കണ്ണൂര്‍: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കലുഷിതമാക്കിയതിന് പൂര്‍ണ ഉത്തരവാദികള്‍ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിസിമാരും സിപിഎം നേതാക്കളുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഏഴാം ശമ്പളകമ്മീഷന് കോളജ് അധ്യാപകരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചിരുന്നു.
ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ 750 കോടി രൂപ നല്‍കാനും കേന്ദ്രം തീരുമാനിച്ചു. എന്നാല്‍ ഈ തുക കേരളത്തിന് ലഭിക്കാതിരുന്നതിന് കാരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണ്. ഇതില്‍ കേന്ദ്രത്തിന് നല്കിയ ശിപാര്‍ശ പൂര്‍ണതയില്ലാത്തതാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. സമഗ്ര അന്വേഷണം നടത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ മാത്രമാണ് നിയമിക്കുന്നത്. താല്‍ക്കാലിക നിയമനം നടത്തുമ്പോള്‍ കാര്യക്ഷമത കുറയുന്നുവെന്ന് കമ്മിഷന് കണ്ടെത്തിയിട്ടുണ്ട്. 70 ശതമാനം കോളജുകളിലും പ്രിന്‍സിപ്പാള്‍മാരില്ല. സ്ഥിര നിയമനം നടത്താത്തത് സിപിഎമ്മുകാരെ നിശ്ചയിക്കാനാണെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, സംസ്ഥാനസമിതിയംഗം അഡ്വ. ശ്രീധരപ്പൊതുവാള് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: