ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ 75,000 കിലോഗ്രാം മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) നശിപ്പിക്കും. ഗുജറാത്ത് സർക്കാർ പിടിച്ചെടുത്ത മയക്കുമരുന്നാണ് നശിപ്പിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇന്ന് വൈകുന്നേരമാണ് ലഹരിമരുന്ന് നശിപ്പിക്കുന്നത്.
ഗാന്ധിനഗറില്‍ മയക്കുമരുന്ന് കടത്തും രാജ്യസുരക്ഷയും സംബന്ധിച്ച യോഗത്തിന് ശേഷമാവും 632.68 കോടി രൂപ വിലമതിക്കുന്ന 12,438.96 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുന്നത്. യോഗത്തിൽ അമിത് ഷായ്ക്ക് പുറമേ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യവാര്‍ഷികത്തോടനുബന്ധിച്ച് 75 ദിവസത്തിനുള്ളില്‍ 75,000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി നശിപ്പിക്കാന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ തോതിലാണ് റെയ്ഡ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്. ഈ വര്‍ഷം ജൂലായില്‍ ചണ്ഡീഗഡില്‍ 31,000 കിലോയിലധികം മയക്കുമരുന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്പില് വച്ച് നശിപ്പിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ച മുന്‍പ് ഷായുടെ സാന്നിദ്ധ്യത്തില്‍ ആസാമിലെ ഗുവാഹത്തിയില്‍ 40,000 കിലോഗ്രാം മയക്കുമരുന്നും എന്‍സിബി നശിപ്പിച്ചിരുന്നു.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് തങ്ങളുടെ പദ്ധതി കേവലം 60 ദിവസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞു. 75,000 കിലോഗ്രാമിന്റെ സ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളില്‍ മയക്കുമരുന്നാണ് നശിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: