അദ്ധ്യായം 2
യമദേവന്റെ പടിവാതില്ക്കല്
അച്ഛന് പറഞ്ഞ വാക്കുകളുടെ പൊരുള്‍ എനിക്ക് മനസ്സില്‍ പതിയാന്‍ കുറച്ചു സമയമെടുത്തു. ‘നിന്നെ ഞാന്‍ മൃത്യുവിന്നാണ് ദാനം ചെയ്യുന്നത്’ എന്നാണല്ലോ പറഞ്ഞത്? അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്ന കഠിനമായ കോപം എനിക്ക് ആദ്യമേതന്നെ മനസ്സിലായിരുന്നു. അച്ഛന് പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും ഇടക്കിടയ്ക്ക് അദ്ദേഹത്തെ ക്രോധം കീഴടക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും ക്രുദ്ധനായിട്ടില്ല. എന്നോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും മാത്രമേ ഇതുവരെ പെരുമാറിയിട്ടുള്ളു. ഞാന്‍ അദ്ദേഹത്തിന്റെ ഒറ്റപ്പുത്രനാണല്ലോ. പക്ഷേ ഇത്തവണ അദ്ദേഹത്തിന്റെ ക്രോധം തീര്‍ച്ചയായും എന്റെ നേര്‍ക്ക് തന്നെയാണ്. അച്ഛന് എന്നോട് കോപിക്കുന്നത് എനിക്ക് താങ്ങാനാവുന്നില്ല
ഞാന്‍ വിചാരിച്ചത് യജ്ഞത്തിന്റെ അവസാനം എന്നെയദ്ദേഹം ഏതെങ്കിലും ബഹുമാന്യനായ ബ്രാഹ്മണന് ദാനം ചെയ്യുമായിരിക്കും എന്നാണ്. അദ്ദേഹത്തിന്റെ ഭൃത്യനായിട്ടോ സഹായിയായിട്ടോ ജീവിതകാലം കഴിച്ചുകൂട്ടാം എന്നാണ് ഞാന്‍ കരുതിയിരുന്നത്. എനിക്കതിനുള്ള യോഗ്യതയില്ലായിരിക്കുമോ? കുട്ടിയാണെങ്കിലും ഞാന്‍ പഠിക്കാന്‍ മിടുക്കനാണെന്ന് ഗുരുക്കന്മാര് പറയാറുണ്ട്. ഒന്നുരണ്ടു വിഷയങ്ങള്‍ ഒഴികെ ഏതാണ്ട് എല്ലാ വിഷയങ്ങളിലും കേമനാണെന്ന് അവര്‍ പറയാറുമുണ്ട്.
എന്റെ ആരോഗ്യവും നന്ന്. എനിക്ക് ഏതൊരു ജോലി തന്നാലും അത് പഠിച്ചെടുത്ത് വേണ്ട രീതിയില്‍ ചെയ്യാനാവും എന്നുറപ്പുണ്ട്താനും. അതിപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുള്ളതും ഹിതകരമല്ലാത്തതും ആണെങ്കില്‍പ്പോലും അച്ഛന് പറഞ്ഞാല്‍ ഞാനത് ചെയ്യും. അത്രതന്നെ. എന്തൊക്കെയായാലും ദാനത്തിനായി കരുതി വച്ചിരിക്കുന്ന ആ ചാവാലിപ്പശുക്കളെയെല്ലാം ചേര്‍ത്തുവച്ചു നോക്കിയാലും ഉടമസ്ഥന് യാതൊരുപയോഗവുമില്ലാത്ത ഒരു ദാനവസ്തുവല്ല ഞാന്‍.
ഇപ്പോള്‍ അച്ഛന് ക്രോധത്തില്‍ ഉച്ചരിച്ച വാക്കുകള്‍ക്ക് എന്താണര്‍ത്ഥം? ‘ഞാന്‍ മരിച്ചു പോകട്ടെ’ എന്ന് അച്ഛന് എന്നെ ശപിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ല. ‘വല്ലനരകത്തിലും പൊയ്ക്കോ’ എന്ന് ദേഷ്യം കൊണ്ട് പറഞ്ഞാല്‍ അത് മനസ്സിലാക്കാം.
ഇതാണ് മനുഷ്യന്റെ കുഴപ്പം.പെട്ടെന്നുള്ള ക്രോധാവേശത്തില്‍ ഓരോന്ന് പറയും.ഞാനാണെങ്കില്‍ അച്ഛനെ പ്രകോപിപ്പിക്കുന്ന വിധത്തില്ആവര്ത്തിച്ചു ചോദിച്ചപ്പോഴാണ് നിന്നെ ഞാന്‍ മൃത്യുവിനാണ് കൊടുക്കാന്‍ പോവുന്നതെന്ന് അദ്ദേഹം പറഞ്ഞത്! മൃത്യുവിന് എന്ന് പറഞ്ഞാല്‍ മരണത്തിന്റെ ദേവനായ യമന്‍ എന്നു തന്നെ അര്‍ത്ഥം.
അച്ഛന് ക്രോധാവേശത്തില്‍ പെട്ടെന്ന് പറഞ്ഞവാക്കുകളൊണെങ്കിലും അവ വൃഥാവിലാവാന്‍ പാടില്ല. ഒരു മഹര്‍ഷിയുടെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ അമ്പുകള്‍ പോലെയാണ്. ഒരിക്കല്‍ വില്ലില്‍ നിന്നും തൊടുത്തുവിട്ട അമ്പിനെ തിരികെ വിളിക്കുക എന്നത് അസാദ്ധ്യമാണ്. ലക്ഷ്യം ഭേദിക്കാതെ അമ്പിന് മടങ്ങാനാവില്ല. മഹര്‍ഷിയുടെ വാക്കുകളും ലക്ഷ്യഭേദിയാണ്. മാത്രമല്ല, അച്ഛന്റെ വാക്കുകള്തെറ്റാതെ പാലിക്കുക എന്നത് ഉത്തമനായ ഒരു പുത്രന്റെ ധര്‍മ്മവുമാണ്. യമദേവനെ സേവിക്കാനാണ് അച്ഛന് പറഞ്ഞത്! ദേവനെ സേവിക്കുന്നതല്ലേ ദൂദേവന്മാരായ ബ്രാഹ്മണ പൂജാരിമാരെ സേവിക്കുന്നതിനേക്കാള്‍ ശ്രേയസ്ക്കരം?
ബ്രാഹ്മണ പുരോഹിതര്‍ ഓരോരുത്തരായി വന്ന് ദാനം വാങ്ങിപ്പോകുന്നത് ഞാന്‍ കണ്ടിരുന്നു. പക്ഷേ ഇത്ര പ്രമുഖനായ യമദേവന് ദാനം സ്വീകരിക്കുവാന്‍ എത്തുകയില്ല എന്നെനിക്ക് തോന്നി. അപ്പോള്‍പ്പിന്നെ ഞാന്‍ എങ്ങിനെയെങ്കിലും യമദേവനെ തേടി കണ്ടുപിടിച്ച് അദ്ദേഹത്തിനു മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നതാണ് ഉത്തമം. പക്ഷേ എങ്ങിനെയാണ് യമനെ കണ്ടെത്തുക? അദ്ദേഹമിരിക്കുന്ന സ്വര്‍ഗ്ഗത്തിലേയ്ക്ക് എനിക്കെങ്ങിനെ ജീവനോടെ എത്താനാകും. അദ്ദേഹത്തിന്റെ സവിധമെത്തണമെങ്കില് ഞാന്‍ മരിച്ചേ മതിയാവൂ.
ഇങ്ങിനെ വിചാരിച്ചിരിക്കേ അച്ഛന് എന്റെയടുത്തേക്ക് പശ്ചാത്താപ വിവശനായി ഓടിയെത്തി. അദ്ദേഹം എന്നോട് മരണചിന്തയെല്ലാം ഉപേക്ഷിക്കണമെന്ന് കാര്യകാരണസഹിതം വിവരിച്ചുതന്നു. പക്ഷേ എന്റെ തീരുമാനം ഉറച്ചതായിരുന്നു. അതേസമയം ഒരു സത്പുത്രനെന്ന നിലയില്‍ അച്ഛന്റെ അനുവാദമില്ലാതെ എനിക്ക് ഒന്നും ചെയ്യാനാവുകയുമില്ല. പക്ഷേ ഇത് നടക്കും എന്നെന്റെയുള്ളില്‍ ഉറപ്പായിരുന്നു. എന്റെ മരണം സമാഗതമായിരിക്കുന്നു. അത് നല്ലൊരു കാര്യത്തിനാണ് എന്നുമെനിക്ക് ഉറപ്പുണ്ടായിരുന്നു. പെട്ടെന്ന് എന്നെ എന്താണ് ആവശിച്ചത് എന്നറിയില്ല ഇതുവരെ പതിവില്ലാത്ത രീതിയില്‍ ആത്മവിശ്വാസത്തോടെ, ധൈര്യപൂര്‍വ്വം ഞാന്‍ അച്ഛനോട് സംസാരിച്ചു. ഇത്രയ്ക്ക് ധൈര്യം എന്നിലുണ്ടായിരുന്നു എന്നെനിക്ക് തന്നെ അറിയാമായിരുന്നില്ല. തികഞ്ഞ വ്യക്തതയോടെ, പേടികൂടാതെ ഞാന്‍ പറഞ്ഞു. ‘അച്ഛാ മൃത്യുവിനെ ഭയക്കേണ്ടതില്ല. കാരണം എല്ലാവര്ക്കും ഒരിക്കല്‍ സംഭവിക്കുന്ന കാര്യമാണത്. അങ്ങയുടെ മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍, നമ്മുടെ പൂര്വ്വികന്മാര് എല്ലാവരും മരിച്ചില്ലേ? ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും ഒരിക്കല്‍ മരിക്കുമെന്ന് ഉറപ്പാണ്. അങ്ങേയ്ക്ക് ഇത് നന്നായറിയാം. നാം സസ്യജാലങ്ങളുമായി വിഭിന്നരൊന്നുമല്ല. വിത്തിട്ട് മുളപ്പിച്ച് വലുതാക്കിയ ചെടികളും ഒരിക്കല്‍ ഇല്ലാതാവും. അപ്പോള്പുതുചെടികള് വീണ്ടും ഭൂമിയില്‍ തളിര്‍ത്ത് വരും.’
എന്റെ വാക്കുകള്‍ കേട്ട് അച്ഛന് അസ്തപ്രജ്ഞനായി നിന്നു. എങ്കിലും അതിലെ സത്യം അദ്ദേഹത്തിന് തിരിച്ചറിയാനായി. തന്റെ മകനില്‍ നിന്നു തന്നെ ഈ ചിരന്തനയാഥാര്ത്ഥ്യം കേട്ടപ്പോള്‍ അദ്ദേഹം തരിച്ചു പോയി. ഇതുവരെ കേവലമൊരു ചെറുബാലനായി മാത്രമേ അദ്ദേഹമെന്നെ കണ്ടിരുന്നുള്ളു. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് ദു:ഖം കൊണ്ടാണോ, ഭയം കൊണ്ടാണോ പശ്ചാത്താപം കൊണ്ടാണോ സന്തോഷം കൊണ്ടാണോ, അഭിമാനം കൊണ്ടാണോ അതോ ഇതെല്ലാം ചേര്‍ന്നൊരു വികാരം കൊണ്ടാണോ എന്നറിയില്ല, എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ വായില്‍ നിന്നും വാക്കുകള്‍ പുറത്ത് വന്നില്ല. പകരം വിറയ്ക്കുന്ന വലംകൈ എന്റെ തലയില്‍ വച്ച് അദ്ദേഹമെന്നെ അനുഗ്രഹിക്കുക മാത്രമാണ് ചെയ്തത്.
ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറല്ല. അത് തെറ്റാണെന്ന് എനിക്കറിയാം. യമദേവനെ കാണാന്‍ അതിലും പാവനമായ ഏതെങ്കിലും ഒരു മാര്‍ഗ്ഗം ഉണ്ടാവണം എന്ന ദൃഢതയോടെ ഞാന്‍ ധ്യാനിക്കാന്‍ തീരുമാനിച്ചു. തികഞ്ഞ ആത്മാര്‍ത്ഥതയോടെ, ഉറച്ച തീരുമാനത്തോടെ, തീവ്രമായ ധ്യാനത്തിലൂടെ, യമദേവനെ കണ്ടെത്താനുള്ള മാര്‍ഗ്ഗം എനിക്ക് കണ്ടെത്താനാവും എന്നൊരു വിശ്വാസം എന്നില്‍ ഉണര്‍ന്നിരുന്നു.
എത്ര സമയം കടന്നുപോയെന്ന് അറിഞ്ഞില്ല. ഞാന്‍ മരിച്ചുവോ അതോ, എന്നിലെ ബോധംകെട്ടു പോയോ? അറിയില്ല. ഞാന്‍ അപരിചിതമായ ഏതോ ഇടത്താണിപ്പോള് ഉള്ളത്. അതിസുന്ദരമായ ഒരുദ്യാനം! അതിനു മുന്നില്‍ വലിയൊരു രമ്യഹര്‍മ്മ്യം. ഉയര്‍ത്തി നിര്‍മ്മിച്ച ആ എടുപ്പിലേക്ക് കയറാന്‍ കമനീയമായ പടികള്‍. തികച്ചും ആകര്‍ഷകമായ അന്തരീക്ഷം. കാറ്റില്‍ അപരിചിതമെങ്കിലും വിശിഷ്ടമായ ഒരു സുഗന്ധം നിലനിന്നിരുന്നു. എല്ലാമെല്ലാം നല്ലതെളിമയോടെ പ്രോജ്വലത്തായി കാണപ്പെട്ടു. സുഖകരമായ അനുഭവം.ഈ ദിവാസ്വപ്നത്തിന്റെ ഇടയില്‍ ‘നിന്നെ മൃത്യുവിനാണ്ദാനം ചെയ്യുന്നത്’ എന്ന വാക്കുകള്‍ കാതില്‍ മുഴങ്ങി.ഓര്‍മ്മകള്‍ ആ വാക്കുകളിലേക്ക് മടങ്ങിപ്പോയി. എന്റെ
ധ്യാനം ഫലവത്തായെന്നോ? ഇത് യമദേവന്റെ സ്വര്‍ഗ്ഗസമാനമായ ഇടം തന്നെയാണോ? അതോ ഇത് വെറും തോന്നലുകളോ? ഞാന്‍ മരിച്ചുകാണും. മരണാനന്തരം അനുഭവമാകും ഇത്. പക്ഷേ മരിച്ചുവെങ്കില്‍ എന്റെ
ഭൗതികശരീരം ദഹിപ്പിച്ചു കാണുമല്ലോ. ഞാനിപ്പോള്‍ ദേഹത്തോടെ, ധ്യാനത്തിനിരുന്നപ്പോള് അണിഞ്ഞിരുന്ന വേഷത്തോടെ തന്നെയാണല്ലോ ഉള്ളത്? മാത്രമല്ലാ എന്റെപഞ്ചേന്ദ്രിയങ്ങളും ഭംഗിയായി പ്രതികരിക്കുന്നുമുണ്ട്. എന്നിലെ തെറ്റിദ്ധാരണകള്‍ മാറി. ഞാന്‍ ജീവനോടെആരോഗ്യത്തോടെ, അച്ഛന് കല്‍പ്പിച്ച ജോലി ചെയ്യാന്‍ തയ്യാറായി നില്ക്കുകയാണിപ്പോള്. യമദേവനെ സേവിക്കുകയാണ് എന്റെ കര്‍ത്തവ്യം. ആകാംഷയോടെ ഞാനാ കൊട്ടാരത്തിന്റെ പടിവാതില്ക്കലേയ്ക്ക് നടന്നു.
അവിടെ കൂറ്റനൊരു വാതിലും അതിന്റെ രണ്ടുവശത്തും ആയുധധാരികളായ ഓരോ കാവല്‍ക്കാരും ഉണ്ടായിരുന്നു. ദൃഢഗാത്രരായ രണ്ടു ചെറുപ്പക്കാര്‍. അവരുടെ മുഖത്തെ അത്ഭുതം ഞാന്‍ ശ്രദ്ധിച്ചു. അവരിലൊരാള്‍ ചോദിച്ചു: ‘കുഞ്ഞേ, നീയാരാണ്? ഇവിടെ,യമദേവന്റെ വസതിയില്‍ നീ എന്തിനാണ് വന്നത്?’എനിക്കെന്റെ ആഹ്ളാദം മറച്ചുവയ്ക്കാന്‍ ആയില്ല. എന്റെ ധ്യാനത്തിന് ഫലമുണ്ടായിരിക്കുന്നു. ഞാന്‍ പറഞ്ഞു: ‘എന്റെ പേര് നചികേതസ്. ശ്രേഷ്ഠതപസിയായ വാജശ്രവസിന്റെ മകനാണ്. അദ്ദേഹം എന്നെ യമദേവന് ദാനം ചെയ്തിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ സേവിക്കാനായി വന്നതാണ്.’
ഇതുകേട്ട കാവല്ക്കാര് അമ്പരപ്പോടെ മുഖാമുഖം നോക്കി. തീര്‍ച്ചയായും ഇങ്ങിനെയുള്ള സന്ദര്‍ശകരെ അവര്‍ കണ്ടിട്ടില്ല. അതും യമദേവനെ സേവിക്കാനുള്ള ഇച്ഛയോടെ വന്നിട്ടുള്ള ഒരു ബാലന്! അവര്‍ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിന്നു. പക്ഷേ എന്താണ് തീരുമാനിക്കേണ്ടതെന്ന് അറിയാഞ്ഞ് എന്നോട് പുറത്തു കാത്തിരിക്കാന്‍ പറഞ്ഞിട്ട് കൊട്ടാരവാതില്‍ തുറന്ന് അവര്‍ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് അവര്‍ വാതില്‍ തുറന്നു. സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ കൂടെ മൂന്ന് കുമാരിമാരുമായി പുറത്തുവന്നു.
ആ സ്ത്രീ എന്റെയടുക്കല്‍ വന്ന് ബഹുമാനപൂര്‍വം സ്വാഗതം പറഞ്ഞു: ‘നമസ്തേ, നചികേതസേ, ഞാന്‍ യമദേവന്റെ ധര്‍മ്മപത്നിയാണ്. അദ്ദേഹം ഇവിടെയില്ല. ദൂരെയൊരു യാത്രയിലാണ്. കൊട്ടാരത്തിന് അകത്തേക്ക് വന്നാലും.ഭക്ഷണപാനീയങ്ങള്‍ കഴിച്ച് സുഖമായി വിശ്രമിച്ചാലും. അങ്ങ് ഏറെദൂരം സഞ്ചരിച്ചു വരികയാണല്ലോ. യമദേവന് വരുന്നതുവരെ ഞങ്ങളുടെ അതിഥിയായി സുഖമായി വസിച്ചാലും.’
പെട്ടെന്ന് ഇങ്ങിനെയൊരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വെറുമൊരു സേവകനായ എനിക്ക്വച്ചുനീട്ടിയത് വിശിഷ്ടാതിഥിക്ക് കിട്ടേണ്ട ഉദാരമായ സൗകര്യങ്ങളാണ്. അവ സ്വീകരിക്കുന്നതിനെപ്പറ്റി ചെറിയൊരു ചിന്ത ഉള്ളില്‍ ഉദിച്ചെങ്കിലും അത് തെറ്റാണെന്ന് എന്റെഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. പിതാവിന്റെ ഇച്ഛയ്ക്കോ ശ്രേയസ്സിനോ കോട്ടമുണ്ടാവുന്ന യാതൊന്നും ഞാന്‍ ചെയ്തുകൂടാ. അതുകൊണ്ട് ഞാനാ ക്ഷണത്തെ വിനയത്തോടെ നിരാകരിച്ചു. കൊട്ടാരത്തിന് വെളിയിലെ പൂന്തോട്ടത്തില്‍ യമദേവന് മടങ്ങി വരുന്നതുവരെ കാത്തിരിക്കാനുള്ള അനുവാദം മാത്രമേ ഞാന്‍ അവരോട് ആവശ്യപ്പെട്ടുള്ളു. യമപത്നിക്ക് അത്ഭുതമായി, അവര്‍ കൊട്ടാരത്തിലേക്ക് വരാന്‍ പല തവണ അപേക്ഷിച്ചുവെങ്കിലും ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു.
അവര്‍ എനിക്കായി കുറച്ചു ഭക്ഷണവും ജലവും തന്നെങ്കിലും ഞാനതും വിനയത്തോടെ എന്നാല്‍ ദൃഢതയോടെ നിഷേധിച്ചു. വേണ്ട എന്ന് ഞാന്‍ ഉറപ്പോടെ പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് ആകാംഷയും ഭയവും ഉണ്ടായി. കാവല്‍ക്കാരോട് പുറത്ത് ഉദ്യാനത്തില്‍ കാത്തിരിക്കുന്ന എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതെല്ലാം ചെയ്തു കൊടുക്കാന്‍ ഉത്തരവിട്ട് അവര്‍ കൊട്ടാരത്തിലേക്ക് മടങ്ങി. ഉദ്യാനത്തിലെ പ്രശാന്തമായ ഒരിടം വിശ്രമത്തിനും ധ്യാനത്തിനുമായി ഞാന്‍ തിരഞ്ഞെടുത്തു. ദിവസം രാത്രിയ്ക്കും, രാത്രി പകലിനും വഴിമാറിക്കൊടുത്തു. യമദേവന് എപ്പോള്‍ വരും എന്ന് അക്ഷമനായി ചോദിക്കാന്‍ സേവകനെന്ന നിലയില്‍ എനിക്കവകാശമില്ലല്ലോ. ഒരുത്തമ സേവകന് എപ്പോഴും അനുസരണയോടെ, ക്ഷമയോടെ നില്‍ക്കണം. അതാണവന്റെ ധര്‍മ്മം. ഒരു രാത്രി കൂടി കടന്നുപോയി. വീണ്ടും ഒരു ദിനവും രാത്രിയും. ദാഹവും വിശപ്പും എന്നെ അലട്ടി. പക്ഷേ ഉറച്ച തീരുമാനത്തില്‍ നിന്നും മാറാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. യമദേവന്റെ സേവകര്‍ പലതവണ ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവന്നുവെങ്കിലും ഞാനവയൊന്നും സ്വീകരിച്ചില്ല. പിറ്റേന്ന് അതിരാവിലെ യമദേവന് യാത്ര കഴിഞ്ഞ് തന്റെ ഭൂതഗണങ്ങളുമായി മടങ്ങിയെത്തി. രഥത്തില്‍ നിന്നും ഇറങ്ങുന്ന അദ്ദേഹത്തെ ദൂരത്ത് നിന്നേ ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം കൊട്ടാരത്തിന്റെ വാതില്ക്കലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങവേ ഞാനിരിക്കുന്ന ഇടത്തേക്ക് ഒന്നു പാളിനോക്കി. പക്ഷേ നില്‍ക്കാതെ അദ്ദേഹം വാതില്‍ കടന്ന് പെട്ടെന്ന് അകത്തേക്ക് കയറിപ്പോവുകയാണ് ചെയ്തത്.
പിന്നീട് എന്തു സംഭവിച്ചുവെന്നറിയില്ല. അദ്ദേഹം പെട്ടെന്ന്പുറത്തേയ്ക്ക് വന്നു. കൂടെ അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയും വന്നു. കയ്യില്‍ ഭക്ഷണപാനീയങ്ങള്‍ നിറച്ച പാത്രങ്ങളുമായി കുറെ സേവകരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഡോ. ദേവദാസ് മേനോന് / ഡോ. സുകുമാര്‍ കാനഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: