തിരുവനന്തപുരം: സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ പോവുന്നത് മോദി സര്‍ക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തെലുങ്കാനയില്‍ പോയി മോദി സര്‍ക്കാര്‍ കേരളത്തെ ഞെക്കിക്കൊല്ലുന്നുവെന്ന വ്യാജപ്രചരണം നടത്തിയത് പ്രതിഷേധാര്‍ഹമാണ്.
ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് മോദിയുടെ കാലത്താണെന്നും തിരുവനന്തപുരം സെന്‍ട്രെല്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജിഎസ്ടി കുടിശികയുടെ പേരില്‍ പോലും കേരള ധനമന്ത്രി കള്ളപ്രചരണം നടത്തി. റവന്യൂ ഡെഫിസിറ്റി ഗ്രാന്‍ഡ് ഏറ്റവും കൂടുതല്‍ കേരളത്തിന് ലഭിച്ചത് മോദി സര്‍ക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.
3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. വികസന പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത സംസ്ഥാനത്താണ് ഇത്രയും വലിയ കടമുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. ധൂര്‍ത്തടിക്കാനും ശമ്പളവും പെന്‍ഷനും കൊടുക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ കടംവാങ്ങുന്നത്. ഇന്ത്യയില്‍ ഏറ്റവും മോശം ഭരണം പിണറായി വിജയന്റേതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടാവുന്നത്. രാജ്യം എല്ലാ മേഖലയിലും പുരോഗമിക്കുകയാണ്. സബ് കാസാത്ത് സബ് കാ വികാസ് എന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിപക്ഷ സര്‍ക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസര്‍ വിടി രമ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ള, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍, പി.രാഘവന്‍, അശോക് കുമാര്‍, പ്രൊഫസര്‍ പി.രഘുനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക