ഷാര്‍ജ : ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ നേഹ ഖയാലിന്റെ ‘സംഗീത് ബഹാറും’ , ‘രാഗ് ബഹാറും’ പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറില്‍ നിന്ന് ഗായകന്‍ വി.ടി. മുരളി ‘സംഗീത് ബഹാര്‍’ ഏറ്റുവാങ്ങി, ഗീത മോഹനില്‍ നിന്ന് ഗായകന്‍ പ്രണവം മധു ആണ് ‘രാഗ് ബഹാര്‍’ ഏറ്റു വാങ്ങിയുമാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
യുഎഇ റേഡിയോ ആദ്യ മലയാള ശബ്ദം കെപികെ വെങ്ങര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വെ.എ. റഹിം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍, എഴുത്തുകാരന്‍ പി.ടി. അനില്‍കുമാര്‍, സംവിധായകന്‍ ഡോ. ഷമിര്‍ ഒറ്റത്തൈക്കല്‍ എന്നിവര്‍ സംസാരിച്ചു.
പണ്ഡിറ്റ് രമേശ് നാരായണ്‍, പത്മശ്രീ സോമഘോഷ്, സുപ്രിയോ ദത്ത്, അപ്പച്ചന്‍ മാത്യു, കാവാലം ശശികുമാര്‍ എന്നിവരാണ് ഗ്രന്ഥത്തിന് ആശംസകളെഴുതിയിരിക്കുന്നത്. സംഗീത് ബഹാര്‍ എന്ന ഗ്രന്ഥത്തില്‍ ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങള്‍, ഘരാനകള്‍ സംഗീതജ്ഞര്‍, സംഗീതോപകരണങ്ങള്‍, ഗായക ഗുണ അപഗുണങ്ങള്‍, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗ്രന്ഥത്തില്‍ ഗംഭീരമായി വിശദീകരിച്ചിരിച്ചിട്ടുണ്ട്. രാഗ് ബഹാര്‍ എന്ന ഗ്രന്ഥത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ 10 ഥാട്ടുകളിലായുള്ള പ്രശസ്തവും അപ്രശ്തസവും ആയ 300 രാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീത് വിശാരദ്, സംഗീത് രത്നാകര്‍, രാഗ് പരിച്ച്, ചായ് രാഗ് കോശ്, ശ്രുതി വിലാസ്, രാഗ് തുടങ്ങി ഹിന്ദി ഗ്രന്ഥങ്ങളിലൂടെ ആയിരുന്നു നേഹയുടെ സംഗീത സപര്യ.
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മുപ്പത്തിയാറ് മണിക്കൂര്‍ നിണ്ട ലിംകാ ബുക്കില്‍ ഇടം നേടിയ പണ്ഡിറ്റ് രമേശ് നാരായണ്‍ അവതരിപ്പിച്ച പൂനെ സംഗീതക്കച്ചേരിയിലും, യുഎസിലുമായാണ് നേഹ ഖയാലിന്റെ ഗീതികളുടെയും ഖയാലിന്റെയും ആലാപനങ്ങള്‍ നടന്നിട്ടുള്ളത്. എട്ട് പാട്ടുകളുടെ രചനയോടെ സാരംഗിയായ് എന്ന സംഗീത ആല്‍ബം നിര്‍മിച്ചുകൊണ്ടായിരുന്നു നേഹയുടെ തുടക്കം. അതിലൂടെ മലയാള സിനിമാ രംഗത്തേയ്‌ക്കും എത്തുകയായിരുന്നു. അന്‍വര്‍ സാദത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് ആദ്യഗാനങ്ങള്‍ ആലപിച്ചത്.
ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച നേഹയുടെ ഗ്രന്ഥങ്ങള്‍ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കേരളത്തില്‍ വച്ച് പുസ്തകത്തെ ഔദ്യോഗികമായി പ്രകാശനം ചെയ്തത് ഗായിക ചിത്രയാണ്. ഇംഗ്ലീഷ് ഹ്രസ്വ സിനിമയാണ് ആദ്യ സംവിധാനം.കമലാസനനന്‍ ഷീലാദേവിയുടെ രണ്ടാമത്തെ മകളാണ് നേഹ. ആലപ്പി ശ്രിധരന്‍ ഭാഗവതര്‍ ആണ് വല്യച്ചന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: