കൊല്ലം : കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ കേസില്‍ രണ്ട് പേര്‍ കൂടി പ്രതിപ്പട്ടികയില്‍. സിപിഎം കൗണ്‍സിലര്‍ ഷാനവാസിന്റെ കയ്യില്‍ നിന്നും ലോറി വാടകയ്‌ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അന്‍സറിനേയുമാണ് പ്രതിപട്ടികില്‍ പുതിയതായി ചേര്‍ത്തിട്ടുള്ളത്. നാല് പ്രതികള്‍ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
തൗസീഫും ജയനുമാണെന്നാണ് പാന്‍മസാല കടത്തിനു പിന്നിലെ മുഖ്യ കണ്ണികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജയനാണ് കര്‍ണാടകത്തില്‍ നിന്നും പാന്‍മസാല എത്തിക്കുന്നത്. ഇതിന് മുമ്പും പ്രതികള്‍ പല തവണ കൊല്ലത്തേക്ക് പാന്‍മസാല കടത്തിയിട്ടുണ്ട്. എന്നാല്‍ ലഹരിക്കടത്തില്‍ ഷാനവാസിന് പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തന്റെ ലോറി ഷാനവാസ് വാടകയ്‌ക്ക് നല്‍കിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഷാനവാസ് ഹാജരാക്കിയ വാടകക്കരാര്‍ വ്യാജമല്ലെന്നാണ് പോലീസ് പറയുന്നത്. കരാര്‍ തയ്യാറാക്കിയ അഭിഭാഷകയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് സൈബര്‍ സെല്ലിന്റെ സാഹായത്തോടെ പരിശോധിച്ചെന്നും പാന്‍മസാല പിടികൂടുന്നതിനും രണ്ട് ദിവസം മുമ്പ് ഷാനവാസ് വാടക കരാര്‍ എഴുതിയിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകള്‍ കരുനാഗപ്പള്ളിയില്‍ വച്ച് പോലീസ് പിടികൂടിയത്.
















