ദോഹ: ഒരു പെനല്‍റ്റിയുടെ വില വേണ്ടുവോളം അറിഞ്ഞ രാവായിരുന്നു ഹാരി കെയ്നിന് അത്. നിശ്ചിത സമയം അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ ലഭിച്ച പെനല്‍റ്റി കാണികളിലേക്ക് അടിച്ചെത്തിക്കുമ്പോള് ഇംഗ്ലീഷ് നായകന് കൈവിട്ടത് ഒരുപക്ഷെ, ലോക കിരീടം കൂടിയാകാം. മുപ്പത് മിനിറ്റ് മുന്‍പ് ഒരെണ്ണം വലയിലെത്തിച്ച താരത്തിനാണ് അവസാന മിനിറ്റുകളുടെ സമ്മര്‍ദത്തില്‍ പിഴച്ചത്.
അല്‍ബെയത്ത് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കെ കളിയുടെ 84-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയാണ് കെയ്ന്‍ പുറത്തേക്കടിച്ചു കളഞ്ഞത്. കളിയില്‍ 54-ാം മിനിറ്റില്‍ ലഭിച്ച ആദ്യ പെനാല്‍റ്റി കെയ്ന്‍ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ജീവിതത്തില്‍ എന്നെന്നും കരടായി നില്ക്കും നഷ്ടപ്പെടുത്തിയ ആ രണ്ടാമത്തെ പെനല്‍റ്റി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ ജയം 2-1ന്. 17-ാം മിനിറ്റില്‍ ഓറീലിയന്‍ ചൗമേനി, 78-ാം മിനിറ്റില്‍ ഒളിവര്‍ ജിറൂദ് എന്നിവരാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്.
കളിയില്‍ മേധാവിത്വം ഇംഗ്ലണ്ടിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. ഇംഗ്ലണ്ട് പായിച്ച 16 ഷോട്ടുകളില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നെങ്കിലും ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ ഒരിക്കല്‍ മാത്രമാണ് കീഴടക്കാന്‍ കഴിഞ്ഞത്. അതേസമയം ഫ്രാന്‍സ് ടാര്‍ഗറ്റിലേക്ക് ഉതിര്‍ത്തത് അഞ്ച് ഷോട്ടുകള്‍ മാത്രമാണ്. അതില്‍ രണ്ടെണ്ണം ഇംഗ്ലീഷ് വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: