കല്‍പ്പറ്റ : കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുത്തങ്ങ ചെക്പോസ്റ്റ് വഴി കര്‍ണാടകയില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന ഒരുകിലോ സ്വര്‍ണം വിട്ടുകൊടുക്കാന്‍ രണ്ടുലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് നടപടി.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവരെയാണ് ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ അഞ്ചുപേരെയും നേരത്തെ മുത്തങ്ങയില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഈ മാസം 20ന് വൈകീട്ട് മുത്തങ്ങ ചെക്പോസ്റ്റ് വഴി രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണം ഈ എക്സൈസ് സംഘം അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇതില്‍ 750 ഗ്രാം സ്വര്‍ണം വിട്ടുകൊടുത്തശേഷം ബാക്കി ഇവര്‍ പിടിച്ചുവെക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ ജോസഫ് സ്വര്‍ണത്തിന്റെ ഉടമയുമായി വിലപേശല്‍ നടത്തിയെന്നും രണ്ടുലക്ഷം രൂപവാങ്ങിയശേഷമാണ് പിടിച്ചുവെച്ച 250 ഗ്രാം സ്വര്‍ണം വിട്ടുകൊടുത്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരിലുള്ളയാള്‍ക്കുവേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിയാണ് സംഭവമറിഞ്ഞ് ആദ്യമായി എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
അഴിമതിനിരോധന നിയമപ്രകാരം കുറ്റകരമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. പദവിക്ക് യോജ്യമായ നടപടികളല്ല ഇന്‍സ്പെക്ടര്‍ പി.എ. ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ കേസില്‍ അഞ്ച് പേര്‍ക്കും ഒരുപോലെ പങ്കുണ്ടെന്നും, വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: