കോട്ടയം നീറിക്കാട് യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് കലാലോകത്തിന്റെ വിശാലമായ വിസ്മയത്തിലേക്ക് പിച്ചവെച്ച കോട്ടയം രമേശെന്ന അതുല്യ അഭിനയ പ്രതിഭ ഇന്ന് കലാകേരളത്തിന്റെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.
വാഴൂര്‍ എസ്വിആര്‍വി എന്‍എസ്എസ് ഹൈസ്കൂളില്‍ നിന്നും പത്താം ക്ലാസിലെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ അതിപ്രശസ്തമായ കലാനിലയം സ്ഥിരം നാടക വേദിയിലേക്ക് ചേക്കേറി. 1980ല്‍ കലാനിലയം കൃഷ്ണന് നായര്‍ അന്തരിച്ചു. തര്‍ക്കവും കേസും കാരണം കലാനിലയം സ്ഥിരം നാടകവേദി നിര്‍ത്തിവെച്ചു. പിന്നീട് സിനിമാ മോഹവുമായി മദ്രാസിന് വണ്ടികയറി. മേക്കപ്പ്മാന് കരിമം മോഹനന്, സംവിധായകന് തുളസീദാസ്, സംവിധായകന് രാജസേനന്റെ സഹോദരനും ക്യാമറാമാനുമായ ജയചന്ദ്രന് എന്നിവരോടൊപ്പമായിരുന്നു താമസം. അതിനിടെ 1975ല്‍ കലാനിലയം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത താലപ്പൊലി എന്ന സിനിമയില്‍ അഭിനയിച്ചു. എറണാകുളം പരമാര ദേവീക്ഷേത്രത്തിലായിരുന്നു ഷൂട്ടിങ്. 1989ല്‍ ചില്ലുകൊട്ടാരം എന്ന സിനിമയിലും ബാലചന്ദ്രമേനോന്റെ സിനിമയായ ഞങ്ങളുടെ കൊച്ചുഡോക്ടറില്‍ സുകുമാരനോടൊപ്പവും അഭിനയിച്ചു.
കൈയിലെ പണം തീരുമ്പോള്‍ മദ്രാസില്‍ നിന്നും വല്ലവിധേനയും നാട്ടിലെത്തും. എങ്ങനെയെങ്കിലും കുറച്ചു പണം സ്വരുകൂട്ടി വീണ്ടും മദ്രാസിന് വണ്ടികയറും. ഇതിനിടയില്‍ വിവാഹതനായി. കുട്ടികളുമായി. സ്ഥിരവരുമാനമില്ലാതെ പിടിച്ചുനില്ക്കാന് കഴിയാതെ വന്നു. അതോടെ പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. അന്നത്തെ മികച്ച നാടക സമിതിയായ കോട്ടയം നാഷണല്‍ തീയേറ്റേഴ്സില്‍ ചേര്‍ന്നു. ഉത്സവ പറമ്പുകളിലും സമ്മേളനങ്ങളിലും നാട്ടിന് പുറങ്ങളിലെ ചെറിയ ആഘോഷത്തിലുമൊക്കെ നാടകം അഭിഭാജ്യ ഘടകമായിരുന്നു. വ്യത്യസ്തമായ അനേകം വേഷങ്ങള്‍ ചെയ്തു.
നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ നാടക ജീവിതത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും തന്റെ അഭിനയപാടവം പുറത്തെടുത്തു. കേരളത്തിലെ മികച്ച 25 ഓളം നാടക സമിതികളിലായി 15,000 വേദികളില്‍ വേഷമിട്ടു. പ്രശസ്തരായ അനവധി നാടക കലാകാരന്മാരോടൊപ്പം പ്രധാന വേഷമിട്ടു. നാല് തവണ നാടകവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കോട്ടയം രമേശ് എന്ന കലാകാരനെ നാടകത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തവിധം നാടക പ്രേമികളുടെ മനസില്‍ അടയാളപ്പെടുത്തി.
1999, 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സാങ്കേതിക കാരണം മൂലം ലഭിച്ചില്ല. അവസാന നിമിഷമാണ് പുരസ്കാരം നഷ്ടപ്പെട്ടത്. ആരുടെയും മനം മയക്കുന്ന അഭ്രപാളിയില്‍ എത്തിയതോടെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന പൃഥിരാജ് സിനിമയിലെ ഡ്രൈവര്‍ കുമാരന് എന്ന കഥാപാത്രം കോട്ടയം രമേശിനെ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം ഉറപ്പിച്ചു. ഒമ്പതോളം സിനിമയില്‍ അഭിനയിച്ചു. ജാസ്വര്‍ എന്ന തമിഴ് സിനിമയിലും വേഷമിട്ടു. കെജിഎഫ് 2 അടക്കം 50 ലേറെ തമിഴ്, കന്നട, തെലുങ്ക് സിനിമ ഡബ്ബിങ് ചെയ്തു. സിനിമയുടെ വിശാലമായ ലോകത്ത് പതുക്കെ ശ്രദ്ധേയനാകുന്ന ഈ കലാകാരന് അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ചുരുക്കം ചില കലാകാരന്മാരില് ഒരാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: