ഗുവാഹത്തി: മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെതിരെ വിജയം നേടിയ ഉടനെയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വിചിത്രമായ ട്വീറ്റ് പുറത്തുവന്നത്.
മെസ്സിയുടെ ഒരു ചിത്രം പങ്കുവെച്ച് അതിന് താഴെ എംപി കുറിച്ചത് ഇങ്ങിനെ: ” എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനം. താങ്കളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.” ഉടനെ പലരും എംപിയോട് ട്വീറ്റിലൂടെ ചോദ്യവുമായെത്തി. “അസം ബന്ധമോ?”. ഇതിന് ഉടനെ എംപി അബ്ദുള്‍ ഖലേഖ് ഉത്തരം നല്കി: “അതെ, മെസ്സി ജനിച്ചത് അസമിലാണ്. ” ഇത് കേട്ടതോടെ പലരും ഞെട്ടി. പിന്നെ മെസ്സിയുടെ ജന്മനാട് അന്വേഷിച്ച് പലരും ഗൂഗിളില്‍ തപ്പി. ഒടുവില്‍ ഉത്തരം കിട്ടി. മെസ്സി ജനിച്ചത് അസമിലല്ല അര്‍ജന്റീനയിലെ റൊസാരിയോ എന്ന പ്രദേശത്താണ്.
ഇതോടെ പിന്നെ കോണ്‍ഗ്രസ് എംപിയുടെ ട്വിറ്റര്‍ പേജില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രതികരണങ്ങളുമായി പലരും എംപിയെ ആക്രമിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട എംപി അബ്ദുള്‍ ഖലേഖ് മെസ്സിയെക്കുറിച്ചുള്ള ട്വീറ്റ് തന്നെ വൈകാതെ പിന്‍വലിച്ചു. അബ്ദുള്‍ ഖലേഖ് എംപി ഇത്തരമൊരു നുണ ട്വീറ്റിലൂടെ പങ്കുവെച്ചതിന്റെ കാരണമെന്തെന്നത് വിചിത്രമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: