അഡ്വ.എസ്.സുരേഷ്
1991-ല്‍ ആരംഭിച്ച്, 2015 ആഗസ്റ്റ് 15ന് അദാനിപോര്‍ട്ടും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട് ആരംഭിച്ച വിഴിഞ്ഞം മദര്‍പോര്‍ട്ട് പദ്ധതി 2023-ലെ ഓണനാളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രാജ്യത്തിനു സമര്‍പ്പിക്കാനിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ സമരവുമായി ക്രിസ്ത്യന്‍ മതവിഭാഗത്തിലെ ലാറ്റിന്സഭ രംഗത്തുവരുന്നത്. അവര്‍ ഏഴ് ആവശ്യങ്ങളാണ് ഈ സമരത്തിന് ആധാരമായി ഉയര്‍ത്തുന്നത്. ദുരിതബാധിതരായ ആള്‍ക്കാരുടെ പുനരധിവാസം അതീവ ഗൗരവതരമായ വിഷയമാണ്. തീരശോഷണം ഉള്‍പ്പെടെയുള്ള തീരദേശ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, തീരദേശവാസികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ദോഷം സംഭവിക്കാതെ സംരക്ഷിക്കുക, തീരദേശവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ മണ്ണെണ്ണ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മറ്റെല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതും ഗൗരവത്തിലെടുത്ത് അടിയന്തിരമായി പരിഹരിക്കേണ്ടതുമാണ്. തീരദേശവാസികള്‍ ദശാബ്ദങ്ങളായി നേരിടുന്ന ഈ ദുരിത ജീവിതത്തിന് ഉത്തരവാദികള്‍ കേരളം മാറിമാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസുമാണ്. കാലാകാലങ്ങളില്‍ ഇവരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയെ ഇരു മുന്നണികളും നിരന്തരമായി ഈ പാവപ്പെട്ട ജനതയെ വഞ്ചിക്കുകയാണ്.
ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു സമരമായി മാറേണ്ട വിഴിഞ്ഞം സമരം എതിര്‍ക്കപ്പെടുന്നത് സമരസമിതിയുടെ ഒരൊറ്റ നിലപാടുകൊണ്ടാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച്, ഈ ആവശ്യങ്ങള്‍ പരിഹരിക്കണം എന്നുള്ള വാദത്തെയാണ് ബിജെപിയുള്‍പ്പെടെയുള്ള പൊതുസമൂഹവും തദ്ദേശീയരും എതിര്‍ക്കുന്നത്. 4500 കോടിയിലേറെ രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുകയും തിരുവനന്തപുരത്ത് നാവായിക്കുളം, കാട്ടാക്കട, നെടുമങ്ങാട് തുടങ്ങി വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ ദൂരം വരുന്ന റോഡിനുവേണ്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി സംസ്ഥാന സര്‍ക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റെയില്‍വേയും ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുകയും ചെയ്തശേഷം ഇത്തരം ഒരു വാദം ഉന്നയിക്കുന്നത് രാജ്യദ്രോഹമാണ്. 1991 മുതല്‍ 31 വര്‍ഷം ഉണ്ടായിട്ടും ഉന്നയിക്കാന്‍ തയ്യാറാകാതിരുന്ന വാദമുഖങ്ങളാണ് ഈ സമയത്ത് ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ അഭിമാന പദ്ധതി കമ്മീഷന് ചെയ്യാന്‍ പത്തു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍മ്മാണം തടയുന്നത് ദുരൂഹമാണ്. ഈ സമരത്തില്‍ കൂടംകുളം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദയകുമാറും രാജ്യത്തിനെതിരെ കലാപം നടത്താന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയും കാര്‍ഷിക ബില്ലിനെതിരെയും സമരം സംഘടിപ്പിച്ച അര്‍ബന്‍ നക്സലൈറ്റുകളും പിഎഫ്ഐ തീവ്ര മുസ്ലീം ഭീകരരും ഗൂഢാലോചന നടത്തിയതും സംശയങ്ങള്‍ക്ക് ശക്തിപകരുന്നു.
അന്താരാഷ്ട്ര ഗൂഢാലോചന
വിഴിഞ്ഞം തുറമുഖത്തിനെതിരെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് സംഘടനകള്‍ക്ക് നേതൃത്വം നല്കുന്ന കുപ്രസിദ്ധരായ ദമ്പതികള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അക്കൗണ്ടിലേയ്ക്ക് വന്ന കോടികളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റും കേന്ദ്ര-സംസ്ഥാന ഇന്റലിജന്റ്സ് ഏജന്‍സികളും അന്വേഷിക്കുകയാണ്. ദുബായില്‍നിന്ന് നമ്മള് സ്വപ്നം കാണുന്നതിനപ്പുറം സംഭാവനയായി എത്തിയെന്ന് സമരവേദിയില്‍ അറിയിക്കുന്ന പള്ളിവികാരിയുടെ പ്രസംഗം നവമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്. കാരണം വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ ദുബായിക്ക് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടമാണുണ്ടാവുക. ഏഴ് വന്‍കിട തുറമുഖമുള്ള ചൈനയും, സിംഗപ്പൂരും, ശ്രീലങ്കയും, യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വരുമാനത്തെ നേരിട്ടു ബാധിക്കും. അതിനാല്‍ ഏതുവിധേനയും ഈ തുറമുഖ നിര്‍മ്മാണത്തെ അവര്‍ അട്ടിമറിക്കും.
നയതന്ത്രപരമായി ഏറെ പ്രധാന്യമുള്ള പ്രദേശം കൂടിയാണ് വിഴിഞ്ഞം. 2000 മീറ്റര്‍ നീളമുള്ളതും 18.4 മീറ്റര്‍ താഴ്ചയുള്ളതുമാണ് വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശം. അന്താരാഷ്ട്രതലത്തില്‍ ഇവിടം ഏറ്റവും വലിയ Vessel transhipment ഹബ്ബായി മാറും എന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലും കിഴക്കനാഫ്രിക്കന്‍ തീരദേശവും മധേഷ്യയും മലാക്ക ഉള്‍ക്കടലും വിഴിഞ്ഞവുമായുള്ള സാമീപ്യം ഭൂമിശാസ്ത്രപരമായ നയതന്ത്ര മുന്നേറ്റം ഇന്ത്യയ്ക്ക് സാധ്യമാക്കും. ഇത് വാണിജ്യ തുറമുഖം എന്നതിലുപരി, സൈനിക നയതന്ത്ര ഇടപെടലുകള്‍ക്കും അതിലൂടെ രാജ്യസുരക്ഷയ്ക്കും ഗുണം ചെയ്യും. ഇതും ഇതിനെ അട്ടിമറിക്കാനുള്ള ശത്രുരാജ്യങ്ങളുടെയും ഇന്ത്യയിലെ അവരുടെ ഏജന്റുമാരുടേയും അജണ്ടയ്ക്ക് കാരണമാണ്.
തീരശോഷണത്തിനു കാരണം തുറമുഖമല്ല
ലത്തീന്‍ സമരസമിതി ഉയര്‍ത്തുന്ന മറ്റൊരു വിഷയം തീരശോഷണമാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണെങ്കിലും അതിനുകാരണം വിഴിഞ്ഞം തുറമുഖമല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. തുറമുഖം സ്ഥിതിചെയ്യുന്ന മുല്ലൂരിന് വടക്കും തെക്കുമായി കടലിലേയ്ക്ക് ഇറങ്ങി നില്ക്കുന്ന പാറക്കെട്ടുകള്‍ വലിയ സംരക്ഷണമാണ് ഒരുക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ 2016ല്‍ തന്നെ വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതാണ്. 18 മാസം നീണ്ടുനിന്നതും, സാമൂഹ്യാഘാതം, പാരിസ്ഥിതികാഘാതം, സാങ്കേതിക പ്രായോഗികത എന്നിവ സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രിബ്യൂണലിന്റെ വിധി പുറത്തുവന്നത്. അമേരിക്കന്‍ ഗവേഷകനായ ഡോ. ക്ലമന്റ് ലോപ്പസ് 1985 മുതല്‍ 2022 വരെ നടത്തിയ തീരശോഷണത്തെ സംബന്ധിച്ച ഗവേഷണത്തില്‍ വിഴിഞ്ഞത്തിനോട് അടുത്തു കിടക്കുന്ന പൂന്തുറ, ബീമാപള്ളി, ചെറിയതുറ എന്നിവിടങ്ങളില്‍ 2003-2015 വരെ സംഭവിച്ച അത്ര തീരശോഷണം 2015-2023 വരെയുള്ള കാലഘട്ടത്തില്‍ സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കേണ്ടതോ, താത്കാലികമായി നിര്ത്തിവയ്ക്കേണ്ടതോ ആയ യാതൊരു സാഹചര്യവും നിലവിലില്ല എന്നതാണ്.
സമരം വരുംതലമുറയോടുള്ള വെല്ലുവിളി
ഈ സാഹചര്യത്തിലാണ് 130 ദിവസത്തിലേറെയായി സമരം ചെയ്യുന്ന ഒരു മതസംഘടനയുടെ നിലപാട് വിമര്‍ശിക്കപ്പെടുന്നത്. കോടതിയേയും നിയമ സംവിധാനങ്ങളേയും രാജ്യത്തിന്റെ വികസനത്തേയും രാജ്യ സംരക്ഷണത്തേയും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് നേരെയുമുള്ള വെല്ലുവിളിയാണ് ഈ സമരം. സമരത്തിനായി തെരഞ്ഞെടുത്ത സ്ഥലവും സമയവും അതുവ്യക്തമാക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്പിലോ കളക്ടറേറ്റിന്റെ മുന്പിലോ നടത്തേണ്ട സമരമാണ് വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് പദ്ധതി പ്രദേശത്ത് നടത്തുന്നത്. സമരപന്തല്‍ പൊളിച്ചുമാറ്റണമെന്നും പദ്ധതി പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നുമുള്ള ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവും വിലകല്പിച്ചില്ല. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലീസും സംസ്ഥാന സര്‍ക്കാരും ശ്രമിച്ചില്ല. നവംബര്‍ 26-ാം തീയതി ഹൈക്കോടതി ഉത്തരവ് പ്രകാരം തുറമുഖത്തിനായി കല്ലുമായി വന്ന ലോറികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടത്. 9.30ന് ലോറികള്‍ വരുമ്പോള്‍ നാമമാത്രമായ സമരക്കാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പോലീസും സമരക്കാരുമായി ഒത്തുകളിച്ച് നൂറുകണക്കിന് ആള്ക്കാര് എത്തുന്നതുവരെ പോലീസ് ലോറികള്‍ പിടിച്ചിടുകയായിരുന്നു. ഹൈക്കോടതി വിധി അട്ടിമറിച്ചു. ഹൈക്കോടതിയെ പറ്റിക്കാനായി ഒരു നാടകം നടത്തുകയായിരുന്നു പോലീസ് ചെയ്തത്.
തുറമുഖവും തദ്ദേശവാസികളും
വിവിധ ഹിന്ദു സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് സമരം നടക്കുന്ന മുല്ലൂര്‍. ഇവരുടെ ഭൂമിയും കിടപ്പാടവും വിഴിഞ്ഞം തുറമുഖത്തിനും അനുബന്ധ വികസനത്തിനുമായി വിട്ടുകൊടുത്തു. തുറമുഖം വന്നതിന്റെ പേരില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരാണവര്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കന്യാകുമാരി മുതല്‍ ചവറവരെയുള്ള പ്രദേശങ്ങളിലെ ഓരോ ഇടവകയില്‍ നിന്നുമുള്ള ആള്‍ക്കാരെ കൊണ്ടുവന്നാണ് സമരം നടത്തിവരുന്നത്. രാവിലെ ബസുകളില്‍ കൊണ്ടിറക്കുന്ന സമരക്കാര്‍, പരിസരപ്രദേശങ്ങളിലും വീടുകള്‍ക്ക് മുന്‍പിലും മദ്യപിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും മോഷണം നടത്തുകയും തദ്ദേശിയരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും ചെയ്യുന്നത് സ്ഥിരം സംഭവമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒരുമിച്ച് പോലീസില്‍ പരാതി നല്കി. എന്നാല്‍ തങ്ങള്‍ക്ക് പരാതി നല്‍കിയിട്ട് കാര്യമില്ല, പള്ളിയിലെ പാതിരിയോട് പോയി പറയാനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട തദ്ദേശിയരുടെ സമരസമിതി വിവിധ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ശക്തിപ്പെട്ടു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കണം എന്ന മുദ്രാവാക്യവുമായി, കഴിഞ്ഞ നൂറിലേറെ ദിവസങ്ങളായി അവരും സമരത്തിലാണ്.
സമരം കലാപത്തിലേക്ക്
തദ്ദേശീയരായ ജനങ്ങളുടെ സമരപന്തലിനു നേരെയും വീടുകള്‍ക്കു നേരെയുമാണ് കഴിഞ്ഞ 26-ാം തീയതി അതിക്രൂരമായ ആക്രമണം ഉണ്ടായത്. ഇരുപതിലേറെ വീടുകള്‍ അടിച്ചുതകര്‍ക്കുകയും ഗര്‍ഭിണികളും വൃദ്ധരും ഉള്‍പ്പെടെ 50-ഓളം പേരെ ആക്രമിക്കുകയും ചെയ്ത് അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു കലാപത്തിന് സമരക്കാര്‍ നേതൃത്വം നല്‍കുകയായിരുന്നു. പാതിരിമാരുടെ നേതൃത്വത്തില്‍ നടന്ന ഈ അക്രമത്തില്‍ പോലീസ് നോക്കുകുത്തിയായി നിന്നു എന്നുമാത്രമല്ല ആക്രമകാരികളുടെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും തയ്യാറായില്ല. തുടര്‍ന്ന് അക്രമത്തിന് ഇരയായവരുടെ വീടുകളില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിക്കുകയും രാത്രി ഒന്‍പതു മണിക്കുശേഷം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരദേശ മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശിച്ചതും നല്കിയ പരാതിയില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായതും. മതവെറി പൂണ്ട സമരക്കാര്‍ വര്‍ഗ്ഗീയ കലാപത്തിന് കളമൊരുക്കിയെങ്കിലും തദ്ദേശവാസികളും ഹിന്ദു സംഘടനകളും സംയമനം പാലിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് കയ്യേറിയ കലാപമാണ് അടുത്ത ദിവസം കണ്ടത്. 1960കളിലെ നക്സലൈറ്റുകളെപ്പോലും അതിശയിപ്പിക്കുന്ന ആക്രമണമാണ് നടന്നത്. പള്ളികളില്‍ മണിയടിച്ച് ആളെക്കൂട്ടി വിഴിഞ്ഞം പോലീസ്സ്റ്റേഷന് വളഞ്ഞ് അടിച്ചു തകര്‍ത്തു. 54 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷനില്‍ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. വിഴിഞ്ഞം പരിസരത്തുള്ള മുസ്ലീം കടകളും സ്ഥാപനങ്ങളും അടിച്ചുതകര്‍ത്തു. മൂന്നുമണിക്കൂറോളം ഭീകരാവസ്ഥ സൃഷ്ടിച്ചു. ഈ സമയത്തും പോലീസ് നിസ്സഹായരായി നില്‍ക്കുകയായിരുന്നു. ശബരിമലയില്‍ ഇല്ലാത്ത കോടതിവിധി നടപ്പിലാക്കാനായി ആവേശം കാണിച്ച പോലീസാണ് ഇങ്ങനെ ചെയ്തതെന്ന് ഓര്‍ക്കുക. കലാപകാരികളെ അറസ്റ്റ് ചെയ്യാന്‍പോലും ഇടതു സര്‍ക്കാര്‍ അനുവദിച്ചില്ല. അറസ്റ്റ് ചെയ്തവരെ രാത്രി മോചിപ്പിക്കാനും തയ്യാറായി. കലാപത്തിന് നേതൃത്വം നല്‍കിയവരുമായി ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും നേരംപുലരുവോളം സമവായ ചര്‍ച്ച നടത്തി നിയമസംവിധാനത്തെ അവഹേളിക്കുന്നതാണ് കേരളം കണ്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് കലാപകാരികള്‍ക്കൊപ്പമാണ്. വി.ഡി സതീശനും, വി.എം.സുധീരനും രാജ്യവിരുദ്ധ സമരവേദിയില്‍ നേരിട്ടെത്തി. കോവളം എംഎല്‍എയും കോണ്‍ഗ്രസുകാരനുമായ എം.വിന്‍സെന്റ് സ്വന്തം മണ്ഡലത്തില്‍ ലോകോത്തരമായ ഒരു പദ്ധതി വരുന്നതിനെ അട്ടിമറിക്കുന്നതിനായി നേതൃത്വം കൊടുക്കുക മാത്രമല്ല കലാപകാരികളുമായി വര്‍ഗ്ഗീയ ഗൂഢാലോചനപോലും നടത്തി. കേരളത്തിന്റെ കടലോര മേഖലയില്‍ ഈ ദുരിതങ്ങള്‍ അനുഭവിക്കുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണ് കൂടുതല്‍ എന്നിരിക്കെ ലത്തീന്‍ സഭയിലെ ഒരു വിഭാഗം ആള്ക്കാര് വര്‍ഗ്ഗീയ താത്പര്യത്തോടെ ഇങ്ങനെയൊരു സമരവുമായി ഇറങ്ങിപ്പുറപ്പെട്ടത് ഒരു കലാപം ലക്ഷ്യമാക്കിയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമാകും
വിഴിഞ്ഞം തുറമുഖത്തെ സംരക്ഷിക്കുക, ഹൈക്കോടതിവിധി നടപ്പാക്കുക, കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരും, ഇവയെ അട്ടിമറിക്കുന്ന പ്രതിപക്ഷവും നിസ്സഹായരായ പോലീസും എന്തിനും പോന്ന കലാപകാരികളും രാജ്യദ്രോഹികളും കേരളത്തില്‍ അശാന്തി പരത്തുമ്പോള്‍ പ്രതികരിക്കാതിരിക്കാനും നിര്‍വ്വാഹമില്ല. ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തിറങ്ങി. ബിജെപി ആദ്യം മുതല്‍ സമരസമിതിക്ക് പിന്നില്‍ രാജ്യദ്രോഹ ശക്തികളാണെന്ന് വ്യക്തമാക്കിയതാണ്. വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ 135 കോടി ജനതയുടേയും സ്വപ്നമാണ്. രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ്. രാജ്യത്തിന് പതിനായിരക്കണക്കിന് കോടി രൂപ വരുമാനം ഉണ്ടാക്കാനുള്ള പദ്ധതിയാണ്. രാജ്യ സുരക്ഷയ്ക്കും വിദേശ നയതന്ത്രത്തിലും ഈ തുറമുഖം നിര്‍ണ്ണായക പങ്കാണ് വഹിക്കേണ്ടത്. ഇതു മനസ്സിലാക്കിയാണ് 2014ല്‍ തന്നെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. ഇത് നരേന്ദ്രമോദിയുടേയും രാജ്യത്തിന്റേയും സ്വപ്നപദ്ധതിയെന്ന നിലയില്‍ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഭാവി തലമുറയ്ക്കുവേണ്ടി നാം അതിന് തയ്യാറാകണം.
(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: