ഡി. വിജയൻ
വീട് ശുചീകരിക്കുന്നതുപോലെ നാടും ശുചീകരിക്കണമെന്ന ആശയമാണ് 2017ല്‍ ഗുരുവായൂരില്‍ നടന്ന സേവാസംഗമത്തില്‍ സേവാഭാരതി സമാജത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. അത് പാലിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ശുചീകരണ മഹായജ്ഞം സേവാഭാരതി ‘സ്വച്ഛകേരളം’ എന്ന പദ്ധതിയിലൂടെ നടപ്പാക്കി. ഗുരുവായൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളും പൂര്‍ണമായി ശുചീകരിച്ചതിന് അന്നേ ദിവസം ഗുരുവായൂര്‍ നിവാസികള്‍ സാക്ഷിയായി. സേവാഭാരതി കേരളത്തിലുടനീളം നടത്തിയ ഈ പരിപാടിക്ക് ശേഷം പല സ്ഥലങ്ങളിലും ഇത്തരം ശുചീകരണ പ്രവൃത്തി സമൂഹം ഏറ്റെടുത്തു നടപ്പിലാക്കിയത് ഒരു വിജയം തന്നെയായിരുന്നു.
2023 ല്‍ പാലക്കാട് നടക്കാന്‍ പോകുന്ന സേവാസംഗമത്തില്‍ സേവാഭാരതി മുന്നോട്ടുവെക്കുന്ന ആശയമാണ് ‘ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’. അതിന്റെ ഗൃഹസമ്പര്‍ക്കം നടന്നുവരികയാണ്. എന്നിരുന്നാലും 2017 ല്‍ സേവാഭാരതി തുടങ്ങിവെച്ച ‘സ്വച്ഛകേരളം’ 2023 ലും കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജനുവരി 28, 29 തിയതികളിലാണ് സേവാസംഗമം നടക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് ‘സ്വച്ഛകേരളം’ ശുചീകരണ പരിപാടി ഇന്ന് നടക്കുന്നത്. കേരളത്തില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ 1046 യൂണിറ്റുകള്‍ തിരഞ്ഞെടുത്ത 5000 ല്‍ പരം കേന്ദ്രങ്ങള്‍ ഒരു ലക്ഷത്തിലേറെ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിക്കുന്നു. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.
മൂന്നര കോടിയില്‍പരം ജനം വസിക്കുന്ന കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. നാട്ടിന്‍പുറങ്ങള്‍, ഗ്രാമങ്ങള്‍, ഗ്രാമഭംഗി എന്നൊക്കെ പറഞ്ഞിരുന്ന സ്ഥലങ്ങളില്‍ നല്ലൊരു ശതമാനം അര്‍ധനഗരങ്ങള്‍ ആയി രൂപാന്തരപ്പെട്ടു. ഈ വാസസ്ഥലങ്ങളില്‍ വന്നുകൂടുന്ന മാലിന്യങ്ങളുടെ തോത് വളരെ വലുതും അത് നശിപ്പിക്കുന്നതിനുള്ള ഇടങ്ങള്‍ പരിമിതവുമായി. തന്നിമിത്തം നീര്‍ച്ചാലുകള്‍, നദികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ മാലിന്യകേന്ദ്രങ്ങളായി. മാലിന്യം യാതൊരു തത്വദീക്ഷയുമില്ലാതെ വലിച്ചെറിയാനുള്ളതാണ് എന്ന ശീലം സമൂഹം സ്വീകരിച്ചു. അതുമൂലം ഈ സ്ഥലങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന കേന്ദ്രങ്ങളായതു കൂടാതെ അണുക്കള്‍ പെരുകി പുതിയതരം രോഗങ്ങള്‍ പരത്തുന്ന ഉറവിടങ്ങളായി. പനി പിടിക്കുമ്പോള്‍ പക്ഷികളുടെയും ജന്തുക്കളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മലയാളക്കര മരുന്ന് കമ്പനികളുടെ വിപണന കേന്ദ്രങ്ങളായി കോടാനുകോടി വസൂലാക്കിക്കൊണ്ടിരിക്കുന്നു. ആതുരസേവനം ധനസമ്പാദന മാര്‍ഗമായി സ്വീകരിച്ച പുതിയ ആശുപ്രതികളില്‍ ഡോക്ടര്‍മാരുടെ വിലപേശല്‍ മറുവശത്ത്. ജലസ്രോതസുകള്‍ മലീമസമാക്കിയ ശേഷം 2022 അവസാനിച്ചപ്പോള്‍ 258 കോടിയോളം രൂപയുടെ കുപ്പിവെള്ളമാണ് മലയാളികള്‍ കുടിച്ചു ദാഹം ശമിപ്പിച്ചത്.
കേരളം നമ്പര്‍ 1 എന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് ജീവിതത്തില്‍ പകര്‍ത്തണം എന്ന സന്ദേശമാണ് സേവാഭാരതി ‘സ്വച്ഛകേരളം’ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വ്യക്തിശുചിത്വം, കുടുംബശുചിത്വം, പരിസര ശുചിത്വം ഇത് മൂന്നും വ്യക്തികള്‍ പാലിക്കേണ്ട ധര്‍മമാണെന്നു സേവാഭാരതി വീണ്ടും ഓര്‍മിപ്പിക്കുന്നു. അവരവരുടെ വീട്ടില്‍ തന്നെ മാലിന്യം സംസ്‌കരിച്ചു വളമാക്കിയ ശേഷം അല്‍പ സ്ഥലത്തു പോലും കൃഷി രീതികള്‍ സ്വീകരിക്കാനുള്ള ആശയം നല്‍കുക, ഒപ്പം പരിശീലനവും ഈ പദ്ധതിയുടെ ഭാഗമാണ്. മാലിന്യം സംസ്‌കരിക്കാന്‍ ഇടമില്ലാത്ത ഭവനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ പൊതുഇടങ്ങള്‍ സജ്ജീകരിക്കേണ്ടി വരും. ഇതെല്ലാം പ്രാവര്‍ത്തികമാകണമെങ്കില്‍ ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വര്‍ജിക്കേണ്ടതായി വരും. വിപണിയില്‍ സുലഭമായി പ്ലാസ്റ്റിക് ലഭ്യമാണെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കാതിരിക്കുകയെന്ന പൗരബോധം മാലിന്യസംസ്‌കരണത്തെ സഹായിക്കുന്ന ഘടകമാണ്. ‘സ്വച്ഛകേരളം’ എന്ന സേവാഭാരതിയുടെ ജനകീയ പരിപാടിയിലൂടെ കേരളത്തിന്റെ തനിമ നമുക്ക് വീണ്ടെടുക്കാം.
(ദേശീയ സേവാഭാരതി (കേരളം) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: