പെരുമണ്‍: സ്വന്തം വ്യാഖ്യാനങ്ങളിലൂടെ തെറ്റായ രീതിയില്‍ തിരുത്തുന്നതാണ് പരിഷ്കാരവും പുരോഗമനവുമെന്ന വിശ്വാസം തെറ്റായിപ്പോയെന്നു സമ്മതിക്കുന്നതാണ് പുരാണേതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളുമായി കമ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ പുറപ്പാടെന്ന് കവിയും എഴുത്തുകാരനുമായ കാവാലം ശശികുമാര്‍ പറഞ്ഞു.
രാമായണം കെട്ടുകഥയാണ്, സവര്‍ണരുടെ സൃഷ്ടിയാണ്, രാമന് ജനിച്ചിട്ടില്ല എന്നു പറഞ്ഞവര്‍ ശ്രീരാമനും സീതയ്ക്കും ശ്രീകൃഷ്ണനും അര്‍ജുനനും മറ്റും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത് ഇതാണ് തെളിയിക്കുന്നത്. രാമായണം കത്തിക്കണമെന്ന് പറയാന്‍ ഇന്നവര്‍ തയാറാകുന്നില്ല, ഈ മാറ്റം യഥാര്‍ത്ഥ സംസ്കൃതിയുടെ കാവല്ക്കാര് നടത്തിയ പ്രതിരോധത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍കൂടിയായ കാവാലം ശശികുമാര്‍ വിശദീകരിച്ചു. തപസ്യ കൊല്ലം ജില്ലാ ഘടകത്തിന്റെ വാര്‍ഷികം പെരുമണ്‍ സുബോധാരണ്യത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വത്തെയും ഭാരതീയതയേയും എതിര്‍ത്തു പോന്ന കമ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാട് തെറ്റായിപ്പോയെന്നറിഞ്ഞ് അവര്‍ തിരുത്തുന്നു. ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചടങ്ങില്‍ പോയ സാംസ്കാരിക നായകരെ ഒറ്റപ്പെടുത്തണമെന്ന്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ കെ. സച്ചിദാനന്ദന് പറഞ്ഞതിനെ കമ്യൂണിസ്റ്റ് എഴുത്തുകാരനായ അശോകന് ചെരുവില്‍ തിരുത്തുന്നു. ഇത് അവര്‍ക്കിടയിലെ ആഭ്യന്തര കലഹം കൂടിയാണ്.
തെറ്റിയെന്നറിഞ്ഞുള്ള തിരുത്തലാണ്. കാല് നൂറ്റാണ്ടു മുമ്പെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും തെറ്റായിപ്പോയെന്നു പറയുമ്പോള്‍ ഇപ്പോള്‍ പറയുന്ന നിലപാടുകളും വ്യാഖ്യാനങ്ങളും നാളെ തെറ്റാണെന്ന് കുറ്റസമ്മതം നടത്തുമെന്നാണര്ത്ഥം. ഇത് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് തപസ്യയിലൂടെ നടക്കേണ്ട ഒരു പ്രവര്‍ത്തനം. ഒപ്പം യഥാര്‍ത്ഥ സംസ്കാരവും ശരിയായ വ്യാഖ്യാനവും പ്രചരിപ്പിച്ചാല്‍ നുണകള്‍ക്ക് ഇടമില്ലാതാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ജില്ലാ പ്രസിഡന്റ് എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി.ചടങ്ങില്‍ കവി മണി കെ. ചെന്താപ്പൂരിന്റെ അക്കിത്തംസ്മൃതി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു.പ്രാദേശിക ചരിത്രകാരന്മാരായ അശോക് ബി കടവൂര്‍,ആറ്റുവാശ്ശേരി സുകുമാരപിള്ള,പാവുമ്പ ഗംഗാധരന്‍പിള്ള എന്നിവരെ ആദരിച്ചു. ചിത്രരചനയില്‍ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഗോപികാകണ്ണന്‍,കൃഷ്ണാ എല്‍ പ്രകാശ്, അനന്യ എസ് സുഭാഷ് എന്നിവരെ അനുമോദിച്ചു.
റെലെവന്റ്ചന്ദ്രബാബുവിന്റെ വാദ്യസംഗീതവും,അപര്ണാകൃഷ്ണന്റെ വയലിന് വാദനവും ഉണ്ടായി. കടപ്പാക്കട തപസ്യ യൂണിറ്റ് നാടന്‍പാട്ട് അവതരിപ്പിച്ചു.അനുബന്ധമായി നടന്ന കവി സംഗമത്തില്‍ പ്രമുഖ കവികള്‍ പങ്കെടുത്തു. ശ്രീജിത്ത് തണ്ട്രായി, രംജിലാല് ദാമോദരന്‍, ആര്.അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, കെ.വി. രാമാനുജന് തമ്പി, കെ.ദാനകൃഷ്ണപിള്ള, അഡ്വ.ഡി.സത്യരാജന്‍, കെ.ജയകുമാര്‍, അനില്‍ നെടിയവിള, ഹരികൃഷ്ണന്, ജോയ് ആലപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: