കൊച്ചി: തോല്‍വിയറിയാതെ എട്ടാം മത്സരവും പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആര്‍ത്തലച്ച മഞ്ഞപ്പടയ്ക്കു മുന്നില്‍ ജംഷദ്പൂര്‍ എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി. അപ്പോസ്തലോസ് ജിയാനു, ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. ഡാനിയേല്‍ ചിമ ജംഷദ്പൂരിന്റെ ആശ്വാസം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.
ഒമ്പതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യം എതിര് പ്രതിരോധം പിളര്‍ത്തിയത്. ഡയമന്റക്കോസ് നല്കിയ പാസ് ബോക്സിനു സമീപത്തു നിന്ന് പോസ്റ്റിലേക്ക് തൊടുത്തു ജിനായു. പതിനേഴാം മിനിറ്റില്‍ ജംഷദ്പൂര്‍ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കബളിപ്പിച്ച് ചിമയാണ് സ്കോര്‍ ചെയ്തത് (1-1).
ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് പെനല്‍റ്റിയിലൂടെയാണ് ലീഡെടുത്തത്. ബോക്സില്‍ വച്ച് ബോറിസ് സിങ്ങിന്റെ കൈയില്‍ പന്ത് കൊണ്ടതിനാണ് റഫറി ആതിഥേയര്‍ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഡയമന്റക്കോസിന്റെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന് ഇടതു മൂലയില്‍ ഭദ്രം. 65-ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ജിയാനുവാണ് ഗോളിലേക്ക് നയിച്ചത്.
ബ്ലാസ്റ്റേഴ്സിന് 12 കളിയില്‍ 25 പോയിന്റ്. അഞ്ച് പോയിന്റുള്ള ജംഷദ്പൂര്‍ പത്താമത്. മുംബൈ സിറ്റി എഫ്സിയാണ് ഒന്നാമത്, 30 പോയിന്റ്. 28 പോയിന്റുള്ള ഹൈദരാബാദ് എഫ്സി രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: