തിരുവനന്തപുരം: ഗുവാഹത്തിയില്‍ ആധികാരികമായി ജയിച്ചു, കൊല്‍ക്കത്തയില്‍ പൊരുതിയും. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നത് പരമ്പര തൂത്തുവാരുകയെന്ന വലിയ കാര്യത്തോടെ. ലങ്കയേക്കാള്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അടുത്തയാഴ്ച നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ചില ആയുധങ്ങള്‍ കൂടുതല്‍ തേച്ചുമിനുക്കണം.
ബാറ്റിങ് നിരയില്‍ മാറ്റത്തിന് സാധ്യത. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ ഓപ്പണറായി ഇറങ്ങിയേക്കുമെന്ന സൂചന ബാറ്റിങ് കോച്ച് വിക്രം റാഥോഡ് നല്‍കി. ബൗളിങ്ങില്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ അര്‍ഷദീപിന് അവസരമൊരുങ്ങും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയടക്കം കണക്കിലെടുത്ത് ഷമിയില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ വര്‍ഷം കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യില്‍ അര്‍ഷദീപ് തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തിരുന്നു. മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമാകും മറ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയുമുണ്ടാകും ഇവരെ പിന്തുണയ്‌ക്കാന്‍.
യുസ്‌വേന്ദ്ര ചഹലിന്റെ പരിക്ക് മൂലം ടീമിലെത്തി മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് യാദവ് ഇന്ന് കളിക്കുമോയെന്നതില്‍ വ്യക്തതയില്ല. ചഹല്‍ കളിക്കാന്‍ യോഗ്യനെങ്കില്‍ കുല്‍ദീപിന് അവസരമുണ്ടാകില്ല. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മിന്നും പ്രകടനം നടത്തുന്ന അക്‌സര്‍ പട്ടേലാകും മറ്റൊരു സ്പിന്നര്‍. അതേസമയം, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്ന അക്‌സറിന് പകരം സ്പിന്നിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാനും സാധ്യത. വാഷിങ്ടണിന് ഒരു മത്സരപരിചയവുമാകും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വൈകീട്ട് ടീമിനൊപ്പം അദ്ദേഹം പരിശീലനത്തില്‍ പങ്കെടുത്തു.
ലങ്കന്‍ ടീമാകട്ടെ കൃത്യമായ ഫോമിലേക്കെത്തിയിട്ടില്ല. ആദ്യ കളിയില്‍ ബൗളിങ്ങില്‍ തീര്‍ത്തും മങ്ങി. ബാറ്റിങ്ങില്‍ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക സെഞ്ചുറി നേടി. രണ്ടാമത്തേതില്‍ ആദ്യ മത്സരം കളിച്ച ഓപ്പണര്‍ നുവാനിഡു ഫെര്‍ണാണ്ടൊ മാത്രമാണ് തിളങ്ങിയത്. മധ്യനിര തകര്‍ന്നത് വലിയ സ്‌കോറിനു തിരിച്ചടിയായി. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും രാഹുലിന്റെ ക്ഷമയും പ്രതിരോധിക്കാനുള്ള സ്‌കോറില്ലാത്തതും ലങ്കയ്‌ക്ക് തിരിച്ചടിയായി. മുഖം രക്ഷിക്കാന്‍ ഒരു ജയമെന്ന ലക്ഷ്യത്തിലാകും ലങ്ക ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുക. ഒരു കളിയിലെങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ് നിരയെ കരുതലോടെയാണ് സമീപിക്കുകയെന്ന് കോച്ച് ക്രിസ് സില്‍വര്‍ഹുഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: