കൊല്ലം : സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മന്ത്രിയാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സജി ചെറിയാനെ വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തിനെതിരെ ബിജെപി നിയമ നടപടി ആരംഭിക്കും. മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ധാര്‍മികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഭരണഘടന വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണിത്.
ചിന്താ ജെറോമിന്റെ ശമ്പളം വര്‍ധിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച സുരേന്ദ്രന് യുവജന കമ്മിഷന് യുവാക്കള്‍ക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു. യുവജന കമ്മിഷന് എന്നത് അനാവശ്യ കമ്മീഷന് ആണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മിഷന് മാറിയിരിക്കുകയാണ്.
സാധാരണക്കാരന്റെ കാശ് തിന്നു തടിച്ചു കൊഴുക്കുന്ന വെറും അഴിമതിക്കാരായി മാറിയിരിക്കുകയാണ് ഈ കമ്മിഷനുകളെല്ലാം. ശമ്പളം കൊടുക്കാനും പെന്ഷന് കൊടുക്കാനും കാശില്ല. പോലീസ് ജീപ്പില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ല. ഖജനാവ് കാലിയായിട്ടും ധൂര്‍ത്തും കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മിഷന് നല്കുന്ന അധിക ശമ്പളം.
അതേസമയം കലോത്സവത്തിലെ നോണ്‍ വെജ് വിവാദം അനാവശ്യമാണ്. എല്ലാവരും കഴിക്കുന്നത് എന്ന നിലയിലാണ് വെജ് ഭക്ഷണം വിളമ്പുന്നത്. നോണ്‍വെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തില്‍ ആരും എതിരല്ലെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: