തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ പിണറായി വിജയൻ സർക്കാർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. സ്ത്രീപീഡനവകുപ്പ് ചുമത്തി മുന്നോട്ടുപോകേണ്ട ആരോപണങ്ങളിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ആരോപണവിധേയർക്ക് എതിരായ തെളിവുകൾ പരാതിക്കാരിയുടെ പക്കൽ നിന്ന് ശേഖരിക്കണം. സംസ്ഥാന മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഹൈജാക്ക് ചെയ്യാനാകില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.
സൈനികനെ ആക്രമിച്ചതിലൂടെ കേരളം എങ്ങോട്ടെന്ന് ജനം വിലയിരുത്തട്ടെയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. സിപിഎമ്മുകാർക്കൊപ്പം നിൽക്കുന്ന പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാരിനുള്ളത്. പൊലീസിനെ സിപിഎം ജില്ലാ സെക്രട്ടറിമാർ നിശ്ചയിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. പിണറായി വിജയന്റെ ആറുവർഷഭരണക്കാലം സംസ്ഥാനത്തെ എങ്ങോട്ടാണ് നടത്തുന്നുവെന്നത് ജനം മനസിലാക്കി കഴിഞ്ഞുവെന്നും വി.മുരളീധരൻ പറഞ്ഞു.
സർവകലശാലകളിൽ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെ ബന്ധുക്കളേയും തിരുകിക്കയറ്റാനുള്ള നീക്കത്തിന് എതിരെയാണ് ഗവർണറുടെ പോരാട്ടം. കേരളത്തിലെ സർവകലാശാലകളിൽ കമ്യൂണിസ്റ്റവത്കരണമാണ് നടക്കുന്നത്. വിരട്ടി ഗവർണറെ നിലക്ക് നിർത്താമെന്നത് നടക്കില്ല. യുജിസി ചട്ടം പാലിച്ച് മാത്രം നിയമനം മതിയെന്ന സുപ്രീംകോടതി വിധി മുഖ്യമന്ത്രി വായിച്ചുപഠിക്കട്ടെയെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: