ചങ്ങനാശ്ശേരി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപഘോഷയാത്ര നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് തുല്യമാണെന്നും, ഈ വേര്‍തിരിക്കല്‍ സമുദായാംഗങ്ങള്‍ മനസ്സിലാക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് പതാകദിനാചരണത്തില്‍ മന്നം സമാധിയില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാമം ജപിച്ചതിന് ജാമ്യമില്ലാവകുപ്പുകളില്‍ കേസ് എടുക്കുമ്പോള്‍ കൊലപാതകമടക്കം നടത്തിയിട്ടുള്ളവര്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നാമജപഘോഷയാത്ര നടത്തിയവരെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്.
കേസുകള്‍ പിന്‍വലിക്കുമെന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടേത്. ഇത് നമ്മള് മനസ്സിലാക്കണം. ഈ സാഹചര്യത്തില്‍ സമുദായംഗങ്ങള്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണം. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ എന്‍എസ്എസിന് താല്പര്യമില്ല. സമുദായാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംഘടനയുടെ ബാദ്ധ്യതയാണ്. അതിന് വേണ്ടുന്ന തീരുമാനങ്ങള്‍ നേതൃത്വം കൈക്കൊള്ളും.
മറ്റു സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ സംഘടനയ്ക്ക് കഴിയില്ല. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: