ന്യൂദല്‍ഹി: ഐടി ചട്ടഭേദഗതി സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ഇന്റര്‍നെറ്റ് ഉപയോഗം രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്ര ഐടി ആന്റ് ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഐടി ചട്ടഭേദഗതിയെക്കുറിച്ച് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 80 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ 120 കോടിയാകും.
ഭേദഗതിപ്രകാരം എല്ലാവര്ക്കും വിശ്വാസ്യവും നീതിയുക്തവുമായ ഇന്റര്‍നെറ്റും ഇടനിലക്കാരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. ഇടനിലക്കാരെ ഉപഭോക്താക്കളോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നു. വ്യാജ വാര്‍ത്തകള്‍ക്കും ഓണ്‍ലൈന്‍ വാതുവയ്പ്പുകള്‍ക്കും തടയിടുന്നു. പോസ്റ്റിലെ ഉള്ളടക്കം അശ്ലീലം, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, വിദ്വേഷപ്രസംഗം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവ, രാജ്യത്തിന്റെ ഐക്യം, സമഗ്രത, പരമാധികാരം എന്നിവയെ ചോദ്യംചെയ്യപ്പെടുന്നതോ അല്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇടനിലക്കാരനുണ്ട്. പോസ്റ്റ് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥന പരാതിയില്‍ ഉണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണമെന്നും ഉറപ്പാക്കുന്നു.
ഇന്ത്യന്‍ പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളെ ചോദ്യം ചെയ്യാനോ ലംഘിക്കാനോ ഒരു സാമൂഹ്യ മാധ്യമത്തിനും അവകാശമില്ല. ഭരണഘടനയെ മാനിച്ചായിരിക്കണം അവരുടെ പ്രവര്‍ത്തനം. സാമൂഹ്യമാധ്യമ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് മുകളിലല്ല. ഇടനിലക്കാര്‍ ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകളും ഇന്ത്യന്‍ നിയമങ്ങളും പാലിക്കണമെന്നത് നിര്‍ബന്ധമാണ്.
സാമൂഹ്യമാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റി എന്ന പേരിലുള്ള സമിതി മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും. കമ്മിറ്റിയുടെ ഘടനയും അതിന്റെ അധികാരങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ഏതെങ്കിലും കമ്പനികളെ ലക്ഷ്യംവെച്ചല്ല ഭേദഗതി. ഭേദഗതി സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കാന്‍ വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉള്ളടക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മറ്റിക്ക് സ്വമേധയാ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം നിലവില്‍ നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: