കൊച്ചി : എറണാകുളം പനമ്പള്ളി നഗറിലെ കാനയില്‍ വീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണ്. നഗരത്തിലൂടെ കുട്ടികള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഓടയില്‍ വീണ് കുട്ടിക്ക് സാരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോടതി.
നഗരത്തിലെ ഓടകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും കനത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കോര്‍പ്പറേഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് കോടതി ഇക്കാര്യം അറിയിച്ചത്. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സെക്രട്ടറിയാണ് കോടതിയില്‍ ഹാജരായത്. ഓടകള്‍ തുറന്നിടുന്നത് ശരിയാണോയെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ടിയാണ് നേരിട്ട് വിളിപ്പച്ചതെന്നും കോടതി പറഞ്ഞു.
പൊതുനിരത്തുകള്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമല്ല. കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ഓടയില്‍ വീണ കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. കാന തുറന്നുകിടക്കുന്ന അവിടെ ഒരു ബാരിക്കേഡ് എങ്കിലും സ്ഥാപിക്കാമായിരുന്നെന്നും കോടതി കോര്‍പ്പറേഷനോട് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമോയെന്ന് ഉറപ്പുണ്ടോയെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുത്. ഫുട്പാത്തിന്റെയും കാനകളുടെയും ഉത്തരവാദിത്വം നഗരസഭയ്‌ക്കാണെന്നും ഇനി ഇത്തരം അപകടം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചയ്‌ക്കകം കാനകള്‍ മൂടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സെക്രട്ടറി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. കാനകള്‍ മൂടുന്നതിന് കളക്ടറുടെ മേല്‍നോട്ടം വേണമെന്നും കോടതി പറഞ്ഞു.
കാനകള്‍ വൃത്തിയാക്കിയതിന് ശേഷം മൂടാതെ കിടക്കുന്നതിനെതിരെ കോടതി ഇതിന് മുമ്പും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളതാണ്. നഗരത്തിലെ മൂടിയിട്ടില്ലാത്ത കാനകളെക്കുറിച്ച് പഠിക്കുന്നതിന് ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയാണ് കുട്ടി വീണ സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അപകടത്തിന്റെ വിശദാംശം തേടിയ കോടതി ഉച്ചയ്‌ക്കു വിഷയം പരിഗണിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അമ്മയ്‌ക്കൊപ്പം നടന്നു പോകുമ്പോഴാണ്പനമ്പള്ളി നഗറിലെ കാനയിലേയ്‌ക്കു കുട്ടി വീണത്. അമ്മയുടെ സമയോചിതമായ ഇടപെട്ടതോടെ വന്‍ ദുരന്തം ഒഴിവായി. ഒഴുക്കുള്ള കാനയിലൂടെ കുട്ടി ഒഴുകിപ്പോകാനുള്ള സാധ്യയുണ്ടെന്ന് മനസ്സിലാക്കിയ അമ്മ കാലുകൊണ്ട് കുഞ്ഞിനെ തടഞ്ഞു നിര്‍ത്തിയശേഷം ബഹളം വെച്ച് ആളുകളെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടനെത്തി കുട്ടിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഐസിയുവില്‍ ആയിരുന്നെങ്കിലും ആരോഗ്യനിലയിപ്പോള്‍ തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: