കല്‍പ്പറ്റ: രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ് സരുത. മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ അരിവാള്‍ രോഗ (സിക്കിള്‍ സെല്‍ അനീമിയ) നിവാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സേവാ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ജില്ലയെ സമ്പൂര്‍ണ അരിവാള്‍ രോഗ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരിവാള്‍ രോഗ നിവാരണ പദ്ധതികള്‍ക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണം. രാജ്യത്ത് അരിവാള്‍ രോഗം ഇല്ലാതാക്കുന്നതിന് വിവേകാനന്ദ മെഡിക്കല്‍ മിഷനും ഡോ. ധനഞ്ജയ് സഗ്ദേവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് 50 വര്‍ഷമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ആരോഗ്യ വിദ്യഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മിഷന് ചെയ്ത് വരുന്നതെന്ന് അവര്‍ പറഞ്ഞു. വയനാട്ടില്‍ ട്രൈബല്‍ സര്‍വകലാശാലയും മെഡിക്കല്‍ കോളജും ആരംഭിക്കുന്നതിന് ശ്രമിക്കുമെന്നും വയനാടിന്റെ പ്രശ്നങ്ങളും ഗോത്ര ജനതയുടെ പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ. പി. നാരായണന് നായര്‍ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ.എ. അശോകന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനവാസി കല്ല്യാണ്‍ ആശ്രമം നാഷണല്‍ ജോയിന്റ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി.പി. രമേശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് യു.എന്‍. ഹരിദാസ്, എഡിഎം എന്‍.ഐ. ഷാജു, ഡോ. ധനഞ്ജയ് സഗ്ദേവ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. നാരായണന്, ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിക്രം മാണിക്ക, ടൈഡ് പ്രൊജക്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ കെ.കെ. സത്യന്, വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, റിട്ട. വിങ്ങ് കമാന്റര്‍ വിനയ് സഗ്ദേവ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ചെട്ടി സര്‍വ്വീസ് സൊസൈറ്റി ജില്ലാ അധ്യക്ഷന്‍ ബാലകൃഷ്ണന് ചുണ്ടപ്പാടി, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരളക്ക് വേണ്ടി രഘുനന്ദന് എന്നിവര്‍ സംസാരിച്ചു. സുവര്‍ണ ജൂബിലി ആഘോഷസമിതി ചെയര്മാന് ഡോ. പി.
ശിവപ്രസാദ് സ്വാഗതവും അഡ്വ. വവിത എസ്. നായര്‍ നന്ദിയും പറഞ്ഞു. മന്ത്രിയുടെ പ്രസംഗം അജിത് കുമാര്‍ പരിഭാഷപ്പെടുത്തി. ചടങ്ങില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനുള്ള സാമ്പത്തിക സഹായം ഡോ. ധനഞ്ജയ് സഗ്ദേവിന്റെ സഹോദരന് ഡോ. വിവേക് സഗ്ദേവ് മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ.പി. നാരായണന് നായര്‍ക്ക് കൈമാറി. ഉച്ചക്ക് രണ്ടരയോടെ മെഡിക്കല്‍ മിഷനില്‍ എത്തിയ മന്ത്രിയെ സുവര്‍ണജൂബിലി ആഘോഷ ജനറല്‍ കണ്‍വീനര്‍ വി.കെ. ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: