ന്യൂദല്‍ഹി: 2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ മറ്റു രാജ്യങ്ങളുമായി മത്സരിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.
2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്.
2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന് (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുമ്പാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച് രൂപരേഖ അവതരിപ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷയെന്ന നിലയില്‍ പി.ടി. ഉഷയ്ക്ക് ഇക്കാര്യത്തില്‍ വലിയ റോള്‍ നിര്‍വ്വഹിക്കാനുണ്ട്. കായിക രംഗത്ത് ഇന്ത്യയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ഉഷയുടെ മോഹങ്ങള്‍ക്കാണ് മോദി ചിറകുനല്‍കിയിരിക്കുന്നത്. ഇത് കേരളത്തിനും അഭിമാനനിമിഷമാണ്.
1982ല്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് നടത്തി. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസും നടത്തി. സ്വാഭാവികമായും അടുത്ത നീക്കം 2036ലെ വേനല്‍ക്കാല ഒളിമ്പിക്സ് നടത്തുക എന്നതാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
(പക്ഷെ 2010ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവായ സുരേഷ് കല്‍മാഡി കോടികളുടെ അഴിമതിയാണ് നടത്തിയത്. സ്റ്റേഡിയം നിര്‍മ്മാണത്തിലും സ്വിസ് ടൈം കമ്പനിക്ക് ഊതിവീര്‍പ്പിച്ച സംഖ്യയ്ക്ക് കരാര്‍ നല്‍കിയതിലും വന്‍ അഴിമതി നടന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയോടെയാണ് ദല്‍ഹിയി ഭരണത്തില്‍ നിന്നും കോണ്‍ഗ്രസും ഷീലാദീക്ഷിതും തൂത്തെറിയപ്പെട്ടത്. അന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷനും സുരേഷ് കല്‍മാഡിയായിരുന്നു. അതിനാലാകാം മോദി രാഷ്ട്രീയക്കാര്‍ക്ക് പകരം അത്ലറ്റായ പി.ടി. ഉഷയെ തന്നെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്. )
“ജി20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് വഹിക്കാമെങ്കില് ഒളിമ്പിക്സും നടത്താന്‍ കഴിയും. ഉല്പാദന രംഗം മുതല്‍ സേവന രംഗം വരെ ഇന്ത്യ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എന്തുകൊണ്ട് ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്തിക്കൂടാ?”- അനുരാഗ് താക്കൂര്‍ ചോദിച്ചു.
ഈയിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സ് നടത്താന്‍ പരിശ്രമിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് ഒളിമ്പിക്സ് നടത്താന്‍ തയ്യാറായി മുന്നോട്ട വന്നിട്ടുണ്ട്. അവിടെ ഹോട്ടുലകള്‍, ഹോസ്റ്റലുകള്‍, എയര്‍പോര്‍ട്ടുകള്‍, കായിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. അവിടുത്തെ സര്‍ക്കാരും ഒളിമ്പിക്സ് നടത്താന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുമുണ്ട്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: