മെല്ബെണ്: ഇന്ത്യന് താരം വിരാട് കോഹ്ലിക്കെതിരേ ‘വ്യാജ ഫീല്ഡിംഗ്’ ആരോപണം ഉന്നയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്ബാറ്റര് നൂറുല് ഹസന്. വിരാട് കോഹ്ലിയുടെ വ്യാജ ത്രോ അമ്പയര്മാരുടെ ശ്രദ്ധയില്പ്പെടാതെ പോയതിനാല് ഇന്ത്യക്കെതിരായ സുപ്രധാന മത്സരത്തില് തന്റെ ടീമിന് അഞ്ച് സുപ്രധാന പെനാല്റ്റി റണ്സ് നഷ്ടമായെന്നും ഹസന് പറഞ്ഞു. മഴയെ തുടര്ന്ന് 16 ഓവറില് 151 റണ്സ് എന്ന പുതുക്കിയ വിജയലക്ഷ്യം കാണാതെ ബംഗ്ലാദേശ് അഞ്ച് റണ്സിനു തന്നെയാണ് തോറ്റത്. തോല്വി അംഗീകരിച്ച് ക്യാപ്റ്റന് ഷാക്കിബ് അല് ഹസന് രംഗത്തെത്തിയപ്പോള് അവസാന ഓവറില് അര്ഷ്ദീപ് സിങ്ങിന്റെ പന്തില് ഒരു സിക്സും ബൗണ്ടറിയും പറത്തി ബംഗ്ലാദേശിനെ കളിയില് തിരികെ എത്തിച്ച കളിക്കാരാനായിരുന്നു നൂറുല്.
മഴയ്ക്കു ശേഷം കളി പുനരാരംഭിക്കുമ്പോള് നനഞ്ഞ ഔട്ട്ഫീല്ഡ് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. പക്ഷേ ഞങ്ങള്ക്ക് അഞ്ച് റണ്സ് ലഭിക്കുമായിരുന്ന ഒരു വ്യാജ ത്രോയും ഉണ്ടായിരുന്നു. അമ്പയര്മാരായ ക്രിസ് ബ്രൗണും മറെയ്സ് ഇറാസ്മസും സംഭവത്തെ അവഗണിച്ചുവെുന്നും ഹസന് ആരോപിച്ചു.
ഏഴാം ഓവറിലായിരുന്നു നൂറുല് പറഞ്ഞ സംഭവം. ബൗണ്ടറിയില് നിന്ന് അര്ഷ്ദീപ് പന്ത് ഫീല്ഡ് ചെയ്ത് ബൗളര്ക്കു നേരേ എറിഞ്ഞു. എന്നാല്, ഇരുവര്ക്കും മധ്യേ നിന്നിരുന്ന കോഹ്ലി പന്ത് തന്റെ കൈയില് ലഭിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില് ബാറ്റിങ് എന്ഡിലേക്ക് ത്രോ ചെയ്യുന്നതായി ആക്ഷന് കാണിച്ചു. ബാറ്റര്മാരായ ലിറ്റണ് ദാസും നജ്മുല് ഹൊസൈന് ഷാന്റോയും കോഹ്ലിയെ ശ്രദ്ധിച്ച പോലുമുണ്ടായിരുന്നില്ല.
ഐസിസി പ്ലേയിംഗ് റൂള് പ്രകാരം ബാറ്റ്സ്മാന്മാരെ മനപ്പൂര്വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ വഞ്ചനയിലൂടെ ബാറ്റര്ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല് ഡെഡ് ബോള് വിളിക്കുകയും അഞ്ച് പെനാല്റ്റി റണ്ണുകള് നല്കുകയും ചെയ്യാം. കോഹ്ലി വ്യാജ ഫീല്ഡിംഗാണെന്ന് നൂറുല് ആരോപിച്ചെങ്കിലും ബാറ്റര്മാരായ ഷാന്റോയോ ലിറ്റണോ കോഹ്ലിയെ നോക്കിയിരുന്നില്ല, അതിനാല് അവരുടെ ശ്രദ്ധ തിരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ക്രിക്കറ്റ് വിദഗ്ധര് പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: