും സംസാരിക്കുക, അദ്ദേഹം പറഞ്ഞു. എഡി, ബിസി എന്ന് കാലത്തെ വിഭജിക്കും പോലെ ബിഫോര്‍ ഗൂഗിള്‍ (ബിജി ), ആഫ്റ്റര്‍ ഗൂഗിള്‍ (എജി) എന്ന് മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി കാണേണ്ട കാലമാണിത്. കണ്ണും കാതും തുറന്ന് വാര്‍ത്തയ്ക്കായി കാത്തിരിക്കുക എന്നതിനൊപ്പം മനസ്സും തുറന്നിരിക്കണമെന്നത് കൂട്ടിച്ചേര്‍ക്കണമെന്ന് ഡോ. സുരേഷ് പറഞ്ഞു. വിശ്വ സംവാദകേന്ദ്രം അധ്യക്ഷന്‍ എം.രാജശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക് വിശ്വാസ് ലപാല്ക്കര്, ഐ ഐ എം സി റീജണല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വടവാതൂര്‍, മാഗ് കോം ഡയറക്ടര്‍ ഡോ.എ.കെ. അനുരാജ്, വിശ്വസംവാദകേന്ദ്രം എക്സിക്യൂട്ടീവ് മെമ്പര്‍ എം. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ മാധ്യമ പഠനസ്ഥാപനങ്ങളില്നിന്ന് തെഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികളാണ് ശില്പശാലയില് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: