പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കാന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണല്‍ ഫയര്‍ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. പാലക്കാട് ഫയര്‍ ഓഫീസിലേക്കാണ് തിരിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ എറണാകുളം ജില്ലാ ഫയര്‍ ഓഫീസറായ എ.എസ്. ജോഗിയെ നേരത്തെ സര്‍വ്വീസിലേയ്ക്ക് തിരിച്ചെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഷിജുവിനേയും തിരിച്ചെടുത്തത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ സംഭവത്തില്‍ പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാറിനെ സിവില്‍ ഡിഫന്‍സ് റീജണല്‍ ഫയര്‍ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 30-ന് ആലുവ ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് പരീശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്കിയ റെസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. ഇത് വിവാദമാവുകയും തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയത് ചട്ടലംഘനമാണെന്നും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിടുകയായിരുന്നു.
എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയര്‍മാന്മാര്‍ക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ഫോഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇതോടെ ബി അനിഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് എന്നീ മൂന്ന് റെസ്ക്യു ഓഫീസര്‍മാര്‍ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തിലൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: