ലോകകപ്പില്‍ സെര്‍ബിയയ്ക്ക് എതിരെ ബ്രസീലിന്റെ റിച്ചാര്ലിസണ് കുറിച്ച രണ്ടാം ഗോള്‍, മനോഹാരിതകൊണ്ട് ആരും കണ്ണുവച്ചുപോകുന്നത് ആയിരുന്നു. ഈ ലോകകപ്പ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഗോള്‍.
ബൈസിക്കിള്‍ കിക്ക് എന്ന് പൂര്‍ണമായും വിശേഷിപ്പിക്കാനാവില്ലായിരിക്കാം. എങ്കിലും, അതിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള ഒരു സൈഡ് കിക്ക് എന്നാണ് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില വിശേഷിപ്പിച്ചത്. ക്ലിനിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സാങ്കേതിക മികവ് മാത്രമല്ല കളിക്കാരന്റെ ആത്മവിശ്വാസത്തിന്റെ പൂര്‍ണ ചിത്രവും അതിലുണ്ടായിരുന്നു.
കഥ അതല്ല. ബൈസിക്കള്‍ കിക്ക് എന്ന ജാലവിദ്യ, ബ്രസീലിലെ കളിക്കളങ്ങളില്‍ പിറവിയെടുത്തതാണ്. ഇതിഹാസ കഥാപാത്രമായി ബ്രസീലുകാര്‍ ആരാധിക്കുന്ന ലിയോനിഡാസ് ഡാ സില്‍വയാണ് അതിന്റെ ഉപജ്ഞാതാവ്. വായുവില്‍ പറന്നു നിന്ന് തലയ്ക്കു മുകളിലൂടെ പന്ത് പായിക്കുന്ന കലാപരമായ ആ ടെക്നിക് തെല്ലു വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു, ലിയോണിയുടെ പിന്മുറക്കാരന് റിച്ചാര്ലിസണ്. ഇടത് കാല്കൊണ്ട് പന്ത് എടുത്ത് വായുവില്‍ പറന്നു നിന്ന് വളത്തുകാല് കൊണ്ടുള്ള ഷോട്ട്. ഫുട്ബോള്‍ അതിന്റെ ചെപ്പില്‍ ഇങ്ങനെ എന്തെല്ലാം മണിമുത്തുകള്‍ കരുതി വച്ചിരിക്കുന്നു.
ബ്രസീലിന്റെ കളിക്കളങ്ങള്‍ കടന്ന്, 1934ല്‍ ലിയോണിഡാസ് അത് ലോകകപ്പില്‍ അവതരിപ്പിച്ചപ്പോള്‍ അന്തംവിട്ട അന്നത്തെ റഫറി ചിന്താക്കുഴപ്പത്തിലായത്രേ. ഇത്തരമൊരു ഷോട്ട് ഫുട്ബോളില്‍ അനുവദനീയമാണോ എന്ന് സംശയം. ഗോള്‍ അനുവദിക്കാമോ എന്നും ആശങ്ക. ലോക ശ്രദ്ധ നേടിയ ആ കിക്കിന് പിന്നെ പെലെ അടക്കമുള്ള മഹാരഥന്മാര് പുതിയ മാനം നല്കി. ഇന്ത്യയില്‍ ഐ എം വിജയന് ഇതിന് സമര്‍ത്ഥനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: