മെല്‍ബണ്‍: നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മൂന്നു വര്‍ഷമായി മൂന്നക്കത്തിനാകാതിരുന്ന വാര്‍ണര്‍, നൂറാം ടെസ്റ്റില്‍ ഇരട്ടശതകം തികച്ച് മറുപടി നല്കി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് വാര്‍ണര്‍. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് നൂറാം ടെസ്റ്റില്‍ ഇരട്ട ശതകം കുറിക്കുന്ന ആദ്യ ബാറ്റര്‍.
വാര്‍ണറുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 189നു മറുപടിയായി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സിലാണ്. 197 റണ്‍സ് ലീഡ്. 254 പന്തില്‍ 16 ഫോറും രണ്ട് സിക്സും സഹിതമാണ് വാര്‍ണര്‍ 200 റണ്‍സെടുത്തത്. 200 തികച്ച ഉടന്‍ താരം പേശിവലിവിനെ തുടര്‍ന്ന് റിട്ടയര്‍ ഹര്‍ട്ടായി. സ്റ്റീവന്‍ സ്മിത്ത് (85) അര്‍ധശതകവുമായി വാര്‍ണര്‍ക്ക് പിന്തുണ നല്കി. ട്രാവിഡ് ഹെഡ്ഡും (48), അലക്സ് കാരിയുമാണ് (ഒമ്പത്) ക്രീസില്‍.
ചില നാഴികക്കല്ലുകളും ഇന്നിങ്സിനിടെ വാര്‍ണര്‍ പിന്നിട്ടു. ടെസ്റ്റില്‍ 8,000 റണ്‍സ് തികയ്ക്കുന്ന എട്ടാമത്തെ ഓസ്ട്രേലിയന്‍ താരമായി. വാര്‍ണറുടെ 25-ാമത്തെ സെഞ്ചുറിയാണിത്. നൂറാം ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്ന പത്താമത്തെ താരവും രണ്ടാമത്തെ ഓസ്ട്രേലിയക്കാരനുമായി. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ ഈ നേട്ടം കൈവരിച്ച റിക്കി പോണ്ടിങ്ങാണ് ആദ്യ ഓസ്ട്രേലിയക്കാരന്. കോളിന് കൗഡ്രേ, ജാവേദ് മിയാന്‍ദാദ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, അലക്സ് സ്റ്റുവര്‍ട്ട്, ഇന്‍സമാം ഉള് ഹഖ്, ഗ്രേയിം സ്മിത്ത്, ഹാഷിം അംല എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: