കോഴിക്കോട്: സ്വത്വം നഷ്ടപ്പെടാതിരിക്കാന്‍ മാതൃഭാഷയെ ചേര്‍ത്ത് പിടിക്കണമെന്ന് പ്രബുദ്ധകേരളം മാസിക മുഖ്യ പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ. ഭാഷയെ ഇല്ലാതാക്കിയാല്‍ ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയും. ഇക്കാര്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ഇതിനുള്ള ശ്രമങ്ങള്‍ എല്ലായിടത്തും നടത്തി. എന്നാല്‍ ഭാരതത്തില്‍ അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ മാതൃഭാഷയുമായുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധമാണതിന് കാരണം.
മറിച്ച് നാം ഇംഗ്ലീഷില്‍ നിന്ന് പലതും നേടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കേസരി പ്രചാര പ്രവര്‍ത്തനങ്ങളും സെമിനാറും കോഴിക്കോട് കേസരിഭവന്‍ പരമേശ്വരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗോളീകരണം ഒരു മിഥ്യയാണ്. വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് പോയവര്‍ക്ക് മാത്രമേ നാം ഒന്നാണെന്ന് പറയാന്‍ കഴിയുകയുള്ളൂ. വിവേകാനന്ദനും രമണമഹര്‍ഷിയും ശാരദാദേവിയും ശ്രീനാരായണ ഗുരുവുമെല്ലാം ഇക്കാര്യം ലോകത്തിന് ബോധ്യപ്പെടുത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി നന്ദാത്മജാനന്ദയില്‍ നിന്ന് റിട്ട. ജില്ലാ ജഡ്ജി പി.എന്‍. ശാന്തകുമാരി കേസരി വാരികയുടെ ആദ്യ രസീത് ഏറ്റുവാങ്ങി. കര്‍ണാടക സംഗീതജ്ഞ സുധ രഞ്ജിത്ത്, ദ്യുതി നൃത്തവിദ്യാലയം ഡയറക്ടര്‍ ഗായത്രി മധുസൂദനന് എന്നിവരും രസീത് സ്വീകരിച്ചു. കേസരിയുടെ 71-മത് വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ 71 പ്രമുഖര്‍ പരിപാടിയില്‍ കേസരി വരിക്കാരായി ചേര്‍ന്നു.
ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധു, ഭാഷാശാസ്ത്ര വിദഗ്ധന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്, തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റഷീദ് പാനൂര്‍, കേസരി ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: