Categories: Mollywood

മണ്ഡല-മകരവിളക്ക് കാലത്ത് തീയറ്ററില്‍ ശരണം വിളിയുണര്‍ത്താന്‍ ‘മാളികപ്പുറം’; ഉണ്ണി മുകുന്ദന്‍ സിനിമയിലെ ഗാനം പുറത്തിറങ്ങി

അയ്യപ്പ ഭക്തരെ ഭക്തിയില്‍ ആറാടിക്കുന്ന, ശ്രീ അയ്യപ്പന്‍റെ മഹിമ വിളിച്ചോതുന്ന ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമ ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇപ്പോഴിതാ ‘മാളികപ്പുറം' എന്ന സിനിമയുടെ ഒരു ഗാനം പുറത്തിറങ്ങി.

Published by

അയ്യപ്പ ഭക്തരെ ഭക്തിയില്‍ ആറാടിക്കുന്ന, ശ്രീ അയ്യപ്പന്റെ മഹിമ വിളിച്ചോതുന്ന ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമ ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇപ്പോഴിതാ  ‘മാളികപ്പുറം’ എന്ന സിനിമയുടെ ഒരു ഗാനം പുറത്തിറങ്ങി.

രഞ്ജിൻ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ  ഗാനത്തിന്റെ വരികൾ എഴുതിയത് സന്തോഷ് വർമ്മ. ആന്‍റണി ദാസനും  മധു ബാലകൃഷ്ണനുമാണ് ഗായകര്‍.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിനും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. “കാടിനെ പേടിക്കേണ്ട, പക്ഷെ കാടുകേറി വരുന്ന ചില മനുഷ്യരുണ്ട് അവരെ സൂക്ഷിക്കണം.” – ഉണ്ണി മുകുന്ദന്റെ ഈ ഡയലോഗ് ശബരിമലയെയും മറ്റും ചൂഷണം ചെയ്യാനെത്തുന്ന പുറംശക്തികളുടെ സൂചന നല്‍കുന്നു. മണ്ഡലകാലത്തും തുടര്‍ന്നുള്ള മകരവിളക്ക് കാലത്തും തിയറ്ററില്‍ ശരണംവിളി മുഴങ്ങുമെന്ന പ്രതീക്ഷയാണ് ഉണ്ണിമുകുന്ദന്‍ ഫാന്‍സിനുള്ളത്.  “ഇരുമുടിക്കെട്ടുമേന്തി മലകയറിവരുന്ന സ്ത്രീകളും പെണ്‍കുട്ടികളുമായ കന്നിസ്വാമിമാര്‍ക്ക് അങ്ങിനെ ഒരു വിളിപ്പേരുണ്ടായി….മാളികപ്പുറം”- സിനിമയെക്കുറിച്ച് സൂചന നല്‍കുന്ന നടന്‍ മമ്മൂട്ടിയുടെ വോയ്സോവറും ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിപ്പിച്ചു. മാളികപ്പുറമായി ശബരിമലയ്‌ക്കുപോകാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ തീവ്രമായ അഭിലാഷവും അതിനെചുറ്റിപ്പറ്റിയുള്ള ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സിനിമയില്‍ ഉണ്ട്.  കന്നിമല… നീലിമല… കരിമല… ശബരിമല..അയ്യപ്പഭക്തരെ കോരിത്തരിപ്പിക്കുന്നതാണ് ടി.ജി. രവിയുടെ ഈ ഡയലോഗ്. 

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. കുഞ്ഞിക്കൂനന്‍ ഉള്‍പ്പെടെയുള്ള ഒരു പിടി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കര്‍. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. കോടാനുകോടി അയ്യപ്പ ഭക്തർക്ക് താൻ ഈ സിനിമ സമർപ്പിക്കുന്നു എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്‍റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിർമ്മാണ പങ്കാളികളാണ്.

എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഉണ്ണി മുകുന്ദന്റെ മുന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ മല്ലൂ സിംഗിന്റെയും മാമാങ്കത്തിന്റെയും നിര്‍മ്മാതാക്കളുടെ ഭാര്യമാരാണ്  ‘മാളികപ്പുറം’ നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. പ്രിയാ വേണുവും നീറ്റ പിന്‍റോയുമാണ്  മാളികപ്പുറത്തിന്റെ നിര്‍മ്മാതാക്കള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക