തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നില്‍ ശ്രീലങ്കയിലെ കൊളംബോ തുറമുഖം നിയന്ത്രിക്കുന്ന ചൈനീസ് ലോബി. . സമരസമിതി നേതാവും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും നേതൃത്വത്തിലുള്ള സംഘടനകള്‍ വഴിയും പണമിടപാടെന്നും ആരോപണം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. സമരപ്പന്തലിൽ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സംശയമുള്ളവരുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നത്.
എ ജെ വിജയന്‍ നേതൃത്വം നല്‍കുന്ന കോസ്റ്റല്‍ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിന് ഇരുത്താന്‍ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
2017 മുതല്‍ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്.
ചൈനീസ് സംഘം കൊളംബോയിലെ പള്ളികളിലാണ് പണം ഏല്‍പിക്കുന്നത്. ആ പണം ദുബായ്‌യില്‍ എത്തിക്കും. അവിടെ നിന്നും ലത്തീന്‍ അതിരൂപതാ വിശ്വാസികള്‍ വഴി സമരസമിതിക്ക് കൈമാറുന്നു. ദുബായ്‌യിയില്‍ നിന്നും വിശ്വാസികള്‍ വഴി വന്‍തുക സമരസമിതിക്ക് കൈമാറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടണ്ട്.
ആന്റണി രാജുവിന്റെ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ കോടികളെത്തി എന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ കോസ്റ്റല്‍ വാച്ച് എന്ന സംഘടനയുടെ പ്രവര്‍ത്തനവും ദുരൂഹമാണ്. ഏലിയാമ്മ വിജയന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വഞ്ചിയൂര്‍ കോണ്‍വെന്റ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന സന്നദ്ധ സംഘടനയുടെ പേരിലും വിദേശത്ത് നിന്ന് പണമെത്തിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നില്‍ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ തീരദേശ സംരക്ഷണ സമരത്തില്‍ സ്‌പെയിനിലെ സിസിറ്റേഴ്‌സ് ഹോസ്പിറ്റലേഴ്‌സ് എന്ന സ്ഥാപനത്തിലെ സന്നദ്ധ പ്രവര്‍ത്തകയായ എലിസ യുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മറവിലാണ് ഇവര്‍ വന്നത്. ഇതും ദുരൂഹമാണ്.
തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ നൽകിയ ചിലർക്ക് വിദേശ ഫണ്ട് ലഭിച്ചിരുന്നതായി ഐ.ബി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ മോഡലാണ് ഇവിടെയും . സമരസമിതിയുടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന് വാശി പിടിക്കുന്നതും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: