അഹമ്മദാബാദ്: ഉത്തര്‍പ്രദേശിനു പിന്നാലെ ഗുജറാത്തിലും വന്‍ നിക്ഷേപവുമായി എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തില്‍ ലുലു മാള്‍ ഉയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കി. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6,000 ആളുകള്‍ക്ക് നേരിട്ടും 15,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ് റാം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ വര്‍ഷം യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഗുജറാത്തില്‍ മുതല്‍മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും സംസ്ഥാന സര്‍ക്കാരും ലുലു ഗ്രൂപ്പ് ഒപ്പ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു തുടക്കം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: