കൊട്ടാരക്കര: വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്‌ട്രേഷനുള്ള ടൂറിസ്റ്റ് ബസ് ആന്ധ്ര നമ്പര്‍ പ്ലേറ്റ് പതിച്ചു ഫിറ്റ്‌നെസ്സും ഇന്‍ഷുറന്‍സും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോഴാണ് പിടിയിലായി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ബസ് പിടികൂടിയത്.
കൊല്ലം-കൊട്ടാരക്കര-അറയ്‌ക്കല്‍ സ്വദേശിയായ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വാഹനം വിറ്റെങ്കിലും വാങ്ങിയ ആള്‍ പേര് മാറാതെ മറിച്ചു വില്‍ക്കുകയായിരുന്നു. കേരള രജിസ്‌ട്രേഷന്‍ ഉള്ള വാഹനത്തില്‍ വ്യാജ ചെസിസ് നമ്പര്‍ കൊത്തി നമ്പര്‍ പ്ലേറ്റ് പതിച്ചു വാഹനം യാത്ര ചെയ്യുന്നതിനിടയിലാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് സംയുക്തമായാണ് വാഹനം പിടികൂടിയത്. പരിശോധനയില്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും ഷാസി നമ്പര്‍ വ്യാജമായി കൊത്തിയതാണെന്നും ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അജിത്കുമാര്‍, കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അന്‍സാരി.എച്ച് എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി കെ കരന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ചതിനു വാഹനം പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ക്ക് തുടര്‍യാത്രക്ക് സൗകര്യം ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: