തിരുവനന്തപുരം: ”ഈ മുടി ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ഇറാന് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന്റെ പ്രതീകമാണ്…” ഇറാനിയന്‍ സംവിധായകയും മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവുമായ മഹനാസ് മുഹമ്മദിയുടെ സന്ദേശം ഗ്രീക്ക് ചലച്ചിത്രകാരി അഥീന റേച്ചല്‍ സംഗാരിയിലൂടെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ മുഴങ്ങി. മഹനാസ് മുഹമ്മദി കൊടുത്തുവിട്ട മുറിച്ച മുടി വേദിയില്‍ ഉയര്‍ത്തിക്കാട്ടി. ഹിജാബിനെതിരേ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മുദ്രാവാക്യം മുഴക്കി. ഇറാനില്‍ യുവതികള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയടി ചലച്ചിത്ര മേളയിലും ഉയരുകയായിരുന്നു.
ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായതുകൊണ്ടാണ് മഹനാസ് മുഹമ്മദിക്ക് കേരളത്തിലെത്താന്‍ കഴിയാതിരുന്നത്. അവരുടെ വീട് റെയ്ഡ് ചെയ്തു. സിനിമയ്ക്കുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രക്ഷയില്ലാതെ മഹനാസ് ഇംഗ്ലണ്ടിലേക്കു പോയി. മഹനാസിന്റെ പാസ്പോര്‍ട്ട് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ഇന്ത്യയിലേക്കു വരണമെങ്കില്‍ പാസ്പോര്‍ട്ടിന് ആറു മാസത്തെ കാലാവധി വേണം. പുതുക്കാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം. അതിനാല്‍ ഇറാന് ഭരണകൂടത്തോടുള്ള പ്രതിഷേധമറിയിക്കാന്‍ മുറിച്ച മുടിയും സന്ദേശവും അഥീനയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു.
താന്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പ്രതീകമാണിതെന്ന് മഹനാസ് സന്ദേശത്തില്‍ പറയുന്നു. സാമാന്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇറാനില്‍ നടക്കുന്നത്. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ കൊല്ലപ്പെടുകയാണ്. കഴിഞ്ഞ ദിവസവും ഒരു ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടു. സ്ത്രീക്കും ജീവിതത്തില്‍ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യവും സന്ദേശത്തിലുണ്ടായിരുന്നു. മഹനാസിനു വേണ്ടി അഥീന പുരസ്കാരം ഏറ്റുവാങ്ങി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ട്ട് ലൈറ്റ് തെളിച്ച് ഏഴു ദിവസത്തെ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: