ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ക്ലൗസ് ഷ്വാബ്. ലോകം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഇന്ത്യ ശോഭിക്കുകയാണ്. തകര്‍ന്നുപോയ ഈ ലോകത്ത് മോദിയുടെ നേതൃത്വം നിര്‍ണായകമെന്നും ഷ്വാബ് പറഞ്ഞു. ഡബ്ല്യുഇഎഫിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി20 അധ്യക്ഷ പദവി വഹിക്കുമ്പോള്‍ ലോകത്തിലെ എല്ലാവര്ക്കും നീതിയും തുല്യമായ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ. അതോടൊപ്പം തന്നെ ആഭ്യന്തരമായി ഉയരുന്ന വെല്ലുവിളികളില്‍ നിര്‍ണായക പുരോഗതി കൈവരിക്കുകയും ചെയ്യുന്നു. വളരെ പ്രധാനപ്പെട്ട സമയത്താണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
ഇന്ത്യയുമായുള്ള നാല്‍പ്പത് വര്‍ഷത്തെ സഹകരണ ചരിത്രത്തെ വിലമതിക്കുന്നു. ജി20ന്റെ അധ്യക്ഷ പദവിയിലിരിക്കുമ്പോഴും തുടര്‍ന്നും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്നിലധികം പ്രതിസന്ധികളാല്‍ ലോകം തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഇഎഫ് വാര്‍ഷിക യോഗം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മന്ത്രിമാരെയും പ്രതിനിധികളെയും ബിസിനസുകാരെയും കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ രാജ്യം സ്വീകരിക്കുന്ന നിര്‍ണായക നടപടികള്‍, ആഗോള ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയിലേക്കുള്ള സംഭാവനകള്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നതിലെ ശ്രദ്ധ കേന്ദ്രീകരണം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിലെ നേതൃത്വം എന്നിവയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: