കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ കാഴ്ച്ചപരിമിതര്‍ക്കുള്ള മൂന്നാമത് ട്വന്റി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതല്‍ 17 വരെ വിവിധ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഡിസംബര്‍ 11ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കൊച്ചിയില്‍ നടക്കും. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടിലാണ് മത്സരം.
കാഴ്ച്ചപരിമിതരുടെ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് യുവരാജ് സിങ് പറഞ്ഞു. ഈ കളിക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെയും പൊരുതാനുള്ള നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നു. വ്യത്യസ്തമായ ലോകമാണവരുടേത്, എന്നാലത് ക്രിക്കറ്റിന്റെ ലോകമാണ്. ക്രിക്കറ്റിന് അതിരുകളില്ല. ഈ ഗെയിമാണ് തന്നെ പൊരുതാന്‍ പഠിപ്പിച്ചത്. അതിനാല്‍ ഈ ഉദ്യമത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും യുവരാജ് സിങ് പറഞ്ഞു.
ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഫരീദാബാദില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യയും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം. ആന്ധ്രപ്രദേശില്‍ നിന്നുള്ള അജയ് കുമാര്‍ റെഡ്ഡി ക്യാപ്റ്റനും വെങ്കിടേശ്വര റാവു ദുണ്ണ വൈസ് ക്യാപ്റ്റനുമായി 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സമര്ത്ഥന് ട്രസ്റ്റ് ഫോര്‍ ദി ഡിസേബിള്‍ഡാണ് 2012 മുതല്‍ ഈ ലോകകപ്പിന്റെ സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: